ആത്മ വിശ്വാസം

 

തന്റെ ബിസിനസ് എല്ലാം തകർന്നു കടം കയറി, ഇനി രക്ഷപ്പെടാൻ മാർഗ്ഗങ്ങൾ ഒന്നുമില്ല ഇനി ആത്മഹത്യാ മാത്രമാണ് പോംവഴി എന്ന് കരുതി പാർക്കിലെ ബെഞ്ചിൽ വിഷമിച്ചിരിക്കുകയായിരുന്നു ആ ബിസിനസുകാരൻ ..
ഒരാൾ തൊട്ടടുത്തുവന്നിരുന്നു ചോദിച്ചു, എന്താണ് നിങ്ങളുടെ പ്രശ്നം?
അയാൾ എല്ലാം പറഞ്ഞു.
" ഞാൻ നിങ്ങളെ സഹായിക്കാം, കുറച്ചു പണം കടം തരാം, കൃത്യം ഒരു കൊല്ലം കഴിയുമ്പോൾ ഇതേ സ്ഥലത്തു വെച്ച് ഈ തുക മുഴുവനായി തിരിച്ചു തരണം" എന്നും പറഞ്ഞു അയാൾ ഒരു ചെക്ക് കൊടുത്തു നടന്നു പോയി..
ചെക് കണ്ടതും ബിസിനസ്കാരൻ ഞെട്ടിപ്പോയി, പത്തു മില്യൺ ഡോളറിന്റെ ചെക് അതും ലോകത്തിലെ ഏറ്റവും വലിയ ധനികനായ റോക് ഫെല്ലറുടെത്‌..
അയാൾ ആ ചെക്കുമായി വീട്ടിലേക്കു നടക്കുമ്പോൾ ചിന്തിച്ചു, എന്റെ കടം വീടാൻ ഇതിന്റെ ചെറിയൊരു അംശം മതി, ഈ ചെക്ക് ഇപ്പോൾ മാറേണ്ട. അയാൾ അത് ഭദ്രമായി പേഴ്സിൽ വെച്ചു..
നേരെ പോയത് താൻ കാശ് കൊടുക്കാനുള്ള ആളുകളുടെ അടുത്തേക്കായിരുന്നു..
അയാൾ അവരോടു സംസാരിച്ചു, തന്റെ കമ്പനി വീണ്ടും തുറന്നു പ്രവർത്തിക്കുക ആണെന്നും കാശ് തിരുച്ചു തരാൻ ആറുമാസത്തെ സമയം കൂടി ആവശ്യപ്പെട്ടു.. ബാങ്കിൽ പോയി മുടങ്ങിയ ലോൺ തിരിച്ചടക്കാൻ ആറുമാസത്തെ തവണകൾ ആവശ്യപ്പെട്ടു..
ബിസിനസ് നടന്നില്ലെങ്കിലും ആറുമാസം കഴിഞ്ഞാലും കൊടുക്കാൻ തന്റെ കയ്യിൽ ക്യാഷ് ചെക് ആയി തന്റെ പേഴ്സിൽ ഉണ്ടെന്ന ആത്മവിശ്വാസം അയാളുടെ മുന്നിൽ പുതിയ കുറെ ആശയങ്ങളും ചിന്തകളും ഉണ്ടാക്കി..
പിന്നീട് അയാൾ തന്റെ ഉൽപ്പന്നങ്ങൾ വാങ്ങുന്ന വ്യാപാരികളെ പോയി കണ്ടു, പണം അഡ്വാൻസ് ആയി തന്നാൽ ഉൽപ്പന്നങ്ങൾക്ക് നല്ല ഡിസ്‌കൗണ്ട് ഓഫർ ചെയ്തു കുറച്ചു പണം സ്വരൂപിച്ചു. ഫാക്ടറി വീണ്ടും തുടങ്ങി.. അയാൾ ഉത്സാഹത്തോടെ പണിയെടുത്തു. ആറുമാസം കൊണ്ടു അയാൾ പഴയ സ്ഥിതിയിൽ എത്തി. കടങ്ങൾ എല്ലാം വീടി..
അങ്ങനെ ഒരു കൊല്ലത്തിനു ശേഷം ആ തീയതി വന്നെത്തി.
അയാൾ ആ ചെക്കുമായി പാർക്കിലെ ബെഞ്ചിൽ പോയിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ റോക് ഫെല്ലർ വരുന്നു പുറകെ രണ്ടു സെക്യൂരിറ്റി ഉദ്യോഗസ്ഥരും ഉണ്ട് , അയാളുടെ അടുത്ത് വന്നിരുന്നപ്പോഴേക്കും
സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഫെല്ലറെ പിടിച്ചു എഴുന്നേൽപ്പിച്ചു ..
ബിസിനസ് കാരൻ ചോദിച്ചു, നിങ്ങൾ എന്താണ് ചെയ്യുന്നത്, ഇദ്ദേഹം ആരാണെന്നു അറിയാമോ?
സെക്യൂരിറ്റി പറഞ്ഞു, ക്ഷമിക്കണം സാർ, ഇയാൾ താങ്കൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയോ?
ഇയാൾ ഞങളുടെ ചികിത്സയിൽ ഉള്ള ഒരു മാനസിക രോഗിയാണ്, ലോകത്തിലെ വലിയ ധനികനായ റോക് ഫെല്ലർ ആണെന്നും പറഞ്ഞു കാണുന്നവർക്കെല്ലാം വ്യാജ ചെക്കുകൾ ഒപ്പിട്ടു നൽകും..
സെക്യൂരിറ്റികൾ അയാളേം കൊണ്ടു പോയി..
ഇതും നോക്കി ബിസിനസ്കാരൻ സ്ഥബ്ധനായി നിന്നു..
ആ ചെക്ക് അയാളിൽ ഉണ്ടാക്കിയ ആത്മവിശ്വാസം വലുതായിരുന്നു.
നമ്മുടെ ആത്മ വിശ്വാസം ആണ് നമ്മുടെ മുന്നിൽ അടഞ്ഞ പല വഴികളും തുറന്നു കാണിക്കുന്നത്. നമ്മുടെ കൂടെയുള്ള റിസോർഴ്സുകൾ മാത്രം ഉപയോഗിച്ചാൽ തന്നെ നമുക്ക് വിജയിക്കാൻ കഴിയും..

കുറ്റി (അറബിക്കഥ)

സ്വർഗത്തിൽ നിന്ന് ദൈവത്തോട് പിണങ്ങി ഭൂമിയിലെത്തിയ പിശാച് മക്കളോടൊപ്പം ഭൂമിയിലൊരു സ്ഥലത്ത് നൂറ്റാണ്ടുകളോളം കഴിച്ചു കൂട്ടി. അവിടം മടുത്ത പിശാച് അവിടെ നിന്നും  പോകാൻ കെട്ടിപ്പെറുക്കുന്നതിനിടയിൽ പോവുന്നതിന് മുമ്പായി അവിടെ കണ്ട  കൂടാരം നോക്കി പിറുപിറുത്തു: " അവരെ പിഴപ്പിക്കാതെ ഇവിടന്ന് ഞാൻ പോകത്തില്ല." 
അവനവിടെ കൂടാരത്തിലെത്തിയപ്പോൾ കുറ്റിയിൽ കെട്ടിയിരിക്കുന്ന പശുവിനെയും അതിനെ  കറക്കുന്ന സ്ത്രീയെയും അവരുടെ അടുത്തിരുത്തിയിരിക്കുന്ന കുട്ടിയേയുമാണ് കണ്ടത്. മെല്ലെ മെല്ലെ ചെന്ന് അവൻ കുറ്റിയൂരി.പ്രകോപിതയായ പശു ഭയപ്പെട്ടു , ഓട്ടത്തിനിടയിൽ   പാൽ നിലത്തു  ചിന്തി.  അവരുടെ അരികിൽ ഇരിക്കുകയായിരുന്ന  മോനെ വിരണ്ട പശു കുത്തിവീഴ്ത്തി . ഇത് കണ്ട അമ്മമനസ്സ് വേദനിച്ചു. തൊട്ടടുത്ത് കണ്ട കത്തിയെടുത്ത് ഒരൊറ്റ കുത്ത് . പശു തീർന്നു.
ഇതെല്ലാം കണ്ടാണ് അവരുടെ ഭർത്താവ് വന്നത്. തന്റെ കുഞ്ഞ് കരയുന്നു, പശുവാണെങ്കിൽ ചത്തു കിടക്കുന്നു. പെണ്ണുമ്പുള്ളയുടെ കൈയ്യിൽ ചോരയൊലിക്കുന്ന കത്തിയും ! . കലിപ്പ് അടക്കാൻ കഴിയുന്നില്ല; ഒറ്റ വാക്കിൽ അവളെ മൊഴിചൊല്ലി, സങ്കടം സഹിക്കാതെ ഒരൊറ്റത്തല്ലും .
അപ്പോഴേക്കും അവരുടെ ആളുകൾ വന്നു ഭർത്താവിനെ കൈകാര്യം ചെയ്യാൻ തുടങ്ങി. അപ്പോഴേക്കും
അവന്റെ ആളുകളും വന്നു . പൊരിഞ്ഞ അടി.
എല്ലാം കാണുന്നുണ്ടായിരുന്ന പിശാചിന്റെ മക്കൾ അവനോടായി :
അച്ഛാ , എന്നാ പണിയാ കാണിച്ചേ?
പിശാച് : ഞാനെന്നാ ചെയ്തു?! ചുമ്മാ  ആ കുറ്റി ഒന്നൂരി . എനിക്കൊണ്ട് അതൊക്കെയല്ലേ ചെയ്യാനൊക്കത്തൊള്ളൂ !!

സമ്പാ & വിവ : AH  കൊച്ചി

കുരങ്ങത്തിയും സിംഹവും ( അറബിക്കഥ)

മധുവിധുവിന്റെ ആദ്യ നാളുകളൊന്നിൽ മണവാളൻ മണവാട്ടിയുമായി  മൃഗശാലയിലേക്ക് കറങ്ങാൻ പോയി. മൃഗങ്ങളെ കണ്ട് കണ്ട് കുരങ്ങന്മാരുടെ വിഭാഗത്തിലെത്തി. പലതരം സ്പീഷ്യസുകൾ . കൂട്ടത്തിലൊരു കുരങ്ങ്  ഇണയുമായി സല്ലാപത്തിലേർപ്പെട്ടിരിക്കുന്നത്
കണ്ടു രണ്ടുപേരും കൗതുകത്തോടെ നോക്കി നിന്നു .ഭാര്യ ഭർത്താവിനോട് പറഞ്ഞു:
"എത്ര സന്തോഷകരമായ റൊമാന്റിക് ഭാവമാണല്ലേ ഇവറ്റീങ്ങൾക്ക് , എത്ര സന്തോഷത്തിലാണവർ !! "
 പിന്നെ തൊട്ടടുത്ത സിംഹങ്ങളുടെ ഭാഗത്തേക്കെത്തിയപ്പോൾ ആൺസിംഹം
നിശബ്ദനായി തന്റെ ഇണയിൽ നിന്ന് മാറി പിണങ്ങി ഇരിക്കുന്നത്  കണ്ട ഭാര്യ ഭർത്താവിനോട് പറഞ്ഞു:
"എന്തൊരു ദുരന്ത പ്രണയകഥയാണ് ആ സിംഹങ്ങളുടേത് !ഫുൾ ട്രാജഡിയാണല്ലോ ??!"
അപ്പോൾ ഭർത്താവ് ഭാര്യയോട് പറഞ്ഞു: 
"ഈ കാലിക്കുപ്പി ആ സിംഹത്തിന്റെ നേരെ
എറിയുന്നത് പോലെ കാണിക്കുക , എന്താണ് സംഭവിക്കുന്നത് എന്ന് കാണാം "
മണവാട്ടി അത് എറിയാൻ ഭാവിച്ചപ്പോൾ തന്നെ ആൺ സിംഹം തന്റെ ഇണയെ  പ്രതിരോധിക്കാൻ വേണ്ടി ആക്രോശിക്കുകയും മുരണ്ടു കൊണ്ട് വരികയും ചെയ്തു.
മണവാട്ടി പേടിച്ചു പിന്നാക്കം പോയി.
അപ്പോൾ പുതിയാപ്ല അവളോട് പറഞ്ഞു:
"കുരങ്ങന്മാരുടെ  നേരെ കുപ്പി എറിയുന്ന
പോലെ കാണിക്കുക , എന്താണ് സംഭവിക്കുന്നത് എന്ന് കാണാം "
എറിയാനുള്ള ഭാവം കണ്ടപ്പോഴേക്കും കുരങ്ങത്തി തൊട്ടടുത്ത മരത്തിന്റെ മുകളിലേക്ക് ഓടിച്ചാടിക്കയറി.
കുരങ്ങൻ ധൈര്യ സമേതം അവിടെ തന്നെ നിൽക്കുന്നു.
അപ്പോൾ മണവാട്ടിയോട് കണവൻ പറഞ്ഞതാണ് കഥയുടെ ക്ലൈമാക്സ്:

