പാൽ, തൈര്, വെണ്ണ, നെയ്യ്; ചില പാഠങ്ങൾ

പാലിനെ  കഷ്ടപ്പെടുത്തിയാൽ അതു തൈരാകുന്നു. 

തൈരിനെ കഷ്ടപ്പെടുത്തിയാൽ അതു വെണ്ണയാകുന്നു. 

വെണ്ണയെ കഷ്ടപ്പെടുത്തിയാൽ അതു നെയ്യാകുന്നു. 

പാലിനേക്കാൾ തൈര് ശ്രേഷ്ഠം,
തൈരിനെക്കാൾ വെണ്ണ ശ്രേഷ്ഠം, വെണ്ണയേക്കാൾ നെയ്യും ശ്രേഷ്ഠം. 

പാൽ ഒരു ദിവസം മാത്രമേ ഉപയോഗിക്കാനാകൂ, അതിനു ശേഷം അത് കേടാകുന്നു. 

അതേ പാലിൽ ഒരു തുള്ളി മോര് ചേർത്താൽ അത് തൈരാകുന്നു.  അത് 2 ദിവസം കേടാവാതെ ഇരിക്കുന്നു. 

തൈര് കടഞ്ഞാൽ വെണ്ണയാകും.  ഇത് 3 ദിവസം വരെ കേടാവാതെ ഇരിക്കുന്നു. 

വെണ്ണയെ തീയിൽ ഉരുക്കിയാൽ അത് നെയ്യായി മാറുന്നു.  ശരിയായി സൂക്ഷിച്ചാൽ അത് ഒരിക്കലും കേടു വരുന്നില്ല. 

ഒരു ദിവസം കൊണ്ട് കേടാകുന്ന പാലിനുള്ളിൽ ഒരിക്കലും കേടാകാത്ത നെയ്യ് ഒളിഞ്ഞിരിക്കുന്നു. 

*ഗുണപാഠം ഇതാണ്* :

ജീവിതത്തിൽ ഇടക്കിടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും പ്രാരാബ്ധങ്ങൾക്കും മുന്നിൽ ദൃഢ ചിത്തതയോടെ സത്യവും നീതിയും മുറുകെ പിടിക്കുന്ന ഒരു മനുഷ്യൻ്റെ മൂല്യം സമൂഹത്തിൽ വർദ്ധിക്കുന്നു. 

ഇതു പോലെ തന്നെയാണ് നമ്മുടെ മനസ്സും, പരിധിയില്ലാത്ത ശക്തികളാൽ നിറഞ്ഞിരിക്കുന്നു.  സത്യസന്ധമായ ചിന്തകൾ അതിൽ നട്ടു വളർത്തുക.  സ്വയ വിചിന്തനം നടത്തുക.  അവനവന്റെ ജീവിതത്തെ സൂക്ഷ്മമായി പരിശോധിക്കുക.   ശേഷം നോക്കൂ.  നിങ്ങൾ ഒരിക്കലും പരാജയപ്പെടാത്ത   വിജയിയായ മനുഷ്യനായി മാറും.

From Whatsapp

Shorts

പിരിയുമ്പോൾ
ആണ്
ഞങ്ങൾ
കൂടുതൽ
അടുക്കുന്നത്

               എന്ന് : *കയർ !!*

നീ പാനം ചെയ്യുന്നത്.. 
        എന്റെ രക്തമാവുന്നു നീ ഭക്ഷിക്കുന്നത് 
         എന്റെ മാംസവും..

                                              
                 എന്ന് : *തേങ്ങ !*🥥🥥

അറുത്ത് മുറിച്ചാലും 
  വലിച്ചെറിഞ്ഞാലും.. 
    ഉൾക്കരുത്തുണ്ടെങ്കിൽ 
       വാനോളം വീണ്ടും
         ഉയരാം ....👍

                                    
                   എന്ന് : *മാങ്ങ !!*🥭🥭🥭

ബാഹ്യരൂപം കണ്ട്‌ നീ 
       ആളെ അളക്കരുത് !!

                                      
                     എന്ന് : *ചക്ക !!*

മറ്റുള്ളവർ വന്ന് കാൽ പിടിക്കുന്നത് കൊണ്ടാണ് കൂടെ പോകുന്നത്.

                  എന്ന് : *കുട* ⛱

എത്രയൊക്കെ രുചി വിളമ്പിയിട്ടും "കിഴങ്ങാ...." എന്നുള്ള വിളി മാത്രം ബാക്കി.

               എന്ന്: *വേദനയോടെ കപ്പ.*😭😭

ഫുൾ ടൈം കറങ്ങിയിട്ടും
നാല് ചുമരുകൾക്കപ്പുറമൊരു
 ലോകമുണ്ടെന്ന് അറിയാതെ പോയൊരു 
 പാവമാണ് ഞാൻ 😞

                    എന്ന് : *ഫാൻ*   

പിന്നിൽ നിന്നുള്ള കുത്തലുകൾ
സഹിച്ചാണ് താൻ ഈ നിലയിൽ ആയത്.

                      എന്ന് : *പുട്ട്*

ഒരുപാട് അടിച്ചമർത്തലുകൾ നിറഞ്ഞതാണ് എന്റെ ജീവിതം.

                    എന്ന് : *പൊറോട്ട*
🤣......

