കൊടും വനത്തിനുള്ളിലെ ഒരു ഗ്രാമത്തിലായിരുന്നു അയാളും കുടുംബവും താമസിച്ചിരുന്നത്.പുറം ലോകവുമായി ബന്ധമേതുമില്ലാത്തതു കൊണ്ട് ഗ്രാമത്തിലെ ജനങ്ങളൊന്നും കണ്ണാടി കണ്ടിട്ടുണ്ടായിരുന്നില്ല.ഒരു ദിവസം അയാള്‍ക്ക് മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും പഴയൊരു കണ്ണാടി കിട്ടി.കണ്ണാടിയില്‍ നോക്കിയപ്പോള്‍ കണ്ടു പരിചയമുള്ള ഒരു മുഖം.മരണപ്പെട്ടു പോയ തന്റെ പിതാവിനെ പോലിരിക്കുന്നു.തന്റെ നോട്ടത്തിനൊത്തു നോക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്.സംശയമില്ല , പിതാവ് തന്നെ.അയാള്‍ കണ്ണാടിയുമായി വീട്ടിലേക്കു തിരിച്ചു.തുടര്‍ന്നുള്ള പ്രഭാതങ്ങളിലെല്ലാം കണ്ണാടിയെടുത്ത് അയാള്‍ `തന്റെ പിതാവി'നോടു സംസാരിക്കാന്‍ തുടങ്ങി.ദിവസങ്ങള്‍ ഒരുപിടി കഴിഞ്ഞപ്പോള്‍ അയാളുടെ ഭാര്യക്കു പൊറുതികേട് ആരംഭിച്ചു-ആരോടായിരിക്കും ഭര്‍ത്താവ് ദിവസവും സംസാരിക്കുന്നത്..? ഭര്‍ത്താവ് പുറത്തു പോയ തക്കത്തിന് ഒരു ദിവസം കുമാരി കണ്ണാടി കൈക്കലാക്കി.കണ്ണാടിയിലേക്കു നോക്കിയ അവള് അമ്പരന്നു പോയി.ഈ വൃത്തികെട്ട പെണ്ണിനോടാണോ എന്റെ ഭര്‍ത്താവ് ഇത്രയും നാളുകള്‍ ശൃംഗരിച്ചത്..! കുമാരി കണ്ണാടിയുമായി തന്റെ മാതാവിന്റെ അടുക്കലേക്കോടി.പരാതിയുടെ ഭാണ്ഢങ്ങള്‍ ഒന്നൊന്നായി അഴിഞ്ഞു വീണു.കരച്ചിലും തേങ്ങലും മഴ പോലെ പെയ്തു.കണ്ണാടി വാങ്ങി നോക്കിയ ശേഷം മാതാവ് കുമാരിയെ ആശ്വസിപ്പിച്ചു.വിഷമിക്കേണ്ട , ഇതൊരു കോലം കെട്ട തള്ളയല്ലേ ...പടു മുത്തശ്ശി...അടുത്തു തന്നെ മരിച്ചു പോകും..!!