"ആളുകൾ നിന്റെ മുന്നിൽ കാണിക്കുന്നതിൽ വഞ്ചിതരാകരുത് !! സ്നേഹം വെറും പ്രകടിപ്പിക്കാനുള്ളതല്ല എന്ന സംഗതി ആദ്യമായി പഠിക്കണം.

സമ്പാ & വിവ : AH  കൊച്ചി

പൊളിക്കാൻ ഒരു വിഭാഗം, പണിയാൻ വേറൊന്നും

( അറബി- തുർക്കീ ചരിത്രം)

ഉസ്മാനീ സുൽത്താൻ സുലൈമാൻ ഖാനൂനി അറിവിലും സത്യസന്ധതയിലും വിശ്വസനീയനായ  എഞ്ചിനീയറെ വേണമെന്ന് പരസ്യം നൽകി.
 അർമീനിയൻ വംശജനായ മിഅ്മാർ സിനാൻ എന്ന എഞ്ചിനീയറെയാണ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയത്. തന്റെ രാജ്യത്തെ പുരാതന നിർമ്മിതികളൊന്ന് 
 പൊളിക്കാൻ  അദ്ദേഹത്തെ ചുമതലപ്പെടുത്തി.
പൊളിക്കാൻ തന്നെ അത്യാവശ്യം തുക ചെലവായി.പഴയ കൊട്ടാരം പൊളിക്കാനും അതിന്റെ സ്ഥാനത്ത് പുതിയൊരു കോട്ട  സ്ഥാപിക്കാനും  ...  നിർമ്മാണം പൂർത്തിയാക്കിയ ശേഷം സുൽത്താൻ എഞ്ചിനീയറെ  വിളിപ്പിച്ചു , എന്നിട്ട് ചോദിച്ചു: "നിങ്ങൾ  പൊളിക്കുമ്പോൾ ഏർപ്പെടുത്തിയ  തൊഴിലാളികളെയല്ലല്ലോ പുതിയ 
കോട്ടയുണ്ടാക്കാൻ  ഉപയോഗിച്ചത് ?? അത് സത്യമായും എന്നെ വിസ്മയിപ്പിച്ചു കളഞ്ഞു.
എഞ്ചിനീയറിന്റെ മറുപടിയാണ് മാസ് :
"പൊളിക്കാനുള്ളവന്മാരെ കൊണ്ട് ഉണ്ടാക്കാൻ പറ്റില്ല. എല്ലാത്തിനും വേറെ വേറെ ആളുകളാണ് വേണ്ടത്."

(Disclaimer: ഇത് ചരിത്ര പ്രസിദ്ധമായ സംഭവ കഥയാണ്.പ്രാദേശികമായോ ദേശീയമായോ അന്തർ ദേശീയമായോ വായിക്കരുത്.)

സമ്പാ & വിവ : AH കൊച്ചി

അറബി_ഭാഷാ_രഹസ്യങ്ങൾ

#خال=അമ്മാവൻ / മാമ / മാതുലൻ
#خالة=മേമ / കുഞ്ഞുമ്മ / മാതുലി

 * തുടങ്ങിയവയിലുള്ള “ഖാ” خ എന്ന അക്ഷരമുപയോഗിച്ച് ഉമ്മ /അമ്മയുടെ താവഴിയിലെ ബന്ധങ്ങൾ പറയുന്നതിന്റെ രഹസ്യം എന്താണ് ..?

#عمّ = പിതൃസഹോദരൻ / ചെറിയച്ഛൻ/ ആപ്പ
#عمّة = പിതൃസഹോദരി / അമ്മായി

"ഐൻ" ع അക്ഷരവുമായി പിതാവിന്റെ ഭാഗത്തുനിന്നുള്ള രക്തബന്ധത്തിന്റെ അർഥമെന്താണ് ? ... 

മുത്തച്ഛൻ/വല്ലിപ്പ =#جدّ
മുത്തശ്ശി / വല്ലിമ്മ =#جدّة

"ജീം" ج അക്ഷരത്തിൽ തുടങ്ങുന്നത് എന്താവും?

ഖാ ഖദ്ദിന്റെ (خد) ന്റേതാണ്.കവിളിനെയാണ് ഖദ്ദ് എന്ന് അറബി ഭാഷയിൽ പറയുക. സ്നേഹത്തിന്റെ രൂപകമാണ് എല്ലാ ഭാഷയിലും കവിൾ. ഖാലും ഖാലത്തും സ്നേഹമാണ്, കരുതലാണ്.

ഐൻ ഇർഖി (عرق) ന്റേതാണ്. സിര / ഞരമ്പാണ് ഇർഖ് . രക്തബന്ധത്തിന്റെ രൂപകമാണ് സിര.
അമ്മും അമ്മത്തും രക്തബന്ധത്തിന്റെ ജീവൽ മാതൃകകളാണ്.

ജീം  ജിദ്റാണ് (جِذر). വേരാണ് ജിദ്ർ. വല്ലിപ്പയും വല്ലിമ്മയും നമ്മുടെ വേരുകളാണ്. ഒരിക്കലും പറിച്ചുകളയാൻ കഴിയാത്ത വേരുകൾ .

അക്ഷരങ്ങൾ അർഥങ്ങളാവുന്ന ഈ ചമത്കാര ചിത്രങ്ങൾ മറ്റു ലോകഭാഷകളിലുണ്ടോ എന്നറിയില്ല.

സമ്പാ: ഹഫീദ് നദ്‌വി കൊച്ചി

കോഴിക്കഥ 🐓

ഒളിച്ചും പാത്തും നിന്ന ചെന്നായ തന്ത്രത്തിൽ കൂട്ടിൽ  കയറി; കോഴി ഉച്ചത്തിൽ കൂകി , അതോടെ നായ നിർത്താതെ കുരച്ചു; ഇടയൻ ഉണർന്നു. വീട്ടുകാരുമൊത്തമെഴുന്നേറ്റു, അതിനിടയിൽ ചെന്നായ ഓടിപ്പോയി. പാവം ആട്ടിൻകൂട്ടം രക്ഷപ്പെട്ടു; ഇടയന് സമാധാനമായി, നായയും ശാന്തമായി  കിടന്നുറങ്ങി , ആ കുടുംബത്തിന്  സന്തോഷമായി; കോഴിയെ അറുത്ത് അവരത് ആഘോഷിച്ചു ...

 NB : സത്യം വിളിച്ചു പറയുന്നവരുടെ ഗതിയിതാണ്

(അറബിക്കഥ : സമ്പാ & വിവ ഹഫീദ് കൊച്ചി )

 കപ്പലുകൾ ഏറ്റവും സുരക്ഷിതമായിരിക്കുന്നത് തുറമുഖങ്ങളിലാണ്, പക്ഷേ അതിനല്ല കപ്പലുകൾ നിർമ്മിക്കപ്പെടുന്നത്

സെൽഫ് ഡിസിപ്ലിൻ

ഇന്ന് വായിച്ച നല്ല ഒരു മെസ്സേജ്..

*ഡിസിപ്ലിനും സെൽഫ്‌ ഡിസിപ്ലിനും ഒന്നാണോ...* 

 
ഒരിക്കൽ ഒരു പ്രൊഫസർ തന്റെ *സോഫ്റ്റ്‌ സ്കിൽ* ഡെവലപ്‌മെന്റ്‌ ക്ലാസിന്റെ തുടക്കത്തിൽ പറഞ്ഞു.

ഡിയർ സ്റ്റുഡന്റ്സ്‌, കഴിഞ്ഞ ദിവസം നമ്മൾ പഠിച്ചത്‌ *ഡിസിപ്ലിൻ;* എന്ന വിഷയത്തെക്കുറിച്ചാണ്‌. ഇന്ന് നമ്മൾ പഠിക്കാൻ പോകുന്നത്‌ *സെൽഫ്‌ ഡിസിപ്ലിനെക്കുറിച്ചാണ്‌.*

ഉടനെ ഒരു വിദ്യാർത്ഥി എഴുന്നേറ്റ്‌ നിന്നുകൊണ്ട്‌ ചോദിച്ചു. സർ, ഈ *ഡിസിപ്ലിനും സെൽഫ്‌ ഡിസിപ്ലിനും രണ്ടും രണ്ടാണോ?* ആണെങ്കിൽ എന്താണ്‌ *അവ രണ്ടും തമ്മിലുള്ള വ്യത്യാസം?*

പറയാം. പ്രൊഫസർ പറഞ്ഞു. അതിന്‌ മുമ്പ്‌ ഞാൻ നിങ്ങളോടൊരു *ചോദ്യം ചോദിച്ചോട്ടേ?*

ചോദിച്ചോളൂ സർ.; വിദ്യാർത്ഥികൾ *കാതുകൂർപ്പിച്ചിരുന്നു.*

എന്താണ്‌ *വീടും ജയിലും തമ്മിലുള്ള വ്യത്യാസം?* പ്രൊഫസർ ചോദിച്ചു.

ഒരു ചെറിയ ആലോചനക്ക്‌ ശേഷം വിദ്യാർത്ഥികൾ അവർക്ക്‌ ശരിയെന്ന് തോന്നിയ ആശയങ്ങൾ പങ്കുവെക്കാൻ തുടങ്ങി.

വീട്ടിൽ *സ്വാതന്ത്ര്യമുണ്ടാകും,* ജയിലിൽ *അതുണ്ടാവില്ല.* വീട്ടിൽ നമുക്ക്‌ *വേണ്ടപ്പെട്ടവരെല്ലാം* ഉണ്ടായിരിക്കും, ജയിലിൽ നാം *ഒറ്റക്കായിരിക്കും.* എന്നിങ്ങനെ പല പല ഉത്തരങ്ങൾ ഉയർന്നു വന്നു.

ഇതൊന്നുമല്ല.പ്രൊഫസർ പറഞ്ഞു. കുറച്ചു കൂടി *സ്മാർട്ടായിട്ടുള്ള* ഒരുത്തരമാണ്‌ ഞാൻ പ്രതീക്ഷിക്കുന്നത്‌.