ആത്മ വിശ്വാസം

 

തന്റെ ബിസിനസ് എല്ലാം തകർന്നു കടം കയറി, ഇനി രക്ഷപ്പെടാൻ മാർഗ്ഗങ്ങൾ ഒന്നുമില്ല ഇനി ആത്മഹത്യാ മാത്രമാണ് പോംവഴി എന്ന് കരുതി പാർക്കിലെ ബെഞ്ചിൽ വിഷമിച്ചിരിക്കുകയായിരുന്നു ആ ബിസിനസുകാരൻ ..
ഒരാൾ തൊട്ടടുത്തുവന്നിരുന്നു ചോദിച്ചു, എന്താണ് നിങ്ങളുടെ പ്രശ്നം?
അയാൾ എല്ലാം പറഞ്ഞു.
" ഞാൻ നിങ്ങളെ സഹായിക്കാം, കുറച്ചു പണം കടം തരാം, കൃത്യം ഒരു കൊല്ലം കഴിയുമ്പോൾ ഇതേ സ്ഥലത്തു വെച്ച് ഈ തുക മുഴുവനായി തിരിച്ചു തരണം" എന്നും പറഞ്ഞു അയാൾ ഒരു ചെക്ക് കൊടുത്തു നടന്നു പോയി..
ചെക് കണ്ടതും ബിസിനസ്കാരൻ ഞെട്ടിപ്പോയി, പത്തു മില്യൺ ഡോളറിന്റെ ചെക് അതും ലോകത്തിലെ ഏറ്റവും വലിയ ധനികനായ റോക് ഫെല്ലറുടെത്‌..
അയാൾ ആ ചെക്കുമായി വീട്ടിലേക്കു നടക്കുമ്പോൾ ചിന്തിച്ചു, എന്റെ കടം വീടാൻ ഇതിന്റെ ചെറിയൊരു അംശം മതി, ഈ ചെക്ക് ഇപ്പോൾ മാറേണ്ട. അയാൾ അത് ഭദ്രമായി പേഴ്സിൽ വെച്ചു..
നേരെ പോയത് താൻ കാശ് കൊടുക്കാനുള്ള ആളുകളുടെ അടുത്തേക്കായിരുന്നു..
അയാൾ അവരോടു സംസാരിച്ചു, തന്റെ കമ്പനി വീണ്ടും തുറന്നു പ്രവർത്തിക്കുക ആണെന്നും കാശ് തിരുച്ചു തരാൻ ആറുമാസത്തെ സമയം കൂടി ആവശ്യപ്പെട്ടു.. ബാങ്കിൽ പോയി മുടങ്ങിയ ലോൺ തിരിച്ചടക്കാൻ ആറുമാസത്തെ തവണകൾ ആവശ്യപ്പെട്ടു..
ബിസിനസ് നടന്നില്ലെങ്കിലും ആറുമാസം കഴിഞ്ഞാലും കൊടുക്കാൻ തന്റെ കയ്യിൽ ക്യാഷ് ചെക് ആയി തന്റെ പേഴ്സിൽ ഉണ്ടെന്ന ആത്മവിശ്വാസം അയാളുടെ മുന്നിൽ പുതിയ കുറെ ആശയങ്ങളും ചിന്തകളും ഉണ്ടാക്കി..
പിന്നീട് അയാൾ തന്റെ ഉൽപ്പന്നങ്ങൾ വാങ്ങുന്ന വ്യാപാരികളെ പോയി കണ്ടു, പണം അഡ്വാൻസ് ആയി തന്നാൽ ഉൽപ്പന്നങ്ങൾക്ക് നല്ല ഡിസ്‌കൗണ്ട് ഓഫർ ചെയ്തു കുറച്ചു പണം സ്വരൂപിച്ചു. ഫാക്ടറി വീണ്ടും തുടങ്ങി.. അയാൾ ഉത്സാഹത്തോടെ പണിയെടുത്തു. ആറുമാസം കൊണ്ടു അയാൾ പഴയ സ്ഥിതിയിൽ എത്തി. കടങ്ങൾ എല്ലാം വീടി..
അങ്ങനെ ഒരു കൊല്ലത്തിനു ശേഷം ആ തീയതി വന്നെത്തി.
അയാൾ ആ ചെക്കുമായി പാർക്കിലെ ബെഞ്ചിൽ പോയിരുന്നു, കുറച്ചു കഴിഞ്ഞപ്പോൾ റോക് ഫെല്ലർ വരുന്നു പുറകെ രണ്ടു സെക്യൂരിറ്റി ഉദ്യോഗസ്ഥരും ഉണ്ട് , അയാളുടെ അടുത്ത് വന്നിരുന്നപ്പോഴേക്കും
സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഫെല്ലറെ പിടിച്ചു എഴുന്നേൽപ്പിച്ചു ..
ബിസിനസ് കാരൻ ചോദിച്ചു, നിങ്ങൾ എന്താണ് ചെയ്യുന്നത്, ഇദ്ദേഹം ആരാണെന്നു അറിയാമോ?
സെക്യൂരിറ്റി പറഞ്ഞു, ക്ഷമിക്കണം സാർ, ഇയാൾ താങ്കൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയോ?
ഇയാൾ ഞങളുടെ ചികിത്സയിൽ ഉള്ള ഒരു മാനസിക രോഗിയാണ്, ലോകത്തിലെ വലിയ ധനികനായ റോക് ഫെല്ലർ ആണെന്നും പറഞ്ഞു കാണുന്നവർക്കെല്ലാം വ്യാജ ചെക്കുകൾ ഒപ്പിട്ടു നൽകും..
സെക്യൂരിറ്റികൾ അയാളേം കൊണ്ടു പോയി..
ഇതും നോക്കി ബിസിനസ്കാരൻ സ്ഥബ്ധനായി നിന്നു..
ആ ചെക്ക് അയാളിൽ ഉണ്ടാക്കിയ ആത്മവിശ്വാസം വലുതായിരുന്നു.
നമ്മുടെ ആത്മ വിശ്വാസം ആണ് നമ്മുടെ മുന്നിൽ അടഞ്ഞ പല വഴികളും തുറന്നു കാണിക്കുന്നത്. നമ്മുടെ കൂടെയുള്ള റിസോർഴ്സുകൾ മാത്രം ഉപയോഗിച്ചാൽ തന്നെ നമുക്ക് വിജയിക്കാൻ കഴിയും..

