വിജയത്തിന്റെ രഹസ്യം


ഒരിക്കല്‍ സ്‌ഫിനിക്സ് ചോദിച്ചു "എന്താണ് വിജയത്തിന്റെ രഹസ്യം?"

നൈല്‍ നദിയിലൂടെ ഒരു വള്ളത്തില്‍ ഒരാള്‍ തുഴഞ്ഞുപോകുന്നുണ്ടായിരുന്നു, അയാള്‍ പറഞ്ഞു. " ശുഭാപ്തി വിശ്വാസമാണ് വിജയത്തിന്റെ രഹസ്യം. എന്നെ നോക്കൂ പാഞ്ഞൊഴുകുന്ന ഈ നൈല്‍ നദി കടക്കാമെന്ന് ശുഭപ്രതീക്ഷയുള്ളതുകൊണ്ടാണ് എനിക്കീ യാത്ര തുടങ്ങാന്‍ കഴിഞ്ഞത് തന്നെ."

അപ്പോള്‍ ഒരമ്പ് അതിലൂടെ ചീറിക്കടന്നു പോയി. അമ്പ് പറഞ്ഞു" കൃത്യമായ ലക്ഷ്യം, മുന്നില്‍ കണ്ട് അവിടേക്ക് പോകുന്നതാണ് എന്റെ വിജയത്തിന്റെ രഹസ്യം. ലക്ഷ്യമില്ലെങ്കില്‍ എവിടേക്ക് പോകുമെന്നറിയാതെ കുഴങ്ങുകയും എങ്ങുമെത്താതെ പരാജയപ്പെടുകയും ചെയ്യും."

നൈല്‍ നദി പറഞ്ഞു. " വിജയത്തിന് അത്യാവശ്യം നിയന്ത്രണമാണ്., ആത്മനിയന്ത്രണം. രണ്ടു വശത്തുമുള്ള കര വെള്ളം നിയന്ത്രിച്ച് ഒതുക്കി നിര്‍ത്തുന്നത് കൊണ്ടാണ് എനിക്കിത്ര ശക്തിയില്‍ കുതിച്ചു പാഞ്ഞൊഴുകാന്‍ കഴിയുന്നത്. അല്ലെങ്കില്‍ ഞാന്‍ പലവഴി പരന്നൊഴുകി ശക്തിയും കുതിപ്പുമൊക്കെ പോയേനെ."

വള്ളക്കാരന്റെ കൈയിലെ തുഴ പറഞ്ഞു." വിജയത്തിലെത്താന്‍ ഒരു വഴിയേയുള്ളൂ. കഠിനാധ്വാനം. ഈ ചെറിയ വള്ളത്തിന്റെ കാര്യം നോക്കൂ. ഞാന്‍ നിറുത്താതെ തുഴയുന്നത് കൊണ്ടല്ലേ അതിന് മുന്നോട്ട് നീങ്ങാന്‍ കഴിയുന്നത്."

അപ്പോള്‍ സ്ഫിനിക്സ് വീണ്ടും സംസാരിച്ചു," എല്ലാവരും പറഞ്ഞത് ശരിയാണ്. ശുഭാപ്തി വിശ്വാസം, ലക്ഷ്യബോധം, ആത്മനിയന്ത്രണം, കഠിനാധ്വാനം ഇതെല്ലാം ഉണ്ടെങ്കിലേ വിജയത്തിലെത്താന്‍ കഴിയൂ.
(ഏതോ കഥപുസ്തകത്തില്‍ പണ്ടെങ്ങോ വായിച്ചത്)