വിദ്യാർത്ഥികൾ പിന്നെയും ആലോചിച്ച ശേഷം പല ഉത്തരങ്ങൾ പറഞ്ഞു. അതിലൊന്നും പക്ഷെ അദ്ദേഹം *തൃപ്തനായില്ല.* ഒടുവിൽ ഒരു പെൺകുട്ടി എഴുന്നേറ്റ്‌ നിന്നു കൊണ്ട്‌ പറഞ്ഞു.

സർ. *ഇതിനുള്ള ഉത്തരം ഞാൻ പറയാം.*

പറഞ്ഞോളൂ;

സർ, നാം അകത്തേക്ക്‌ പ്രവേശിച്ച ശേഷം *നാം തന്നെ വാതിൽ അകത്ത്‌ നിന്ന് പൂട്ടിയാൽ* അത്‌ വീട്‌. പകരം നാം അകത്ത്‌ കയറിയതും *മറ്റൊരാൾ വാതിൽ പുറത്തു നിന്ന് പൂട്ടിയാൽ* അത്‌ ജയിൽ.

*ബ്രില്ലിയന്റ്‌…!!* പ്രൊഫസറും മറ്റു വിദ്യാർത്ഥികളും *നിറഞ്ഞ കരഘോഷങ്ങളോടെ അവളെ അനുമോദിച്ചു.*

ആരവങ്ങൾ കെട്ടടങ്ങിയപ്പോൾ പ്രൊഫസർ പറഞ്ഞു. *ഇതു തന്നെയാണ്‌ ഡിസിപ്ലിനും സെൽഫ്‌ ഡിസിപ്ലിനും തമ്മിലുള്ള വ്യത്യാസവും.*

ഒരു കാര്യം *മറ്റൊരാളുടെ നിർബന്ധം* മൂലമോ സമ്മർദ്ധം മൂലമോ *നാം ചെയ്യാതിരുന്നാൽ അത്‌ ഡിസിപ്ലിൻ.* അതേ കാര്യം *നമുക്ക്‌ സ്വയം തോന്നി നാം അതിൽ നിന്ന് വിട്ടു നിന്നാൽ അതാണ്‌ സെൽഫ്‌ ഡിസിപ്ലിൻ.*

ഉദാഹരണത്തിന്‌, പുകവലി *നിയമപരമായി നിരോധിച്ചതിന്റെ* പേരിൽ നാം പുകവലിക്കാതിരുന്നാൽ *അത്‌ ഡിസിപ്ലിൻ.* അതേ സമയം യാതൊരു നിരോധനമോ നിയന്ത്രണമോ ഇല്ലാതിരിക്കെ *പുകവലിയുടെ ദൂഷ്യവശങ്ങൾ* മനസ്സിലാക്കി *നാം സ്വയം അതിൽ നിന്ന് വിട്ടു നിന്നാൽ അത്‌ സെൽഫ്‌ ഡിസിപ്ലിൻ.*

 *ഡിസിപ്ലിൻ ഒരു തരം നിയന്ത്രണമാണ്‌.* എന്നാൽ *സെൽഫ്‌ ഡിസിപ്ലിനാകട്ടെ പരമമായ സ്വാതന്ത്ര്യവും.*

ഒന്ന് നിർത്തിയ ശേഷം അദ്ദേഹം തുടർന്നു. *നിങ്ങൾ ജീവിതത്തിൽ* ഡിസിപ്ലിൻഡ്‌ ആകുന്നതിനുപകരം *സെൽഫ്‌ ഡിസിപ്ലിൻഡ്‌* ആയിരിക്കുക. കാരണം *മറ്റുള്ളവർ* നമുക്കുമേൽ *അടിച്ചേൽപ്പിക്കുന്ന* നന്മകളേക്കാൾ ഉത്തമം *നാം സ്വയം തിരിച്ചറിഞ്ഞ്‌ ചെയ്യുന്ന നന്മകളാണ്‌.*

ഇത്‌ നമുക്കേവർക്കും വളരെ നല്ലൊരു പാഠമാണ്‌. ജീവിതത്തിൽ *ശരിതെറ്റുകൾ തിരിച്ചറിഞ്ഞ്‌* ശരികൾക്ക്‌ ഊന്നൽ നൽകുകയും തെറ്റുകളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്നതാണ്‌ യഥാർത്ഥ സെൽഫ്‌ ഡിസിപ്ലിൻ. അത്‌ ഒരാളുടെ *വ്യക്തിത്വത്തിന്റെ* ഏറ്റവും *ഉദാത്തമായ ഒരു അവസ്ഥ* കൂടിയാണ്‌. 

മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ *തിന്മകളിൽ നിന്ന് സ്വയം വാതിലടച്ച്‌ കുറ്റിയിടുന്നതാണ്‌ സെൽഫ്‌ ഡിസ്പ്ലിൻ.* *ആ വാതിലിന്റെ കുറ്റിയും കൊളുത്തും മറ്റൊരാളുടെ കൈകളിൽ ഏൽപ്പിക്കാതിരിക്കുക.* 
(കടപ്പാട്)

ദൈവത്തെത്തേടി

ഒരു സന്ദേഹിയായ മനുഷ്യൻ ഒരു ഗുരുവിനടുത്തെത്തി.
"ദൈവം എവിടെയാണെന്ന് അന്വേഷിക്കുകയാണ് ഞാൻ . "
ആ മനുഷ്യൻ ഗുരുവിനോട് പറഞ്ഞു.

"ദൈവം ഇല്ലാത്ത സ്ഥലം നോക്കുകയാണ് ഞാൻ . അവനില്ലാത്ത ഒരിടം പോലും എനിക്ക് ദർശിക്കാനാവുന്നില്ലല്ലോ. "
ഗുരു മൊഴിഞ്ഞു.

African proverb

If you want to go fast, go alone. If you want to go far, go together.

ഗുരുവും ഞാനും

 

എന്റെ ഗുരുവിനോട് ഞാൻ പറഞ്ഞു: പുസ്തകങ്ങൾ പലതും വായിച്ചിട്ടും അതിലൊന്നും എന്റെ ഓർമ്മയിൽ നില്ക്കുന്നില്ല..
അദ്ദേഹം എനിക്ക് ഒരു ഈത്തപ്പഴം തന്നു , എന്നിട്ട് പറഞ്ഞു: ഇത് ചവയ്ക്കുക.
ഞാനത് ചവച്ച് തിന്നു.
തുടർന്ന് അദ്ദേഹം എന്നോട് ചോദിച്ചു: നീ ഇപ്പോൾ വലുതായോ ?
ഞാൻ പറഞ്ഞു: ഇല്ല
അദ്ദേഹം പറഞ്ഞു: എന്നാൽ ആ ഈത്തപ്പഴം നിന്റെ ശരീരത്തിന്റെ മാംസം, അസ്ഥി, നാഡി, ചർമ്മം, മുടി, നഖം, കോശങ്ങൾ എന്നിവയായി മാറിക്കഴിഞ്ഞു.
ഞാൻ വായിക്കുന്ന ഓരോ പുസ്തകവും എന്റെ ഭാഷയെ ശക്തിപ്പെടുത്തുകയും അറിവ് വർദ്ധിപ്പിക്കുകയും ധാർമ്മികതയെ പരിഷ്കരിക്കുകയും ചെയ്യുന്നുവെന്ന സത്യം അന്ന് ഞാൻ മനസ്സിലാക്കി
 
- ✍️ സൽമാൻ ഔദ

സ്വത്വം മറന്ന കോഴി

ഒരറബിക്കോഴിക്കഥ

എല്ലാ ദിവസവും പുലർച്ചെ എഴുന്നേറ്റ് കൂവുന്ന ഒരു പൂവൻകോഴി ഉണ്ടായിരുന്നു.
ഉറക്കത്തിന് ശല്യമാണെന്ന് കണ്ട കോഴിയുടെ ഉടമ വന്ന്  പറഞ്ഞു: "ഇനി ഇന്നേരത്ത് ഇന്നു മുതൽ കൂവരുത് . കൂവിയാൽ നിന്റെ  തൂവലുകൾ ജീവനോടെ പറിച്ചെടുക്കും, കേട്ടോടാ "
കോഴി ഭയന്ന് മനസിൽ പറഞ്ഞു:   "അനിവാര്യതകൾ വിലക്കുകൾ അനുവദിക്കുന്നു.”*
ആവശ്യം വരുമ്പോൾ ഒരു അണ്ടർസ്റ്റാന്റിങ് ആവാം !! 
മറ്റു പൂവനുകൾ ആ നേരത്ത് കൂകിയാലും
നമ്മുടെ പൂവൻ മാത്രം മനസ്സിൽ കൂവും.
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
ഒരാഴ്ചയ്ക്ക് ശേഷം, കോഴിയുടെ ഉടമ വന്ന് പറഞ്ഞു:
"ടാ പൂവാ, നീ പിടക്കോഴികളെപ്പോലെ കുറുകുന്നില്ലെങ്കിൽ ഞാൻ നിന്നെ അറുത്തു കളയും;പറഞ്ഞേക്കാം" !!!

അപ്പോഴും പൂവൻ സ്വത്വ ഭയം കാരണം പിടഞ്ഞെങ്കിലും മനസിൽ സമാധാനിച്ചു: 
“ അനിവാര്യതകൾ വിലക്കുകൾ അനുവദിക്കുന്നു.”**
ആവശ്യം വരുമ്പോൾ ഒരു അണ്ടർസ്റ്റാന്റിങ് കൂടി ആവാം !! എന്നെയും വേണമല്ലോ പരിഗണിക്കുക ?! 

ദിവസങ്ങൾ  പൊടുന്നനെ കഴിഞ്ഞു പോയി. സ്വതസിദ്ധമായ കൂവൽ നിർത്തി ചെറിയ ശബ്ദത്തിൽ കുറുകി മണ്ണിൽ കൊത്തി കൊത്തി നടക്കുന്നതിനിടയിൽ പൂവന്റെ ഉടമ വീണ്ടും വന്ന് ഭീഷണി സ്വരത്തിൽ ആക്രോശിച്ചു :
"ടാ പൂവാ, നീ പിടക്കോഴികളെപ്പോലെ  കുറുകി നിലം കൊത്തി എന്റെ ധാന്യവും മുണ്ങ്ങി ഇങ്ങനെ നടന്നാ പോരാ നാളെ മുതൽ മുട്ടയിട്ടോളണം , പറഞ്ഞേക്കാം."
സ്വത്വപ്രതിസന്ധിയോടെ കോഴി നിന്നു കരയാൻ തുടങ്ങി. തുടർന്ന് മനസ്സിൽ പറഞ്ഞു:
അന്നേ പൂവനെപ്പോലെ കൂവിത്തന്നെ ചത്താൽ മതിയായിരുന്നു.
 
ഗുണപാഠം : സ്വത്വം മറക്കുന്ന ഏതു കോഴിയും അവസാനം ഖേദിക്കും .

സമ്പാ & വിവ : ഹഫീദ്  കൊച്ചി

ജാതക കഥകളിൽനിന്ന്

കാശിരാജാവായ ബ്രഹ്മദത്തന്റെ നാലു പുത്രന്മാർക്കും പ്ലാശുമരം കാണാൻ പൂതിയായി. ദൂരെ ഹിമാലയ പ്രാന്തങ്ങളിലാണ് അതുള്ളത്.