കുറ്റി (അറബിക്കഥ)

സ്വർഗത്തിൽ നിന്ന് ദൈവത്തോട് പിണങ്ങി ഭൂമിയിലെത്തിയ പിശാച് മക്കളോടൊപ്പം ഭൂമിയിലൊരു സ്ഥലത്ത് നൂറ്റാണ്ടുകളോളം കഴിച്ചു കൂട്ടി. അവിടം മടുത്ത പിശാച് അവിടെ നിന്നും  പോകാൻ കെട്ടിപ്പെറുക്കുന്നതിനിടയിൽ പോവുന്നതിന് മുമ്പായി അവിടെ കണ്ട  കൂടാരം നോക്കി പിറുപിറുത്തു: " അവരെ പിഴപ്പിക്കാതെ ഇവിടന്ന് ഞാൻ പോകത്തില്ല." 
അവനവിടെ കൂടാരത്തിലെത്തിയപ്പോൾ കുറ്റിയിൽ കെട്ടിയിരിക്കുന്ന പശുവിനെയും അതിനെ  കറക്കുന്ന സ്ത്രീയെയും അവരുടെ അടുത്തിരുത്തിയിരിക്കുന്ന കുട്ടിയേയുമാണ് കണ്ടത്. മെല്ലെ മെല്ലെ ചെന്ന് അവൻ കുറ്റിയൂരി.പ്രകോപിതയായ പശു ഭയപ്പെട്ടു , ഓട്ടത്തിനിടയിൽ   പാൽ നിലത്തു  ചിന്തി.  അവരുടെ അരികിൽ ഇരിക്കുകയായിരുന്ന  മോനെ വിരണ്ട പശു കുത്തിവീഴ്ത്തി . ഇത് കണ്ട അമ്മമനസ്സ് വേദനിച്ചു. തൊട്ടടുത്ത് കണ്ട കത്തിയെടുത്ത് ഒരൊറ്റ കുത്ത് . പശു തീർന്നു.
ഇതെല്ലാം കണ്ടാണ് അവരുടെ ഭർത്താവ് വന്നത്. തന്റെ കുഞ്ഞ് കരയുന്നു, പശുവാണെങ്കിൽ ചത്തു കിടക്കുന്നു. പെണ്ണുമ്പുള്ളയുടെ കൈയ്യിൽ ചോരയൊലിക്കുന്ന കത്തിയും ! . കലിപ്പ് അടക്കാൻ കഴിയുന്നില്ല; ഒറ്റ വാക്കിൽ അവളെ മൊഴിചൊല്ലി, സങ്കടം സഹിക്കാതെ ഒരൊറ്റത്തല്ലും .
അപ്പോഴേക്കും അവരുടെ ആളുകൾ വന്നു ഭർത്താവിനെ കൈകാര്യം ചെയ്യാൻ തുടങ്ങി. അപ്പോഴേക്കും
അവന്റെ ആളുകളും വന്നു . പൊരിഞ്ഞ അടി.
എല്ലാം കാണുന്നുണ്ടായിരുന്ന പിശാചിന്റെ മക്കൾ അവനോടായി :
അച്ഛാ , എന്നാ പണിയാ കാണിച്ചേ?
പിശാച് : ഞാനെന്നാ ചെയ്തു?! ചുമ്മാ  ആ കുറ്റി ഒന്നൂരി . എനിക്കൊണ്ട് അതൊക്കെയല്ലേ ചെയ്യാനൊക്കത്തൊള്ളൂ !!

സമ്പാ & വിവ : AH  കൊച്ചി

കുരങ്ങത്തിയും സിംഹവും ( അറബിക്കഥ)

