ഖലീഫ ഹാറൂൺ റഷീദ്‌

ബാഗ്‌ദാദിലെ ഖലീഫ ഹാറൂൺ റഷീദ്‌ യാത്ര കഴിഞ്ഞുവരുമ്പോൾ വഴിയരികിൽ മരിക്കാറായ ഒരു യാചകനെ കണ്ടു. കുതിരപ്പുറത്ത്‌ നിന്നിറങ്ങി ദയാപൂർവ്വം ചോദിച്ചു; 'നിങ്ങൾക്കെവിടെയാ പോകേണ്ടത്‌,ഞാനെന്റെ കുതിരപ്പുറത്ത്‌ നിങ്ങളെ എത്തിച്ചുതരാം'
അയാൾ മെല്ലെ കണ്ണുതുറന്ന് പറഞ്ഞു; 'ഞാനെന്തെങ്കിലും കഴിച്ചിട്ട്‌ എത്രയോ നാളായി,എനിക്ക്‌ എഴുന്നേൽക്കാനേ വയ്യ'
ഹാറൂൺ റഷീദ്‌ അയാളെ മെല്ലെ പിടിച്ചെഴുന്നേൽപ്പിച്ച്‌ കുതിരപ്പുറത്തിരുത്തി. അതാ,കുതിരപ്പുറത്ത്‌ കേറിയതോടെ ആ മനുഷ്യൻ ഉന്മേഷത്തോടെ നിവർന്നിരുന്ന്,ഹാറൂൺ റഷീദിനെ കേറാനനുവദിക്കാതെ കുതിരയെ ഓടിച്ചുപോയി. എന്താണ്‌ സംഭവിക്കുന്നതെന്ന് അറിയാതെ ഹാറൂൺ റഷീദ്‌ സ്‌തംഭിച്ചുനിന്നു.
അഴകേറിയ കുതിരയായിരുന്നു അത്‌. പലരീതിയിൽ അതിനെ സ്വന്തമാക്കാൻ ശ്രമിച്ച ഒമാ എന്നുപേരുള്ള സമ്പന്നനായിരുന്നു അത്‌. അനേകം ഒട്ടകങ്ങളെ കൊടുക്കാമെന്ന് പറഞ്ഞുനോക്കിയിട്ടും ഹാറൂൺ റഷീദ്‌ കുതിരയെ വിൽക്കാൻ തയ്യാറായില്ല. ഒടുവിൽ ചതിയിലൂടെ സ്വന്തമാക്കാനുള്ള അയാളുടെ ശ്രമം വിജയിച്ചിരിക്കുന്നു.
ഹാറൂൺ റഷീദ്‌ അയാളുടെ പിറകെ ഓടി, 'നിൽക്കൂ,കുതിരയെ നിങ്ങളെടുത്തോളൂ,പക്ഷേ എനിക്കൊരു കാര്യം പറയാനുണ്ട്‌' എന്ന് വിളിച്ചുപറഞ്ഞു.
കുറച്ചകലെ എത്തിയപ്പോൾ അയാൾ കുതിരയെ കടിഞ്ഞാണിട്ട്‌ നിർത്തി.
'നീയെന്നെ ചതിക്കുകയായിരുന്നല്ലേ,പക്ഷേ എനിക്കൊരു അപേക്ഷയുണ്ട്‌,അതൊന്ന് കേൾക്കണം'
'ശരി,വേഗം പറയൂ' അയാൾ വിളിച്ചുപറഞ്ഞു.
'ഈ കുതിരയെ നിനക്ക്‌ എങ്ങനെയാണ്‌ കിട്ടിയതെന്ന് ആരോടും പറയരുത്‌.'
'പറഞ്ഞാലെന്താ കുഴപ്പം?'
'നിന്റെ ഈ കുതന്ത്രം പുറത്തായാൽ,അവശനും രോഗിയുമായി സാധുവായൊരാൾ വഴിയിൽക്കിടക്കുന്നത്‌ കണ്ടാൽ അയാളെപ്പിന്നെ ആരും സഹായിക്കില്ല.'

ഭാരം

ഹിമാലയത്തിലേക്ക് യാത്ര പോയ
സന്യാസിയുടെ കഥയുണ്ട്.
കുത്തനെയുള്ള കയറ്റം ഏറെ
പ്രയാസപ്പെട്ട് അദ്ദേഹം കയറിത്തുടങ്ങി.
ആകെ വിയർത്തു, ശ്വാസം തിങ്ങി.
മലനിരകളുടെ മുകളിലെത്തിയപ്പോൾ
ഒരു കാഴ്ച്ച അദ്ദേഹത്തെ വല്ലാതെ പിടിച്ചുലച്ചു.
ഒരു കൊച്ചു പെൺകുട്ടി അവളുടെ കുഞ്ഞനുജനെ തോളിലേറ്റി കയറ്റം കയറുന്നു.
അവളും നന്നേ ക്ഷണിച്ചിട്ടുണ്ട്.
സഹതാപത്തോടെ അവളോട് ചോദിച്ചു:
"മോളേ, എന്തൊരു കയറ്റമാണ് ! ഇത്രയും
ഭാരം തോളിലേറ്റി നടക്കുമ്പോൾ മോൾക്ക്
പിന്നെയും ക്ഷീണം കൂടില്ലേ ?"

അവൾ
സന്യാസിയെ ഒന്ന് നോക്കി. പിന്നെ പറഞ്ഞു.
"ഇത് ഭാരമല്ല, എന്റെ കുഞ്ഞനുജനാണ്."

അതീവ സുന്ദരമായ സ്നേഹ പ്രഖ്യാപനം!
എവിടെ സ്നേഹം തുടിക്കുന്നുവോ, അവിടെ ഭാരങ്ങളില്ല, ക്ഷീണമില്ല, വെയിലും മഴയും മലയും ഒരു പ്രശ്നമേയല്ല.....