എല്ലാവർക്കും ഒരേ സമയം കൊട്ടാരത്തിൽനിന്ന് വിട്ടുനിൽക്കാനുമാകില്ല. ഓരോരുത്തരായി പോകാം എന്നായി.

ആദ്യ ഊഴക്കാരനായ മൂത്ത രാജകുമാരൻ പ്ലാശുമരം കാണുമ്പോൾ മഞ്ഞുകാലമായിരുന്നു. ഇലകളത്രയും കൊഴിഞ്ഞ് ഹിമത്താൽ മൂടി വെളുത്ത മിന്നൽചില്ലകൾ വാനിലേക്കെറിഞ്ഞ് നിൽക്കുന്ന പ്ലാശ് വൃക്ഷത്തിന്റെ ധവളസൌന്ദര്യത്തിൽ മധ്യവയസ്കനായ അയാൾ മുഴുകിപ്പോയി.

രണ്ടാമൂഴക്കാരനായ രാജകുമാരൻ ഹിമാലയത്തിനു താഴെയെത്തിയപ്പോൾ പ്ലാശ് തളിർത്ത് ഇലകളാൽ സമൃദ്ധമായിരുന്നു. തെളിഞ്ഞ ആകാശത്തിനു താഴെ തിളങ്ങുന്ന പച്ചയുടെ സമൃദ്ധികണ്ട് അയാൾക്ക് തലച്ചോറിൽ ലഹരി കയറി.

യുവാവായ മൂന്നാമൻ എത്തിയപ്പോഴേക്കും രക്തവർണമുള്ള പൂക്കൾ ചൂടി മരം ജ്വലിച്ചുനിൽക്കുന്നു. ഹിമാലയത്തിൻ്റെ മെയ്യിൽ ചുവപ്പിന്റെ ആഘോഷം. അയാളുടെ യുവരക്തം തുടുത്തു.

ഇളയവൻ വരുമ്പോൾ പ്ലാശിലാകെ കനികൾ പഴുത്തുനിൽക്കുന്നു. സ്വർണവർണം വെള്ളിവെയിലിനോട് മത്സരിക്കുന്ന വിസ്മയക്കാഴ്ചയിൽ അവൻ പ്രണയാതുരനായി.

എല്ലാരും കണ്ടുകഴിഞ്ഞപ്പോൾ രാജാവ് ചോദിച്ചു, "എങ്ങനെയുണ്ട് പ്ലാശ്?"

"അച്ഛാ, അത് നിത്യമായ ശാന്തതയെയും ശമത്തെയും ഓർമിപ്പിക്കുന്ന ശ്വേതം". മൂത്തവൻ പറഞ്ഞു.

"അല്ല, ജീവിതത്തിന്റെ സജീവതയെ കുറിക്കുന്ന ഹരിതസാന്ത്വനം". എന്ന് രണ്ടാമൻ

"അങ്ങനെയല്ല, ആവേശത്തിന്റെ തീവ്രസൌന്ദര്യം വമിക്കുന്ന പോരാട്ടച്ചുവപ്പ്" എന്നായി മൂന്നാമൻ

"ഞാനല്ലേ അവസാനം കണ്ടത്, ഉദാത്ത പ്രണയത്തിന്റെ സാഫല്യത്തെ എഴുതുന്ന സ്വർണമഞ്ഞയാണ് പ്ലാശ്"

രാജാവ് ചിരിച്ചു:
"എല്ലാം ഒന്നുതന്നെ എന്നതാണ് സത്യം.

()

പുതുമൊഴി: ജമീൽ അഹ്മദ്

സത്യവും നുണയും തമ്മിൽ

 (അറബിക്കഥ )

   ഒരിക്കൽ സത്യം പ്രഭാത സവാരിക്കിറങ്ങവേ  നുണ ഓടിച്ചെന്നു ചങ്ങാത്തം നടിച്ചു സംസാരം തുടങ്ങി:

കള്ളം : ഞാൻ നിന്നേക്കാൾ ഉയരമുള്ളവനാണ്.
സത്യം : ആയിക്കോട്ടെ , പക്ഷേ കാലുറപ്പ് എനിക്കാണ്
കള്ളം : ഞാൻ ഏതായാലും  നിന്നേക്കാൾ
ശക്തനാണ്.
സത്യം: ആയിക്കോട്ടെ , പക്ഷേ ആയുസ്സെനിക്കാണ് കൂടുതൽ.
കള്ളം : എന്റെ കൂടെയാണ് ഈ നാട്ടിലെ എല്ലാ ശക്തരും സുഖിയന്മാരും
സത്യം : "എല്ലാ നാട്ടിലും അവിടുത്തെ കുറ്റവാളികളില്‍ വലിയവന്‍മാരെ  അവരതില്‍ കുതന്ത്രം പ്രയോഗിക്കുവാനായിട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നു,അവര്‍ അവരോടു തന്നെയല്ലാതെ കുതന്ത്രം പ്രയോഗിക്കുന്നുമില്ല. അവര്‍ക്കു ബോധം വരുന്നില്ലെന്ന്മാത്രം. "
ഇതെല്ലാം കേട്ട കള്ളം പൊട്ടിത്തെറിച്ച് കൊണ്ട് പറഞ്ഞു:
എനിക്കിപ്പോൾ നിന്നെ ആരുമറിയാതെ കൊല്ലാൻ കഴിയും.
അപ്പോൾ സത്യം പറഞ്ഞതാണ് മാസ് :
ആയിക്കോട്ടെ , പക്ഷേ എന്റെ മക്കൾ വലിയ താമസമില്ലാതെ നിന്റെ കഥ കഴിക്കും , കട്ടായം.

(മുസ്ത്വഫ സ്സിബാഈ വളരെ ചെറുപ്പത്തിലെഴുതിയത് )

സമ്പാ & വിവ : ഹഫീദ് നദ്‌വി കൊച്ചി

അറിവ്

ജർമ്മനിയിൽ ഒരിക്കൽ പ്രശസ്തനായൊരു കവിയെ അറസ്റ്റ് ചെയ്തു.

അത് കണ്ട് 3 വയസ്സുകാരിയായ മകൾ ചോദിച്ചു

'ഇതെന്തിനാ അച്ഛനെ പിടിച്ചു കൊണ്ടു പോകുന്നത്?'

അമ്മ പറഞ്ഞു -
 ' നിൻ്റെ അച്ഛൻ ഹിറ്റ്ലറിനെതിരായി കവിത എഴുതിയതിനാണ് '

'ഹിറ്റ്ലർക്കും  തിരിച്ച് കവിത എഴുതാമല്ലോ  ' കുട്ടിയുടെ മറുപടി വന്നു.

അമ്മ പറഞ്ഞു: ' എഴുതാനറിയാമായിരുന്നെങ്കിൽ ഇത്രയും രക്തച്ചൊരിച്ചിൽ ഉണ്ടാകുമായിരുന്നോ?'

(മെരാജ് ഹൈദറുടെ രചന )

പെണ്ണാലോചന (അറബിക്കഥ)

വിവാഹിതരായ നൂറു പേരുമായി ആലോചിക്കുന്നതുവരെ  വിവാഹം കഴിക്കില്ല എന്നുറപ്പിച്ച് നടന്ന ഒരു അറബിപ്പയന്റെ കഥയാണിത് . കുറച്ചു ദിവസം കൊണ്ട് തൊണ്ണൂറ്റി ഒൻപത് വിവാഹിതരെ കണ്ട് നൂറാമനെ അന്വേഷിച്ച് നടപ്പായി. നൂറാമനെയും കൂടി കണ്ട് കാര്യം തീരുമാനിക്കണം. നേരം ഒരുപാടിരുട്ടി,
അടുത്ത ദിവസം കണ്ടുമുട്ടുന്ന ആദ്യ വിവാഹിതൻ എന്താണോ പറയുന്നത് അത് പോലെ തന്നെ ചെയ്യാം. അയാൾ മനസ്സിലുറപ്പിച്ചു.
 
പിറ്റേന്ന് അതിരാവിലെ  വീട്ടിൽ നിന്നും പുറപ്പെട്ടപ്പോൾ, ഒരു കോലിൽ കുതിര കണക്കെ കയറിയിരിക്കുന്ന ഭ്രാന്തനെയാണ് കണി കണ്ടത്.
ആ കാഴ്ച കാണാൻ വ്യസനമുണ്ടാക്കുന്നതായിരുന്നു ; ഏതായാലും അന്ന് കണ്ടുമുട്ടുന്ന ആദ്യവിവാഹിതനാണങ്കിലോ അയാൾ  എന്നറിയാൻ യുവാവ് പിന്നാലെ കൂടി . അടുത്തെത്തിയപ്പോൾ
ഭ്രാന്തൻ അവനോടു: "എന്റെ കുതിരയെ സൂക്ഷിക്കണേ, അവൻ ചവിട്ടും "
യുവാവ് :" ഒരു കാര്യം നിങ്ങളോട് ചോദിക്കുന്നതു വരെ നിങ്ങളുടെ കുതിരയെ ഒന്നു കെട്ടിയിടാമോ? പ്ലീസ് ."
അയാൾ സഡൻ ബ്രേക്കിട്ടപോലെ നിന്നു .
യുവാവ് തന്റെ കാര്യം അറിയിച്ചു : 
 "ഞാൻ കുറച്ചുനാളായി നൂറ് വിവാഹിതരോട് കൂടിയാലോചിച്ചിട്ടേ പെണ്ണുകെട്ടു എന്ന പ്രതിജ്ഞയെടുത്തു നടക്കുകയാണ്. ഇന്നലെ വരെ 99 പേരെ കണ്ടു ,
താങ്കൾ വിവാഹിതനാണെങ്കിൽ താങ്കളാണ് എന്റെ നൂറ് തികക്കുന്ന ഭാഗ്യവാൻ; അതിനാൽ 
താങ്കൾക്കു പറയാനുള്ളത് മുഴുവൻ പറയൂ .
ഞാൻ കേൾക്കട്ടെ "
ഭ്രാന്തൻ പറഞ്ഞു: ഞാൻ ഒരു പെണ്ണുകെട്ടിയതാണ്,
പിന്നെയാണ് ഇങ്ങനെയായത്, ഞാൻ പറയണത് ശ്രദ്ധിച്ചു കേൾക്കണം :
 “സ്ത്രീകൾ മൂന്നുതരമാണ് .
ഒരുത്തി നിങ്ങൾക്ക് അനുകൂലം,
മറ്റൊരുത്തി നിങ്ങൾക്കെതിര് ,
മൂന്നാമത്തവൾ നിങ്ങൾക്ക് അനുകൂലമോ പ്രതികൂലമോ അല്ലാത്തവൾ "
 തുടർന്ന് "എന്റെ കുതിരയെ സൂക്ഷിക്കണേ, അവൻ ചവിട്ടും " എന്ന് പറഞ്ഞുകൊണ്ട് അയാൾ ഓടിച്ചു പോയി. ചെറുപ്പക്കാരന് ഒന്നും തിരിഞ്ഞില്ല; അയാൾ തൊട്ടു പിന്നാലെ പച്ചാസ് മൈലിൽ അയാളെ പിന്തുടർന്നു. തൊട്ടടുത്തെത്തിയിപ്പോൾ 
ഒന്നുകൂടി നിർത്താൻ കെഞ്ചി. അയാൾ വണ്ടി രണ്ടാമതും നിർത്തി . എന്നിട്ട് ചോദിച്ചു: " ഊം , ഇനിയെന്താ ചോദിക്കാനുള്ളത് ?
യുവാവ് ഭ്രാന്തനെ സമീപിച്ച് മൃദുവായ ശബ്ദത്തിൽ പറഞ്ഞു: “ നേരത്തെ പറഞ്ഞത് ഒന്നു വിശദീകരിക്കുക, കാരണം  നിങ്ങളുടെ ദാർശനിക വർത്തമാനം പെട്ടെന്ന് മനസ്സിലാകുന്നില്ല. ”