മധുവിധുവിന്റെ ആദ്യ നാളുകളൊന്നിൽ മണവാളൻ മണവാട്ടിയുമായി  മൃഗശാലയിലേക്ക് കറങ്ങാൻ പോയി. മൃഗങ്ങളെ കണ്ട് കണ്ട് കുരങ്ങന്മാരുടെ വിഭാഗത്തിലെത്തി. പലതരം സ്പീഷ്യസുകൾ . കൂട്ടത്തിലൊരു കുരങ്ങ്  ഇണയുമായി സല്ലാപത്തിലേർപ്പെട്ടിരിക്കുന്നത്
കണ്ടു രണ്ടുപേരും കൗതുകത്തോടെ നോക്കി നിന്നു .ഭാര്യ ഭർത്താവിനോട് പറഞ്ഞു:
"എത്ര സന്തോഷകരമായ റൊമാന്റിക് ഭാവമാണല്ലേ ഇവറ്റീങ്ങൾക്ക് , എത്ര സന്തോഷത്തിലാണവർ !! "
 പിന്നെ തൊട്ടടുത്ത സിംഹങ്ങളുടെ ഭാഗത്തേക്കെത്തിയപ്പോൾ ആൺസിംഹം
നിശബ്ദനായി തന്റെ ഇണയിൽ നിന്ന് മാറി പിണങ്ങി ഇരിക്കുന്നത്  കണ്ട ഭാര്യ ഭർത്താവിനോട് പറഞ്ഞു:
"എന്തൊരു ദുരന്ത പ്രണയകഥയാണ് ആ സിംഹങ്ങളുടേത് !ഫുൾ ട്രാജഡിയാണല്ലോ ??!"
അപ്പോൾ ഭർത്താവ് ഭാര്യയോട് പറഞ്ഞു: 
"ഈ കാലിക്കുപ്പി ആ സിംഹത്തിന്റെ നേരെ
എറിയുന്നത് പോലെ കാണിക്കുക , എന്താണ് സംഭവിക്കുന്നത് എന്ന് കാണാം "
മണവാട്ടി അത് എറിയാൻ ഭാവിച്ചപ്പോൾ തന്നെ ആൺ സിംഹം തന്റെ ഇണയെ  പ്രതിരോധിക്കാൻ വേണ്ടി ആക്രോശിക്കുകയും മുരണ്ടു കൊണ്ട് വരികയും ചെയ്തു.
മണവാട്ടി പേടിച്ചു പിന്നാക്കം പോയി.
അപ്പോൾ പുതിയാപ്ല അവളോട് പറഞ്ഞു:
"കുരങ്ങന്മാരുടെ  നേരെ കുപ്പി എറിയുന്ന
പോലെ കാണിക്കുക , എന്താണ് സംഭവിക്കുന്നത് എന്ന് കാണാം "
എറിയാനുള്ള ഭാവം കണ്ടപ്പോഴേക്കും കുരങ്ങത്തി തൊട്ടടുത്ത മരത്തിന്റെ മുകളിലേക്ക് ഓടിച്ചാടിക്കയറി.
കുരങ്ങൻ ധൈര്യ സമേതം അവിടെ തന്നെ നിൽക്കുന്നു.
അപ്പോൾ മണവാട്ടിയോട് കണവൻ പറഞ്ഞതാണ് കഥയുടെ ക്ലൈമാക്സ്:

"ആളുകൾ നിന്റെ മുന്നിൽ കാണിക്കുന്നതിൽ വഞ്ചിതരാകരുത് !! സ്നേഹം വെറും പ്രകടിപ്പിക്കാനുള്ളതല്ല എന്ന സംഗതി ആദ്യമായി പഠിക്കണം.

സമ്പാ & വിവ : AH  കൊച്ചി

പൊളിക്കാൻ ഒരു വിഭാഗം, പണിയാൻ വേറൊന്നും

( അറബി- തുർക്കീ ചരിത്രം)

ഉസ്മാനീ സുൽത്താൻ സുലൈമാൻ ഖാനൂനി അറിവിലും സത്യസന്ധതയിലും വിശ്വസനീയനായ  എഞ്ചിനീയറെ വേണമെന്ന് പരസ്യം നൽകി.
 അർമീനിയൻ വംശജനായ മിഅ്മാർ സിനാൻ എന്ന എഞ്ചിനീയറെയാണ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയത്. തന്റെ രാജ്യത്തെ പുരാതന നിർമ്മിതികളൊന്ന് 
 പൊളിക്കാൻ  അദ്ദേഹത്തെ ചുമതലപ്പെടുത്തി.
പൊളിക്കാൻ തന്നെ അത്യാവശ്യം തുക ചെലവായി.പഴയ കൊട്ടാരം പൊളിക്കാനും അതിന്റെ സ്ഥാനത്ത് പുതിയൊരു കോട്ട  സ്ഥാപിക്കാനും  ...  നിർമ്മാണം പൂർത്തിയാക്കിയ ശേഷം സുൽത്താൻ എഞ്ചിനീയറെ  വിളിപ്പിച്ചു , എന്നിട്ട് ചോദിച്ചു: "നിങ്ങൾ  പൊളിക്കുമ്പോൾ ഏർപ്പെടുത്തിയ  തൊഴിലാളികളെയല്ലല്ലോ പുതിയ 
കോട്ടയുണ്ടാക്കാൻ  ഉപയോഗിച്ചത് ?? അത് സത്യമായും എന്നെ വിസ്മയിപ്പിച്ചു കളഞ്ഞു.
എഞ്ചിനീയറിന്റെ മറുപടിയാണ് മാസ് :
"പൊളിക്കാനുള്ളവന്മാരെ കൊണ്ട് ഉണ്ടാക്കാൻ പറ്റില്ല. എല്ലാത്തിനും വേറെ വേറെ ആളുകളാണ് വേണ്ടത്."

(Disclaimer: ഇത് ചരിത്ര പ്രസിദ്ധമായ സംഭവ കഥയാണ്.പ്രാദേശികമായോ ദേശീയമായോ അന്തർ ദേശീയമായോ വായിക്കരുത്.)