അപ്പോളയാൾ പറഞ്ഞു: “നിന്റേത് കന്യകയായ ഭാര്യയാണെങ്കിൽ,  അവളുടെ ഹൃദയവും  സ്നേഹവും ഒരുമിച്ച് നേടാം, അവൾ നിന്റെ സ്നേഹമല്ലാതെ മറ്റൊരു പുരുഷനേയും അറിയുന്നില്ലല്ലോ?!. നീയവളെ സ്നേഹിച്ചാൽ അവൾ മനസിൽ കരുതും " എല്ലാ ആണുങ്ങളും ഇങ്ങനെയാവും, ഇനി നീയെങ്ങാൻ അവളെ ദ്രോഹിച്ചാലും അവൾ പറയുക ഇങ്ങനെയാവും എല്ലാ ആണുങ്ങളും എന്നാവും, ഇനി
നീയെങ്ങാനും  കുട്ടിയുള്ള വിധവയേയാണ് കെട്ടുന്നതെങ്കിൽ അവൾ നിന്റെ ചെലവിൽ അവളുടെ കുട്ടിയെ വളർത്തും, ആദ്യ കെട്ടിയോനെ ഓർത്താവും അവളുടെ കരച്ചിൽ മുഴുവൻ ,അവൾക്കിനി നിന്റെ സംരക്ഷണവും ചെലവും മാത്രമേ വേണ്ടൂ.
മൂന്നാമത്തെവൾ മക്കളില്ലാത്ത വിധവയാണ്. അവൾ കാലാവസ്ഥക്കനുസരിച്ച് മാറും .
അവൾക്ക് നിങ്ങളെ പിടിച്ചാൽ ആദ്യ ഭർത്താവിനേക്കാൾ മികച്ചതാണെന്ന് തുറന്നു പറയും, നിങ്ങളവളെ വിഷമിപ്പിച്ചാൽ ആദ്യ ഭർത്താവുമായി നിങ്ങളെ താരതമ്യം ചെയ്ത് കളയും" അതും പറഞ്ഞയാൾ വീണ്ടും ഓടിപ്പോയി
 
അയാളുടെ പിന്നാലെ യുവാവും വെച്ചുപിടിച്ചു , എന്നിട്ട് ചോദിച്ചു: “ ശരിക്കും നിങ്ങളാരാണ്, നല്ല ജ്ഞാനിയുടെ വാക്കുകൾ സംസാരിക്കുകയും ഭ്രാന്തൻ കളി കളിക്കുകയും ചെയ്യുന്നു ??!

അപ്പോഴളയാൾ അയാളുടെ കഥ പറഞ്ഞു: “ ചങ്ങായീ , എന്റെ നാട്ടുകാർ എന്നെ ജഡ്ജിയാക്കാൻ ആഗ്രഹിച്ചു നടക്കുകയായിരുന്നു,  ഞാനത് വിസമ്മതിച്ചു,  അവർ എന്നെ വീണ്ടും നിർബന്ധിച്ചു,  ഞാൻ അവരിൽ നിന്ന് രക്ഷപ്പെടാൻ തല്ക്കാലം ഭ്രാന്തനായി.”

( ഈ ഭ്രാന്തൻ ഹാറൂൻ റശീദിന്റെ വിദൂഷകനായിരുന്ന ബഹലൂൽ ആണെന്ന് ഒരു ഖൗലുണ്ട് )

അവലംബം : ബുസ്താനുൽ ആരിഫീൻ

സമ്പാ & വിവ : ഹഫീദ് നദ്‌വി, കൊച്ചി

നാണക്കേട്

ധനികനായ ഒരറബി യുവാവ് ഉന്നത വിദ്യാഭ്യാസം നേടാനായി ജർമ്മനിയിലെത്തി..
താമസിയാതെ അദ്ദേഹം പിതാവിന് ഒരു കത്തെഴുതി; അതിന്റെ ഉള്ളടക്കം ഏതാണ്ടിങ്ങനെയാണ് 👇👇👇

ഉപ്പാ,ഇവിടുത്തെ ആളുകൾ വളരെ നല്ലവരാണ്,
എനിക്കിവിടം നന്നായി ബോധിച്ചു.എന്റെ ചങ്ങാതിമാർ‌  എന്റെ കാര്യം നന്നായി കെയർ ചെയ്യുന്നുണ്ടെങ്കിലും എന്നെ ലജ്ജിപ്പിക്കുന്ന ഒരു പ്രശ്നമുണ്ട്.എന്റെ  കാറായ റേഞ്ച് റോവറിൽ ഞാൻ സർവകലാശാലയിൽ എത്തുമ്പോൾ എന്റെ ബഹുമാനപ്പെട്ട അധ്യാപകർ സ്ഥിരമായി ട്രെയിനിലും മെട്രോയിലും വന്നാണ് ക്ലാസ്സെടുക്കുന്നത്.

ധനാഡ്യനായ വാപ്പ മകന്റെ കത്ത് കിട്ടിയ ഉടനെ ഒരു ട്രെയിൻ വാങ്ങാൻ  പത്ത് ദശലക്ഷം ഡോളറിന്റെ  ചെക്ക് അയച്ചു കൊടുത്തു. കൂടെ ഈ മെസേജും :
സായിപ്പന്മാരുടെ മുന്നിൽ ഉപ്പാന്റെ കുട്ടി നമ്മളെ നാണം കെടുത്തരുത് .

സമ്പാ & വിവ : ഹഫീദ് നദ്‌വി കൊച്ചി

വന്നവരുടെ കൂട്ടത്തിൽ ശാസ്ത്രജ്ഞൻ, തത്വചിന്തകൻ, സാഹിത്യകാരൻ തുടങ്ങിയ വലിയ വലിയ ആളുകണ്ടായിരുന്നു. സത്യവിശ്വാസം സ്വീകരിച്ച നിരക്ഷരനായ കാട്ടറബിയെ ചോദ്യം ചെയ്യാൻ വന്നതാണവർ.

ഓരോരുത്തരായി പരിചയപ്പെടുത്തിയ ശേഷം അവർ പറഞ്ഞു: ഇത്രയും വിവരമുള്ള ഞങ്ങളിൽ ഒരാൾക്കും ഏകനായ ദൈവമുണ്ടെന്ന് ബോധ്യപ്പെട്ടിട്ടില്ല. എന്നിട്ട്, കാൽക്കാശിന് വിവരമില്ലാത്ത നീയെങ്ങനെ പുതിയ മതം സ്വീകരിച്ചു? കാട്ടറബിയുടെ മറുപടി വളരെ ലളിതമായിരുന്നു.

'ചാണകം കണ്ടാൽ ഒട്ടകത്തിന്റെയാണോ പശുവിന്റെയാണോ എന്ന് എനിക്ക് തിരിച്ചറിയാം. മണലിലെ കാൽപ്പാടുകൾ കണ്ടാൽ മനുഷ്യനാണോ മൃഗമാണോ നടന്നുപോയത് എന്നും മനസ്സിലാക്കാം. ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങൾ നിറഞ്ഞ ആകാശവും കണ്ടാൽ ഏകനായ ഒരു ദൈവമുണ്ടെന്ന് എനിക്ക് ഉറച്ചു വിശ്വസിക്കാൻ കഴിയും!'

😅😅

അന്ധൻമാരായ രണ്ട് യാചകർ ഇരിക്കുന്നേടത്ത് പോയി ഒന്നും കൊടുക്കാതെ ഒരു വിദ്വാൻ രണ്ടാളും കൂടി എടുത്തോളൂ എന്ന് പറഞ്ഞത്രെ. അയാൾ പോയ പാടെ ഒരു അന്ധൻ മറ്റെയാളോടു ചോദിച്ചു, എത്രയാ തന്നതെന്ന്. നിന്റെടുത്ത് തന്നതെങ്ങനാ എനിക്കറിയുക എന്നായി മറ്റവൻ. ചുരുക്കത്തിൽ, രണ്ടാളും കൂടി വഴക്കായി വക്കാണമായി പൊരിഞ്ഞ അടിയായി

എല്ലാം നല്ലതിനാണ്.

ഏതൊരു പ്രതിസന്ധി ഘട്ടത്തെയും ശുഭാപ്തിയോടെ കാണുന്ന ഒരു മന്ത്രിയുടെ കഥയാണ് ഓർമ വരുന്നത്. എന്തൊരു അനിഷ്ടം സംഭവിച്ചാലും മന്ത്രി പറയുക, എല്ലാം നല്ലതിനാണ്' എന്നാണ്. ഒരിക്കൽ രാജാവും മന്ത്രിയും കൂടി കാട്ടിൽ വേട്ടക്ക് പോയി. വഴിമധ്യേ രഥം ഒരു കുഴിയിൽ വീണു. ഉടനെ മന്ത്രി പറഞ്ഞു: “എല്ലാം നല്ലതിനാണ്.

രാജാവിന് അത് ഇഷ്ടപ്പെട്ടില്ല. മാത്രമല്ല, രാജാവ് താഴെ വീഴുകയും ചെയ്തു. അപ്പോഴും മന്ത്രി പറഞ്ഞു: "എല്ലാം നല്ലതിനാണ്.

രാജാവിനു ശരിക്കും ദേഷ്യം വന്നു. രാജാവിന്റെ ശരീരത്തിൽ മുറിവും പറ്റിയിട്ടുണ്ട്. അതു കണ്ടപ്പോഴും മന്ത്രി പറഞ്ഞു: “എല്ലാം നല്ലതിനാണ്.

ദേഷ്യം നിയന്ത്രിക്കാനാവാതെ രാജാവ് മന്ത്രിയെ ഒരു കുഴിയിലേക്ക് തള്ളിയിട്ടു. അപ്പോഴും മന്ത്രി പറഞ്ഞു: “എല്ലാം നല്ലതിനാണ്.

പിന്നീട് രാജാവ് രഥം കുഴിയിൽ നിന്ന് കയറ്റി സ്വന്തമായി വേട്ടക്ക് പോയി. കാട്ടിലെത്തിയപ്പോൾ അവിടെ ആദിവാസികളുടെ ഒരു ഉത്സവം നടക്കുകയാണ്. നാട്ടിലെ ഒരു മനുഷ്യനെ ബലി കൊടുക്കണം എന്നത് അവരുടെ ആചാരമാണ്. തേടിയ വള്ളി കാലിൽ ചുറ്റിയ പോലെയായി അവർക്ക് രാജാവിന്റെ ആഗമനം. അവർ രാജാവിനെ ബന്ധസ്ഥനാക്കി ബലി നൽകാൻ തീരുമാനിച്ചു.
ബലിക്കായി തെരഞ്ഞെടുക്കുന്ന മനുഷ്യൻ ആരോഗ്യമുള്ള, മുറിവും ചതവുമൊന്നുമില്ലാത്ത ആളായിരിക്കണം എന്ന് നിബന്ധനയുണ്ട്. രാജാവിനെ പരിശോധിച്ചപ്പോൾ ശരീരത്തിൽ മുറിവുണ്ട്. ഈ മുറിവ് രാജാവ് രക്ഷപ്പെടാൻ കാരണമായി. ജീവൻ തിരിച്ചു കിട്ടിയ അതിരറ്റ സന്തോഷത്തോടെ രാജാവ് മന്ത്രിയുടെ അടുത്തേക്ക് കുതിച്ചു. നടന്ന സംഭവങ്ങൾ വിവരിച്ചു. ക്ഷമ ചോദിച്ചു. അപ്പോൾ മന്ത്രി പറഞ്ഞു. “നിങ്ങളെന്നെ കുഴിയിലേക്ക് തള്ളിയിടുമ്പോഴും ഞാൻ പറഞ്ഞല്ലോ, എല്ലാം നല്ലതിനാണെന്ന്. ഞാൻ താങ്കളുടെ കൂടെ ഉണ്ടായിരുന്നെങ്കിലോ? അവരെന്നെ ബലി കൊടുക്കുമായിരുന്നില്ലേ?'

നാട്ടറിവ്

ചെവിനോക്കി പറയാം സസ്തനിയോ എന്ന് ...
(ബദവി വെളിപ്പെടുത്തലുകൾ)
 

മഹാപണ്ട് ബദവികളായ അറബികൾ ജീവജാലങ്ങളെ സസ്തനിയെന്നും അസ്തനിയെന്നും വേർതിരിച്ചറിയാൻ ഉപയോഗപ്പെടുത്തിയിരുന്ന ടെക്നിക്കാണ് തലവാചകം. പുറത്തേക്ക് പ്രകടമായി കാണുന്ന ചെവിയുണ്ടെങ്കിൽ അത്  സസ്തനിയാണെന്ന് അഥവാ കുഞ്ഞുങ്ങളെ പ്രസവിച്ച് മുലപ്പാലൂട്ടി വളർത്തുന്ന ജീവിയാണെന്ന് അവർ മനസ്സിലാക്കിയിരുന്നു.

ആമ പ്രസവിക്കുകയാണോ മുട്ടയിടുകയാണോ ??
പശു പ്രസവിക്കുകയാണോ മുട്ടയിടുകയാണോ ?? 
മീൻ പ്രസവിക്കുകയാണോ മുട്ടയിടുകയാണോ ?? 
നിരീക്ഷിക്കൂ, പറയൂ ...

പശുവിന് ചെവിയുണ്ട്,
മുയലിന്   ചെവിയുണ്ട്,
കടുവയ്ക്ക് ചെവിയുണ്ട്,
വവ്വാൽ  പക്ഷിയാണ്, പക്ഷേ  ചെവിയുണ്ട്.
അഥവാ പ്രകടമായ ചെവിയുള്ള ജീവിയാണത്.
അഥവാ അവയൊന്നും മുട്ടയിടുന്നില്ലായെന്നർഥം.

ആമയ്ക്ക് പ്രകടമായ  ചെവിയില്ല,
പാമ്പിന് പ്രകടമായ  ചെവിയില്ല,
താറാവിന് പ്രകടമായ ചെവിയില്ല.
അവയൊന്നും പ്രസവിക്കുന്നില്ല ,
കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കുന്നുമില്ല ...

NB: ശാസ്ത്രീയമായ വെളിപ്പെടുത്തലുകളല്ല; പരമ്പരാഗത നാട്ടറിവാണ് .

സമ്പാ & സ്വതന്ത്ര വിവർത്തനം : ഹഫീദ് കൊച്ചി

ഭ്രാന്ത്

സൂഫിയുടെ സ്വപ്നത്തില്‍ മാലാഖ ചെവിയില്‍ പറഞ്ഞു "ഇന്ന് പാതിരാത്രി കഴിഞ്ഞു സാത്താന്‍ ഈ ഗ്രാമത്തിലെ കിണറ്റില്‍ മുഴുവന്‍ വിഷം കലക്കും അത് കുടിക്കുന്നവര്‍ക്ക് എല്ലാം ഭ്രാന്താകും"

സൂഫി ചാടിയെഴുനെറ്റു ആരുമറിയാതെ തനിക്ക് വേണ്ടത്ര വെള്ളം ശേഖരിച്ചു .
പിറ്റേദിവസം കിണറ്റിലെ വെള്ളം കുടിച്ച ഗ്രാമീണര്‍ക്കെല്ലാം മുഴു വട്ടായി , സൂഫി മാത്രം സ്വബോധത്തോടെയും.

സൂഫി യുടെ സ്വബോധം ആ ഗ്രാമാതിലുള്ളവര്‍ക്ക് ഭ്രാന്ത്‌ ആയി തോന്നി , ഗ്രാമം മുഴുവന്‍ വാര്‍ത്ത പടര്‍ന്നു. സൂഫിക്ക് ഭ്രാന്ത്‌ !!!

ഗ്രാമീണര്‍ സൂഫിയെ കൂട്ടമായി പിടികൂടി ചികില്‍സിക്കാന്‍ കൊണ്ടുപോകാന്‍ ശ്രമിച്ചു, അപ്പോള്‍ സൂഫി തന്നെ പറഞ്ഞു ഇതിന്റെ ചികില്‍സ എനിക്കറിയാം....

എന്നിട്ട് സൂഫി ഗ്രാമത്തിലെ കിണറ്റില്‍ നിന്നും വെള്ളം കോരി കുടിച്ചു , അതോടെ സൂഫിമറ്റുള്ളവരെ പോലെ ചിരിക്കാനും കലപില പറയാനും തുടങ്ങി...

മാലാഖയുടെ മുന്നറിയിപ്പ് സൂഫി ഗ്രാമീണരോട് എല്ലാം പറഞ്ഞിരുന്നെങ്കില്‍ ചെകുത്താന്റെ ഈ പ്രവൃത്തി തടയാമായിരുന്നു

ഗുണപാഠം:
സമൂഹത്തിനു എന്ത് വന്നാലും തനിക്ക് മാത്രം രക്ഷപെട്ടാല്‍ മതിയെന്ന ചിന്താഗതി വച്ച് പുലര്‍ത്തരുത്

മദ്യത്തിന്റെ തുടക്കം

ഗ്രീക്ക് പുരാണമനുസരിച്ച് ലോകത്ത് ആദ്യമായി മദ്യമുണ്ടാക്കിയത് ഇക്കാറിയോസാണ്. അയാൾ മകൾ എറിഗോണോടൊന്നിച്ച് ഒരു മുന്തി രിത്തോട്ടത്തിൽ സൈ്വര്യമായി കഴിയുകയായിരുന്നു. കൂടെ മെയാ എന്ന വളർത്തുനായയുമുണ്ട്.

ഇക്കാറിയോസ് പെന്റലിസ് പർവ്വതത്തിന് സമീപം ഒരു ഭരണി യിൽ മുന്തിരിപ്പഴമുപയോഗിച്ച് വീഞ്ഞുണ്ടാക്കി. ഒരു ദിവസം മകളെ വിവ രമറിയിക്കാതെ അയാൾ തന്റെ കൂട്ടുകാരായ ഇടയബാലന്മാരോടൊന്നിച്ച് ഭരണിക്കരികിലെത്തി. ഇടയന്മാർ അന്നോളം അത് കണ്ടിരുന്നില്ല. സ്വർണ്ണ നിറത്തിലുള്ള വീഞ്ഞ് അവരിൽ വല്ലാത്ത വിസ്മയമുണർത്തി. അവരത് ആർത്തിയോടെ അകത്താക്കി. അതോടെ അവർ ലഹരിക്കടിപ്പെട്ടു. നൃത്തം വെക്കാനും പാട്ടുപാടാനും തുടങ്ങി. ലഹരി വർധിച്ചതോടെ ഇടയന്മാരുടെ കാഴ്ചയ്ക്ക് ഭംഗം നേരിട്ടു. ഒന്ന് രണ്ടായി കാണാൻ തുടങ്ങി. കാല് നില തുറക്കാതായി. ചിലർ ഭ്രാന്തന്മാരെ പോലെ പെരുമാറി. വേറെ ചിലർ പൊട്ടിച്ചിരിച്ചു. അവർ ആതിഥേയനായ ഇക്കാറിയോസിനോട് പൊട്ടി തെറിച്ചു. തെറി വിളിച്ചു. അവസാനം അവരയാളെ അടിച്ചു കൊന്നു.

ഈ ഗ്രീക്ക് കഥയനുസരിച്ച് മദ്യത്തിന്റെ തുടക്കം തന്നെ കൊലപാത കത്തിൽനിന്നാണ്. ഇന്നും അത് അവിരാമം തുടരുന്നു. അതിനാലാണ് മുഹമ്മദ് നബി അതിനെ നീചവൃത്തികളുടെ മാതാവെന്ന് വിശേഷിപ്പി ച്ചത്. അറബിഭാഷയിൽ ഒരു ചൊല്ലുണ്ട്. “മദ്യം ഏറ്റം ചീത്ത ദൂതനാണ്, അയക്കുന്നത് വയറ്റിലേക്കാണ്. പോകുന്നത് തലയിലേക്കും. "

സ്നേഹം

സൗഹൃദത്തിലും ശത്രുതയിലും മിതത്വം പാലിക്കണം. സ്നേഹി ക്കുമ്പോൾ കണ്ണടച്ച് സ്നേഹിക്കുക, വെറുക്കുമ്പോൾ കണ്ണടച്ച് വെറു ക്കുക-ഇത് രണ്ടും ഒഴിവാക്കേണ്ട ആത്യന്തികതകളാണ്. പ്രവാചകൻ പഠി പ്പിച്ചു: “സുഹൃത്തിനോടുള്ള സ്നേഹം മിതപ്പെടുത്തുക. കാരണം, ഒരു ദിനം അവൻ നിന്റെ ശത്രുവായേക്കാം. ശത്രുവിനോടുള്ള വെറുപ്പ് മിതപ്പെ ടുത്തുക. കാരണം, ഒരു ദിനം അവൻ നിന്റെ മിത്രമായേക്കാം."

സ്വയം തുറന്നു പറയുക

പ്രവാചകനും അനുയായികളും ഒരിടത്ത് ഇരിക്കവെ അവരുടെ മുമ്പി ലൂടെ ഒരാൾ കടന്നുപോയി. ഒരു അനുയായി പറഞ്ഞു: “ഈ പോയ വ്യക്തി നല്ല മനുഷ്യനാണ്. ഞാൻ അയാളെ ഇഷ്ടപ്പെടുന്നു. പ്രവാചകൻ ആരാഞ്ഞു: “ഇക്കാര്യം താങ്കൾ എപ്പോഴെങ്കിലും അയാളോട് പറഞ്ഞി ട്ടുണ്ടോ?' അനുയായി: ഇല്ല.

“എങ്കിൽ നേരിൽ പോയി അയാളോട് പറയുക, ഞാൻ താങ്കളെ ഇഷ്ട പ്പെടുന്നുവെന്ന്.
സമയത്തെക്കുറിച്ച് ഓർക്കേണ്ട ചില കാര്യങ്ങൾ

* ചിന്തിക്കാൻ സമയമെടുക്കുക, കാരണം അതാണ് ശക്തിയുടെ ഉറവിടം

 * കളിക്കാൻ സമയമെടുക്കുക, കാരണം അതാണ്  നിത്യയൗവനത്തിന്റ അക്ഷയപാത്രം.

* വായിക്കാൻ സമയമെടുക്കുക, കാരണം അതാണ് യുക്തിജ്ഞാന ത്തിന്റെ അടിത്തറ.