സമ്പാ & വിവ : AH കൊച്ചി

അറബി_ഭാഷാ_രഹസ്യങ്ങൾ

#خال=അമ്മാവൻ / മാമ / മാതുലൻ
#خالة=മേമ / കുഞ്ഞുമ്മ / മാതുലി

 * തുടങ്ങിയവയിലുള്ള “ഖാ” خ എന്ന അക്ഷരമുപയോഗിച്ച് ഉമ്മ /അമ്മയുടെ താവഴിയിലെ ബന്ധങ്ങൾ പറയുന്നതിന്റെ രഹസ്യം എന്താണ് ..?

#عمّ = പിതൃസഹോദരൻ / ചെറിയച്ഛൻ/ ആപ്പ
#عمّة = പിതൃസഹോദരി / അമ്മായി

"ഐൻ" ع അക്ഷരവുമായി പിതാവിന്റെ ഭാഗത്തുനിന്നുള്ള രക്തബന്ധത്തിന്റെ അർഥമെന്താണ് ? ... 

മുത്തച്ഛൻ/വല്ലിപ്പ =#جدّ
മുത്തശ്ശി / വല്ലിമ്മ =#جدّة

"ജീം" ج അക്ഷരത്തിൽ തുടങ്ങുന്നത് എന്താവും?

ഖാ ഖദ്ദിന്റെ (خد) ന്റേതാണ്.കവിളിനെയാണ് ഖദ്ദ് എന്ന് അറബി ഭാഷയിൽ പറയുക. സ്നേഹത്തിന്റെ രൂപകമാണ് എല്ലാ ഭാഷയിലും കവിൾ. ഖാലും ഖാലത്തും സ്നേഹമാണ്, കരുതലാണ്.

ഐൻ ഇർഖി (عرق) ന്റേതാണ്. സിര / ഞരമ്പാണ് ഇർഖ് . രക്തബന്ധത്തിന്റെ രൂപകമാണ് സിര.
അമ്മും അമ്മത്തും രക്തബന്ധത്തിന്റെ ജീവൽ മാതൃകകളാണ്.

ജീം  ജിദ്റാണ് (جِذر). വേരാണ് ജിദ്ർ. വല്ലിപ്പയും വല്ലിമ്മയും നമ്മുടെ വേരുകളാണ്. ഒരിക്കലും പറിച്ചുകളയാൻ കഴിയാത്ത വേരുകൾ .

അക്ഷരങ്ങൾ അർഥങ്ങളാവുന്ന ഈ ചമത്കാര ചിത്രങ്ങൾ മറ്റു ലോകഭാഷകളിലുണ്ടോ എന്നറിയില്ല.

സമ്പാ: ഹഫീദ് നദ്‌വി കൊച്ചി

കോഴിക്കഥ 🐓

ഒളിച്ചും പാത്തും നിന്ന ചെന്നായ തന്ത്രത്തിൽ കൂട്ടിൽ  കയറി; കോഴി ഉച്ചത്തിൽ കൂകി , അതോടെ നായ നിർത്താതെ കുരച്ചു; ഇടയൻ ഉണർന്നു. വീട്ടുകാരുമൊത്തമെഴുന്നേറ്റു, അതിനിടയിൽ ചെന്നായ ഓടിപ്പോയി. പാവം ആട്ടിൻകൂട്ടം രക്ഷപ്പെട്ടു; ഇടയന് സമാധാനമായി, നായയും ശാന്തമായി  കിടന്നുറങ്ങി , ആ കുടുംബത്തിന്  സന്തോഷമായി; കോഴിയെ അറുത്ത് അവരത് ആഘോഷിച്ചു ...

 NB : സത്യം വിളിച്ചു പറയുന്നവരുടെ ഗതിയിതാണ്

(അറബിക്കഥ : സമ്പാ & വിവ ഹഫീദ് കൊച്ചി )

 കപ്പലുകൾ ഏറ്റവും സുരക്ഷിതമായിരിക്കുന്നത് തുറമുഖങ്ങളിലാണ്, പക്ഷേ അതിനല്ല കപ്പലുകൾ നിർമ്മിക്കപ്പെടുന്നത്

സെൽഫ് ഡിസിപ്ലിൻ

ഇന്ന് വായിച്ച നല്ല ഒരു മെസ്സേജ്..

*ഡിസിപ്ലിനും സെൽഫ്‌ ഡിസിപ്ലിനും ഒന്നാണോ...* 

 
ഒരിക്കൽ ഒരു പ്രൊഫസർ തന്റെ *സോഫ്റ്റ്‌ സ്കിൽ* ഡെവലപ്‌മെന്റ്‌ ക്ലാസിന്റെ തുടക്കത്തിൽ പറഞ്ഞു.