* പ്രാർഥിക്കാൻ സമയമെടുക്കുക, കാരണം അതാണ് ഭൂമിയിലെ
ഏറ്റവും വലിയ ശക്തി.

* സൗഹൃദത്തിലാകാൻ സമയമെടുക്കുക, കാരണം അതാണ് ആഹ് ളാദത്തിലേക്കുള്ള പാത.

 * നൽകുന്നതിന് സമയമെടുക്കുക, കാരണം സ്വാർഥിയാകാൻ മാത്രം ദൈർഘ്യം ഇല്ല ജീവിതത്തിന്.

* പ്രവർത്തിക്കാൻ സമയമെടുക്കുക, കാരണം അത് വിജയത്തിന്റെ വിലയാകുന്നു.

ഒരിക്കലും പാഴാക്കാൻ സമയമെടുക്കരുത്. പ്രവാചകന്റെ ഈ വചനം ഓർക്കുക: “ഒരാളുടെ രണ്ട് ദിവസങ്ങൾ (നേട്ടങ്ങളിൽ ) ഒരു പോലെ ആയിരുന്നാൽ അവൻ ചതിയിൽ പെട്ടിരിക്കുന്നു. "
ഇന്നലെക്കാൾ ഇന്ന് മെച്ചപ്പെടണം എന്നർഥം.
ജനങ്ങൾ ഒട്ടകങ്ങളെ പോലെയാണ്. നൂറ് എണ്ണത്തിൽ ഒന്നുപോലും സവാരിക്ക് പറ്റിയത് ആയിരിക്കില്ല.
- മുഹമ്മദ് നബി

കൃത്യതയും സംക്ഷിപ്തതയും ഉള്ളതാണ് ഏറ്റവും നല്ല വാക്കുകൾ
- മുഹമ്മദ് നബി

എഴുത്ത് വിദ്യ

എഴുത്തുകാർ സാധാരണ വരുത്തുന്ന അബദ്ധങ്ങൾ ശ്രദ്ധിക്കുക. 

* വേണ്ടതിലധികം വിവരം കുത്തിനിറക്കുന്നു. അല്ലെങ്കിൽ ആവശ്യത്തിന് വിവരം ചേർക്കുന്നില്ല.

* വിഷയത്തിന്റെ മോശമായ ക്രോഡീകരണം.

*ആദ്യം തയ്യാറാക്കിയ കരട് കോപ്പി മാറ്റി എഴുതാതിരിക്കുക. വളരെ ദീർഘിച്ച വാക്കുകളും വാക്യങ്ങളും ഉപയോഗിക്കുക.

*വൃഥാ സ്‌ഥൂലത.

* കേട്ടു പഴകിയ ശൈലികളുടെ ( cliches) ആവർത്തനം.

*അടുക്കും ചിട്ടയുമില്ലാത്ത ഘടന. കാലഹരണപ്പെട്ട ഭാഷ, വാക്കുകൾ.

* മോശമായ തുടക്കവും ഒടുക്കവും.

പൂർണ്ണമായി ചെയ്യുക

ഒരാൾക്ക് മൂന്നു പുത്രന്മാർ. ഇളയ മകനോട് അയാൾ അമിത വാത്സല്യം കാണിക്കുന്നു വെന്ന് നാട്ടുകാർക്ക് പരാതി. നാട്ടുകാർ കാണെ അയാൾ ഒരു പരീക്ഷണ ത്തിന് മുതിർന്നു. മൂന്നു മക്കളെയും വിളിച്ചുവരുത്തി പറഞ്ഞു: “നിങ്ങൾ തുറമുഖത്ത് പോയി നോക്കിയിട്ട് ഒരു മണിക്കൂറിനകം റിപ്പോർട്ട് ചെയ്യുക. മൂന്നുപേരും റിപ്പോർട്ടുമായി തിരിച്ചെത്തി.

മൂത്തവൻ നമുക്ക് ഒരു കപ്പലിൽ യന്ത്രസാമഗ്രികൾ വന്നിട്ടുണ്ട്. രണ്ടാമത്തെ മകൻ ഇന്നലെ നമുക്ക് ജപ്പാനിൽ നിന്ന് മൂന്നു യ ങ്ങൾ ലഭിച്ചു.

ഇളയവൻ: മൂന്നു യന്ത്രങ്ങൾ വന്നിട്ടുണ്ട്. സ്പെയർ പാർട്സുകൾ ഇല്ല. ഒരു മെഷീന് കേടുപാടുകൾ, ഇൻഷുറൻസ് കമ്പനിയിൽ ഞാൻ കേസ് ഫയൽ ചെയ്തിട്ടുണ്ട്. അടുത്ത ആഴ്ചയോടെ നമുക്ക് രേഖകൾ ശരിയാ ക്കണം. അല്ലെങ്കിൽ സാമഗ്രികൾ വെച്ചുതാമസിപ്പിച്ചതിന് അധിക വാടക കൊടുക്കേണ്ടിവരും.

ഇതാണ് ഇളയപുത്രനോടുള്ള അടുപ്പത്തിന് കാരണം. ജോലി എങ്ങ നെയെങ്കിലും ചെയ്യുക എന്നതല്ല, പൂർണമായി ചെയ്യുക എന്നതാണ് പ്രധാനം. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിന് മുമ്പ് ആദ്യം സ്വന്തം പോരായ്മകൾ തിരിച്ചറിയുക.

രാജാവിനോടുള്ള സ്നേഹം

ഒരു രാജാവിന്റെ കഥയുണ്ട്. രാജാവ് തേൻപ്രിയനായിരുന്നു. മുന്തിയ തേൻ എവിടെ കണ്ടാലും വാങ്ങിവെക്കും. തന്നെ പ്രജകൾ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നറിയാൻ ഒരു പരീക്ഷണം നടത്തിയാൽ കൊള്ളാം എന്ന് തോന്നി രാജാവിന്. അദ്ദേഹം കവലമധ്യത്തിൽ ഒരു വലിയ വീപ്പ കൊണ്ടുവെച്ചു. രാജാവിനെ സ്നേഹിക്കുന്നവർ മേത്തരം ഒരു സ്പൂൺ വീതം അതിൽ ഒഴിക്കണമെന്ന് വിളംബരം ചെയ്തു. ഒരാൾ വിചാരിച്ചു, എല്ലാവരും ഒഴിക്കുന്നുണ്ടല്ലോ, ഞാൻ ഒരു സ്പൂൺ വെള്ളമാണ് ഒഴിക്കാൻ പോകുന്നത്. ഇത്രയധികം തേനുണ്ടാകുമ്പോൾ ഒരു സ്പൂൺ വെള്ളം എങ്ങനെ തിരിച്ചറിയാൻ പിറ്റേന്ന് രാവിലെ രാജാവ് വീപ്പ തുറന്ന് നോക്കുമ്പോൾ കാണുന്നത് വീപ്പ നിറയെ വെള്ളമാണ്. ഒരാൾ വിചാരിച്ചത് തന്നെയാണ് എല്ലാവരും വിചാരിച്ചത് '

പ്രശ്നങ്ങളെ വേർതിരിച്ചു കാണൽ

 കാവൽക്കാരൻ രാജാവിനോട് പറഞ്ഞു: “ഉച്ചക്ക് താങ്കൾ കൊല്ലപ്പെടുമെന്ന് ഞാൻ സ്വപ്നം കണ്ടിരിക്കുന്നു. രാജാവ് വേണ്ട മുൻകരുതലുകളെടുത്ത് തന്റെ ജീവൻ രക്ഷിച്ചു. ഉച്ചക്ക് ശേഷം രാജാവ് കാവ ൽക്കാരനെ വിളിച്ചു പറഞ്ഞു, ഞാൻ നിനക്ക് സമ്മാനവും ശിക്ഷയും തരാൻ പോകുന്നു. സമ്മാനം ജീവൻ രക്ഷിച്ചതിന്, ശിക്ഷ രാത്രി കാവൽ നിൽക്കു മ്പോൾ ഉറങ്ങിയതിന്."

ഓരോ പ്രശ്നത്തെയും വേർതിരിച്ചു കാണുകയും വിശകലനം നടത്തുകയും ചെയ്യണമെന്നാണ് കഥയിലെ ഗുണപാഠം.

നേതാവും അനുയായികളും

നഗരത്തിലൂടെ ഒരു സൈനിക വിഭാഗം മാർച്ച് ചെയ്ത് കടന്നു പോവു കയാണ്. ഇത് വീക്ഷിച്ചു കൊണ്ടിരുന്ന ജനക്കൂട്ടത്തിൽ ഒരാൾ വിളിച്ചു പറഞ്ഞു: “നിങ്ങൾ മാർച്ച് ചെയ്യുന്നത് തെറ്റായ വഴിയിലൂടെയാണ്. നിങ്ങളുടെ മുമ്പിലെ വഴി അടച്ചിരിക്കുന്നു.” 

“ അതെയോ?' എന്ന് ശങ്കിച്ച് സൈനികർ ഒന്നു നിന്നു. അവർ മുന്നോട്ട് നോക്കി. തങ്ങളുടെ സുമുഖനും ദീർഘ കായനുമായ ക്യാപ്റ്റൻ തല ഉയർത്തിപ്പിടിച്ച് അന്തസ്സോടെ അതാ അടി വെച്ചടിവെച്ച് മുന്നേറുന്നു. അവർ ചിന്തിച്ചു: “അദ്ദേഹം നേർവഴിക്ക് തന്നെ യാവണം മാർച്ച് ചെയ്യുന്നത്. ആ നടപ്പിന് എന്തൊരു ഗൗരവം, എന്തൊരു ഗരിമ! അതെ, അദ്ദേഹം ശരിയായ വഴിയിലൂടെയാണ് മാർച്ച് ചെയ്യുന്നത് " .

സൈനികർ മാർച്ച് തുടർന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ക്യാപ്റ്റൻ പരിഭ്രാന്തനായി നിന്നു. ഇത് തന്നെ യാവുമോ ശരിയായ വഴി?' അയാൾ പിന്നിലേക്ക് ഒളിക്കണ്ണിട്ട് നോക്കി. “ഓ, ഇത് തന്നെയാകണം ശരിയായ വഴി. അവർ എന്നെ പിന്തുടരുന്നത് കണ്ടില്ലേ. ഇത് തന്നെ ശരിയായ വഴി. "

ക്യാപ്റ്റൻ മാർച്ച് തുടർന്നു.

കഥയിലെ ഗുണപാഠം വ്യക്തമാണ്. നാം ഒരു നേതാവിനെ തെരഞ്ഞടുക്കുകയും പിൻപറ്റുകയും ചെയ്യുന്നുണ്ടെങ്കിലും നാം എപ്പോഴും നിരീക്ഷിക്കുകയും ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്.

നാലുപേർ കുറ്റം സമ്മതിച്ചു. നാലുപേരെയും തൂക്കിക്കൊന്നു.