ഡിയർ സ്റ്റുഡന്റ്സ്‌, കഴിഞ്ഞ ദിവസം നമ്മൾ പഠിച്ചത്‌ *ഡിസിപ്ലിൻ;* എന്ന വിഷയത്തെക്കുറിച്ചാണ്‌. ഇന്ന് നമ്മൾ പഠിക്കാൻ പോകുന്നത്‌ *സെൽഫ്‌ ഡിസിപ്ലിനെക്കുറിച്ചാണ്‌.*

ഉടനെ ഒരു വിദ്യാർത്ഥി എഴുന്നേറ്റ്‌ നിന്നുകൊണ്ട്‌ ചോദിച്ചു. സർ, ഈ *ഡിസിപ്ലിനും സെൽഫ്‌ ഡിസിപ്ലിനും രണ്ടും രണ്ടാണോ?* ആണെങ്കിൽ എന്താണ്‌ *അവ രണ്ടും തമ്മിലുള്ള വ്യത്യാസം?*

പറയാം. പ്രൊഫസർ പറഞ്ഞു. അതിന്‌ മുമ്പ്‌ ഞാൻ നിങ്ങളോടൊരു *ചോദ്യം ചോദിച്ചോട്ടേ?*

ചോദിച്ചോളൂ സർ.; വിദ്യാർത്ഥികൾ *കാതുകൂർപ്പിച്ചിരുന്നു.*

എന്താണ്‌ *വീടും ജയിലും തമ്മിലുള്ള വ്യത്യാസം?* പ്രൊഫസർ ചോദിച്ചു.

ഒരു ചെറിയ ആലോചനക്ക്‌ ശേഷം വിദ്യാർത്ഥികൾ അവർക്ക്‌ ശരിയെന്ന് തോന്നിയ ആശയങ്ങൾ പങ്കുവെക്കാൻ തുടങ്ങി.

വീട്ടിൽ *സ്വാതന്ത്ര്യമുണ്ടാകും,* ജയിലിൽ *അതുണ്ടാവില്ല.* വീട്ടിൽ നമുക്ക്‌ *വേണ്ടപ്പെട്ടവരെല്ലാം* ഉണ്ടായിരിക്കും, ജയിലിൽ നാം *ഒറ്റക്കായിരിക്കും.* എന്നിങ്ങനെ പല പല ഉത്തരങ്ങൾ ഉയർന്നു വന്നു.

ഇതൊന്നുമല്ല.പ്രൊഫസർ പറഞ്ഞു. കുറച്ചു കൂടി *സ്മാർട്ടായിട്ടുള്ള* ഒരുത്തരമാണ്‌ ഞാൻ പ്രതീക്ഷിക്കുന്നത്‌.

വിദ്യാർത്ഥികൾ പിന്നെയും ആലോചിച്ച ശേഷം പല ഉത്തരങ്ങൾ പറഞ്ഞു. അതിലൊന്നും പക്ഷെ അദ്ദേഹം *തൃപ്തനായില്ല.* ഒടുവിൽ ഒരു പെൺകുട്ടി എഴുന്നേറ്റ്‌ നിന്നു കൊണ്ട്‌ പറഞ്ഞു.

സർ. *ഇതിനുള്ള ഉത്തരം ഞാൻ പറയാം.*

പറഞ്ഞോളൂ;

സർ, നാം അകത്തേക്ക്‌ പ്രവേശിച്ച ശേഷം *നാം തന്നെ വാതിൽ അകത്ത്‌ നിന്ന് പൂട്ടിയാൽ* അത്‌ വീട്‌. പകരം നാം അകത്ത്‌ കയറിയതും *മറ്റൊരാൾ വാതിൽ പുറത്തു നിന്ന് പൂട്ടിയാൽ* അത്‌ ജയിൽ.

*ബ്രില്ലിയന്റ്‌…!!* പ്രൊഫസറും മറ്റു വിദ്യാർത്ഥികളും *നിറഞ്ഞ കരഘോഷങ്ങളോടെ അവളെ അനുമോദിച്ചു.*

ആരവങ്ങൾ കെട്ടടങ്ങിയപ്പോൾ പ്രൊഫസർ പറഞ്ഞു. *ഇതു തന്നെയാണ്‌ ഡിസിപ്ലിനും സെൽഫ്‌ ഡിസിപ്ലിനും തമ്മിലുള്ള വ്യത്യാസവും.*

ഒരു കാര്യം *മറ്റൊരാളുടെ നിർബന്ധം* മൂലമോ സമ്മർദ്ധം മൂലമോ *നാം ചെയ്യാതിരുന്നാൽ അത്‌ ഡിസിപ്ലിൻ.* അതേ കാര്യം *നമുക്ക്‌ സ്വയം തോന്നി നാം അതിൽ നിന്ന് വിട്ടു നിന്നാൽ അതാണ്‌ സെൽഫ്‌ ഡിസിപ്ലിൻ.*

ഉദാഹരണത്തിന്‌, പുകവലി *നിയമപരമായി നിരോധിച്ചതിന്റെ* പേരിൽ നാം പുകവലിക്കാതിരുന്നാൽ *അത്‌ ഡിസിപ്ലിൻ.* അതേ സമയം യാതൊരു നിരോധനമോ നിയന്ത്രണമോ ഇല്ലാതിരിക്കെ *പുകവലിയുടെ ദൂഷ്യവശങ്ങൾ* മനസ്സിലാക്കി *നാം സ്വയം അതിൽ നിന്ന് വിട്ടു നിന്നാൽ അത്‌ സെൽഫ്‌ ഡിസിപ്ലിൻ.*

 *ഡിസിപ്ലിൻ ഒരു തരം നിയന്ത്രണമാണ്‌.* എന്നാൽ *സെൽഫ്‌ ഡിസിപ്ലിനാകട്ടെ പരമമായ സ്വാതന്ത്ര്യവും.*