കമ്മ്യൂണിസ്റ്റ് ഭരണാധികാരികളുടെ യഥാർഥ സ്വഭാവം അനാവരണം ചെയ്യുന്ന സ്റ്റാലിന്റെ കാലത്തെ ഒരനുഭവം കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗവും പ്രമുഖ നിയമജ്ഞനുമായ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ വിശദീകരിക്കുന്നു.
  "ഒരിക്കൽ സ്റ്റാലിൻ താൻ പുക വലിക്കാൻ ഉപയോഗിക്കുന്ന പൈപ്പ് മേശപ്പുറത്ത് കണ്ടില്ല. മുറിയിലാകെ തെരഞ്ഞു നോക്കി. ഫലമുണ്ടായില്ല. ഉടൻ പോലീസ് ഇൻസ്പെക്ടർക്ക് ഫോൺ ചെയ്ത് വിവരമറിയിച്ചു.ചാരന്മാർ തന്റെ മുറിയിൽ വരെ വന്നിട്ടുണ്ടോ എന്ന് സംശയം പ്രകടിപ്പിക്കുകയും ഊർജിതമായി അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അല്പ സമയം കഴിഞ്ഞ് ട്രൗസറിന്റെ
 പോക്കറ്റിൽ കയ്യിട്ടപ്പോൾ പൈപ്പ് അവിടെ ഉണ്ടായിരുന്നു. ഉടൻതന്നെ പോലീസ് ഇൻസ്പെക്ടറെ വിളിച്ച് വിവരമറിയിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:" സർ, ക്ഷമിക്കണം. ഞാൻ ഊർജിതമായി അന്വേഷണം നടത്തി. നാലുപേർ കുറ്റം സമ്മതിച്ചു. അവരെ നാലുപേരെയും തൂക്കിക്കൊല്ലുകയും ചെയ്തിട്ടുണ്ട്."(വി. ആർ. കൃഷ്ണയ്യരുടെ 'കമ്മ്യൂണിസ്റ്റ് നാടുകളിലൂടെ' എന്ന പുസ്തകത്തിൽ നിന്ന് )

വഴുതനങ്ങ മന്ത്രി

 

വഴുതനങ്ങയെ പറ്റി ഒരു കഥയുണ്ട്.
ഒരിക്കൽ ഒരു രാജാവ് ഒരുപാട് നാളത്തെ യുദ്ധം കഴിഞ്ഞു കൊട്ടാരത്തിൽ വന്നപ്പോൾ ഊണിന് വഴുതനങ്ങ ഉപ്പേരിയും ഉണ്ടായിരുന്നു. രാജാവിന് അത് വലിയ ഇഷ്ടമായി.
"ഈ വഴുതനങ്ങ എന്ത് സ്വാദാണ്" എന്ന് രാജാവ് അത്ഭുതപ്പെട്ടു.
"അതെ, വഴുതനങ്ങ വിശിഷ്ടമായ ഒരു വിഭവം തന്നെയാണ്" എന്ന് തൊട്ടടുത്തിരുന്ന മന്ത്രി സമ്മതിച്ചു.
"വഴുതനങ്ങ ആരോഗ്യത്തിനു വളരെ നല്ലതല്ലേ" എന്നാരാഞ്ഞു രാജാവ്
"തീർച്ചയായും, വഴുതനങ്ങയിൽ ഒരുപാട് പോഷകങ്ങൾ ഉണ്ട് " എന്ന് മന്ത്രി ഉത്തരമേകി
"എനിക്ക് ഊണിന് എന്നും വഴുതനങ്ങ വേണം" എന്ന് രാജാവ് കല്പ്പിച്ചു.
"എനിക്കും.. " എന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അങ്ങനെ ദിവസവും വഴുതനങ്ങ കൂട്ടി രാജാവിന് മടുത്തു.
ഒരു ദിവസം,
"ഇതെന്താണ്, ഇന്നും ഈ വൃത്തികെട്ട വഴുതനങ്ങയോ?" എന്ന് രാജാവ് കോപിച്ചു.
"ഇതിലും ഭേദം പട്ടിണിയാണ്" എന്ന് മന്ത്രി സമ്മതിച്ചു
"ഇത് വായിൽ വെക്കാൻ കൊള്ളില്ലല്ലോ" എന്നായി രാജാവ്
"അല്ലെങ്കിലും വഴുതനങ്ങ ഒരു സ്വാദില്ലാത്ത കറിയാണ്" എന്ന് കൂടെ മന്ത്രിയും
"എനിക്ക് ഇനി ഒരിക്കലും വഴുതനങ്ങ വേണ്ട" എന്ന് രാജാവ് കല്പ്പിച്ചു
"വഴുതനങ്ങ ഈ കൊട്ടാരത്തിൽ കയറ്റിപ്പോകരുത്" എന്ന് മന്ത്രിയും.
...
ഒരു നിമിഷം കഴിഞ്ഞ് ഒന്ന് ദേഷ്യം കുറഞ്ഞപ്പോൾ രാജാവ് മന്ത്രിയോട് ചോദിച്ചു.
"അന്ന് ഞാൻ വഴുതനങ്ങ നല്ലതാണെന്നു പറഞ്ഞപ്പോൾ നിങ്ങൾ അതിനെ പുകഴ്ത്തിയതാണല്ലോ, എന്നിട്ടെന്താണ് ഇപ്പോൾ അഭിപ്രായം മാറ്റിയത്'"
മന്ത്രി പറഞ്ഞു,
"ഞാൻ അങ്ങയുടെ മന്ത്രിയാണ്; വഴുതനങ്ങയുടെയല്ല...!"
(കടപ്പാട് ഉണ്ട് )

 വിശ്വസ്തന്‍ നിന്നെ ചതിക്കുകയായിരുന്നില്ല. നീ ചതിയനെ വിശ്വസിക്കുകയായിരുന്നു.

🔻 പാരമ്പര്യ പിശുക്ക് 🔻

മഹാപണ്ട് ഒരു പിശുക്കൻ സുഹൃത്തിന്റെ അതിഥിയായി പഴേ ഒരു ചങ്ങാതി വന്നു.
അതിഥി വന്നയുടനെ, പിശുക്കൻ മകനെ വിളിച്ച് ഉച്ചയിൽ പറഞ്ഞു: മോനേ, ഇന്ന് ഞങ്ങൾക്ക് എന്റെ പ്രിയപ്പെട്ട ഗസ്റ്റുണ്ട്, മണ്ടിപ്പോയി നല്ല ഫ്രഷ് എറച്ചി അരക്കിലോ വാങ്ങി വരിക.
കുട്ടി പോയി, കുറച്ചു കഴിഞ്ഞപ്പോൾ അവൻ ഒന്നും വാങ്ങാതെ തിരിച്ചു വന്നു.
വാപ്പ മോനോട് : എറച്ചി എവിടെടാ?
കുട്ടി : ഞാൻ ഇറച്ചിക്കാരന്റെ അടുത്ത് ചെന്ന് പറഞ്ഞു: നിങ്ങളുടെ പക്കലുള്ള ഏറ്റവും നല്ല ഫ്രഷ് എറച്ചി അരക്കിലോ തരൂന്ന് .
അപ്പോ അയാൾ പറയാ : നല്ല സൂപ്പർ വെണ്ണ പോലെയുള്ള ഇറച്ചി തരാംന്ന്.
ഞാൻ കുറെ ചിന്തിച്ചു ,എന്നിട്ട് ഒരു തീരുമാനത്തിലെത്തി. എന്നാ പിന്നെ ഇറച്ചിക്ക് പകരം അടിപൊളി വെണ്ണ വാങ്ങിയാ പോരേ ? ഞാൻ പെട്ടെന്ന് തന്നെ പലചരക്ക് കടയിൽ പോയി കടക്കാരനോട് പറഞ്ഞു: നിങ്ങളുടെ കൈയ്യിലുള്ള സ്റ്റോക്കിൽ ഏറ്റവും മികച്ച വെണ്ണ കുറച്ച് തരൂന്ന് . അപ്പോ അയാൾ പറയാ
: ഞാൻ നിനക്ക് തേനിനെപ്പോലത്തെ വെണ്ണ തരാംന്ന്. അപ്പോ എനിക്ക് തോന്നി
"ഇങ്ങനെയാണെങ്കിൽ, തേൻ വാങ്ങുന്നതാണല്ലോ നല്ല ഐഡിയ" അങ്ങനെ
ഞാൻ തേൻ വിൽപ്പനക്കാരന്റെ അടുത്ത് ചെന്ന് പറഞ്ഞു:"നിങ്ങളുടെ മികച്ച തേൻ ലേശം തരൂന്ന്" . അപ്പോ അയാൾ പറയാ :
തെളിഞ്ഞ വെള്ളം പോലെയുളള തേൻ തരാന്നു .
അപ്പോ എനിക്ക് തോന്നി. വീട്ടിലെ കിണറ്റിൽ ഒരു പാട് വെള്ളമുണ്ടല്ലോന്ന്. അതാണ് ഞാൻ ഒന്നും വാങ്ങാതെ തിരിച്ചുവന്നത്.
വാപ്പ പറഞ്ഞു: എന്തൊരു നല്ല കുട്ടി. ഇത്രേം ഓടി ഉപ്പാന്റെ കുട്ടിന്റെ ചെരുപ്പ് തേഞ്ഞു കാണില്ലേ ?
അപ്പോ മോന്റെ മറുപടി യാണ് മാസ്സ് : ഉപ്പാ,
ഐന് ഞാൻ ഗസ്റ്റിന്റെ ചെരുപ്പായിരുന്നു ഇട്ടത്.
സമ്പാ & വിവ : ഹഫീദ് കൊച്ചി

കഴുതയെ അഴിച്ചു വിട്ടു - അറബിക്കഥ

 

മഹാ പണ്ട് സംഭവിച്ചതാണ്.
തന്റെ കഴുതയെ അതിന്റെ ഉടമസ്ഥൻ മുറ്റത്തെ മരത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. അതിലെ പോയ പിശാച് വന്നു ആ കയർ അഴിച്ചു വിട്ടു !! പിന്നെ പറയണോ പൂരം !!
കഴുത നേരെ അയൽവാസിയുടെ വയലിൽ പ്രവേശിച്ച് എല്ലാ ചെടിയും തിന്നു നശിപ്പിച്ചു.
വയലിന്റെ ഉടമയായ കൃഷിക്കാരന്റെ ഭാര്യ കഴുതയെ കണ്ടു. അവൾ വീട്ടിലുണ്ടായിരുന്ന തോക്ക് പുറത്തെടുത്ത് കഴുതയെ വെടിവെച്ച് കൊന്നു !!
കഴുതയുടെ ഉടമ തോക്കിന്റെ ശബ്ദം കേട്ടു ഓടി വന്നപ്പോഴേക്കും തന്റെ കഴുത കൊല്ലപ്പെട്ടതാണ് കണ്ടത്. അയാൾക്ക് ദേഷ്യം വന്നു , അയാൾ കർഷകന്റെ ഭാര്യയെ ഒറ്റ വെടി !! കരച്ചിൽ കേട്ടോടി വന്ന കൃഷിക്കാരൻ തന്റെ ഭാര്യ കൊല്ലപ്പെട്ടതാണ് കണ്ടത്. അയൽവാസി തോക്കുമായി നില്ക്കുന്നു. ദേഷ്യം സഹിക്കവയ്യാതെ അയാൾ തുരുതുരാ വെടിയുതിർത്തു. അയൽവാസിയും പടമായി.
എല്ലാം കണ്ട ഒരുത്തൻ പിശാചിനോട് :
നിങ്ങളിപ്പോ എന്താ ചെയ്തേ ?!!!!
പിശാച് : ഞാനൊന്നും ചെയ്തില്ല. ... ആ കഴുതയെ കെട്ടഴിച്ചു വിട്ടുവെന്നല്ലാതെ !!
ഗുണപാഠം: നിങ്ങൾക്ക് ഒരു നാട് കുളമാക്കണമെങ്കിൽ അവിടത്തെ കഴുതകളെ കെട്ടഴിച്ച് വിട്ടാൽ മതി.
 
വിവ : ഹഫീദ് നദ്‌വി കൊച്ചി