ഒന്ന് നിർത്തിയ ശേഷം അദ്ദേഹം തുടർന്നു. *നിങ്ങൾ ജീവിതത്തിൽ* ഡിസിപ്ലിൻഡ്‌ ആകുന്നതിനുപകരം *സെൽഫ്‌ ഡിസിപ്ലിൻഡ്‌* ആയിരിക്കുക. കാരണം *മറ്റുള്ളവർ* നമുക്കുമേൽ *അടിച്ചേൽപ്പിക്കുന്ന* നന്മകളേക്കാൾ ഉത്തമം *നാം സ്വയം തിരിച്ചറിഞ്ഞ്‌ ചെയ്യുന്ന നന്മകളാണ്‌.*

ഇത്‌ നമുക്കേവർക്കും വളരെ നല്ലൊരു പാഠമാണ്‌. ജീവിതത്തിൽ *ശരിതെറ്റുകൾ തിരിച്ചറിഞ്ഞ്‌* ശരികൾക്ക്‌ ഊന്നൽ നൽകുകയും തെറ്റുകളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്നതാണ്‌ യഥാർത്ഥ സെൽഫ്‌ ഡിസിപ്ലിൻ. അത്‌ ഒരാളുടെ *വ്യക്തിത്വത്തിന്റെ* ഏറ്റവും *ഉദാത്തമായ ഒരു അവസ്ഥ* കൂടിയാണ്‌. 

മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ *തിന്മകളിൽ നിന്ന് സ്വയം വാതിലടച്ച്‌ കുറ്റിയിടുന്നതാണ്‌ സെൽഫ്‌ ഡിസ്പ്ലിൻ.* *ആ വാതിലിന്റെ കുറ്റിയും കൊളുത്തും മറ്റൊരാളുടെ കൈകളിൽ ഏൽപ്പിക്കാതിരിക്കുക.* 
(കടപ്പാട്)

ദൈവത്തെത്തേടി

ഒരു സന്ദേഹിയായ മനുഷ്യൻ ഒരു ഗുരുവിനടുത്തെത്തി.
"ദൈവം എവിടെയാണെന്ന് അന്വേഷിക്കുകയാണ് ഞാൻ . "
ആ മനുഷ്യൻ ഗുരുവിനോട് പറഞ്ഞു.

"ദൈവം ഇല്ലാത്ത സ്ഥലം നോക്കുകയാണ് ഞാൻ . അവനില്ലാത്ത ഒരിടം പോലും എനിക്ക് ദർശിക്കാനാവുന്നില്ലല്ലോ. "
ഗുരു മൊഴിഞ്ഞു.

African proverb

If you want to go fast, go alone. If you want to go far, go together.

ഗുരുവും ഞാനും

 

എന്റെ ഗുരുവിനോട് ഞാൻ പറഞ്ഞു: പുസ്തകങ്ങൾ പലതും വായിച്ചിട്ടും അതിലൊന്നും എന്റെ ഓർമ്മയിൽ നില്ക്കുന്നില്ല..
അദ്ദേഹം എനിക്ക് ഒരു ഈത്തപ്പഴം തന്നു , എന്നിട്ട് പറഞ്ഞു: ഇത് ചവയ്ക്കുക.
ഞാനത് ചവച്ച് തിന്നു.
തുടർന്ന് അദ്ദേഹം എന്നോട് ചോദിച്ചു: നീ ഇപ്പോൾ വലുതായോ ?
ഞാൻ പറഞ്ഞു: ഇല്ല
അദ്ദേഹം പറഞ്ഞു: എന്നാൽ ആ ഈത്തപ്പഴം നിന്റെ ശരീരത്തിന്റെ മാംസം, അസ്ഥി, നാഡി, ചർമ്മം, മുടി, നഖം, കോശങ്ങൾ എന്നിവയായി മാറിക്കഴിഞ്ഞു.
ഞാൻ വായിക്കുന്ന ഓരോ പുസ്തകവും എന്റെ ഭാഷയെ ശക്തിപ്പെടുത്തുകയും അറിവ് വർദ്ധിപ്പിക്കുകയും ധാർമ്മികതയെ പരിഷ്കരിക്കുകയും ചെയ്യുന്നുവെന്ന സത്യം അന്ന് ഞാൻ മനസ്സിലാക്കി
 
- ✍️ സൽമാൻ ഔദ

സ്വത്വം മറന്ന കോഴി

ഒരറബിക്കോഴിക്കഥ

എല്ലാ ദിവസവും പുലർച്ചെ എഴുന്നേറ്റ് കൂവുന്ന ഒരു പൂവൻകോഴി ഉണ്ടായിരുന്നു.
ഉറക്കത്തിന് ശല്യമാണെന്ന് കണ്ട കോഴിയുടെ ഉടമ വന്ന്  പറഞ്ഞു: "ഇനി ഇന്നേരത്ത് ഇന്നു മുതൽ കൂവരുത് . കൂവിയാൽ നിന്റെ  തൂവലുകൾ ജീവനോടെ പറിച്ചെടുക്കും, കേട്ടോടാ "
കോഴി ഭയന്ന് മനസിൽ പറഞ്ഞു:   "അനിവാര്യതകൾ വിലക്കുകൾ അനുവദിക്കുന്നു.”*
ആവശ്യം വരുമ്പോൾ ഒരു അണ്ടർസ്റ്റാന്റിങ് ആവാം !! 
മറ്റു പൂവനുകൾ ആ നേരത്ത് കൂകിയാലും
നമ്മുടെ പൂവൻ മാത്രം മനസ്സിൽ കൂവും.
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
ഒരാഴ്ചയ്ക്ക് ശേഷം, കോഴിയുടെ ഉടമ വന്ന് പറഞ്ഞു:
"ടാ പൂവാ, നീ പിടക്കോഴികളെപ്പോലെ കുറുകുന്നില്ലെങ്കിൽ ഞാൻ നിന്നെ അറുത്തു കളയും;പറഞ്ഞേക്കാം" !!!

അപ്പോഴും പൂവൻ സ്വത്വ ഭയം കാരണം പിടഞ്ഞെങ്കിലും മനസിൽ സമാധാനിച്ചു: 
“ അനിവാര്യതകൾ വിലക്കുകൾ അനുവദിക്കുന്നു.”**
ആവശ്യം വരുമ്പോൾ ഒരു അണ്ടർസ്റ്റാന്റിങ് കൂടി ആവാം !! എന്നെയും വേണമല്ലോ പരിഗണിക്കുക ?! 

ദിവസങ്ങൾ  പൊടുന്നനെ കഴിഞ്ഞു പോയി. സ്വതസിദ്ധമായ കൂവൽ നിർത്തി ചെറിയ ശബ്ദത്തിൽ കുറുകി മണ്ണിൽ കൊത്തി കൊത്തി നടക്കുന്നതിനിടയിൽ പൂവന്റെ ഉടമ വീണ്ടും വന്ന് ഭീഷണി സ്വരത്തിൽ ആക്രോശിച്ചു :
"ടാ പൂവാ, നീ പിടക്കോഴികളെപ്പോലെ  കുറുകി നിലം കൊത്തി എന്റെ ധാന്യവും മുണ്ങ്ങി ഇങ്ങനെ നടന്നാ പോരാ നാളെ മുതൽ മുട്ടയിട്ടോളണം , പറഞ്ഞേക്കാം."
സ്വത്വപ്രതിസന്ധിയോടെ കോഴി നിന്നു കരയാൻ തുടങ്ങി. തുടർന്ന് മനസ്സിൽ പറഞ്ഞു:
അന്നേ പൂവനെപ്പോലെ കൂവിത്തന്നെ ചത്താൽ മതിയായിരുന്നു.
 
ഗുണപാഠം : സ്വത്വം മറക്കുന്ന ഏതു കോഴിയും അവസാനം ഖേദിക്കും .

സമ്പാ & വിവ : ഹഫീദ്  കൊച്ചി

ജാതക കഥകളിൽനിന്ന്

കാശിരാജാവായ ബ്രഹ്മദത്തന്റെ നാലു പുത്രന്മാർക്കും പ്ലാശുമരം കാണാൻ പൂതിയായി. ദൂരെ ഹിമാലയ പ്രാന്തങ്ങളിലാണ് അതുള്ളത്.

എല്ലാവർക്കും ഒരേ സമയം കൊട്ടാരത്തിൽനിന്ന് വിട്ടുനിൽക്കാനുമാകില്ല. ഓരോരുത്തരായി പോകാം എന്നായി.

ആദ്യ ഊഴക്കാരനായ മൂത്ത രാജകുമാരൻ പ്ലാശുമരം കാണുമ്പോൾ മഞ്ഞുകാലമായിരുന്നു. ഇലകളത്രയും കൊഴിഞ്ഞ് ഹിമത്താൽ മൂടി വെളുത്ത മിന്നൽചില്ലകൾ വാനിലേക്കെറിഞ്ഞ് നിൽക്കുന്ന പ്ലാശ് വൃക്ഷത്തിന്റെ ധവളസൌന്ദര്യത്തിൽ മധ്യവയസ്കനായ അയാൾ മുഴുകിപ്പോയി.

രണ്ടാമൂഴക്കാരനായ രാജകുമാരൻ ഹിമാലയത്തിനു താഴെയെത്തിയപ്പോൾ പ്ലാശ് തളിർത്ത് ഇലകളാൽ സമൃദ്ധമായിരുന്നു. തെളിഞ്ഞ ആകാശത്തിനു താഴെ തിളങ്ങുന്ന പച്ചയുടെ സമൃദ്ധികണ്ട് അയാൾക്ക് തലച്ചോറിൽ ലഹരി കയറി.

യുവാവായ മൂന്നാമൻ എത്തിയപ്പോഴേക്കും രക്തവർണമുള്ള പൂക്കൾ ചൂടി മരം ജ്വലിച്ചുനിൽക്കുന്നു. ഹിമാലയത്തിൻ്റെ മെയ്യിൽ ചുവപ്പിന്റെ ആഘോഷം. അയാളുടെ യുവരക്തം തുടുത്തു.

ഇളയവൻ വരുമ്പോൾ പ്ലാശിലാകെ കനികൾ പഴുത്തുനിൽക്കുന്നു. സ്വർണവർണം വെള്ളിവെയിലിനോട് മത്സരിക്കുന്ന വിസ്മയക്കാഴ്ചയിൽ അവൻ പ്രണയാതുരനായി.

എല്ലാരും കണ്ടുകഴിഞ്ഞപ്പോൾ രാജാവ് ചോദിച്ചു, "എങ്ങനെയുണ്ട് പ്ലാശ്?"

"അച്ഛാ, അത് നിത്യമായ ശാന്തതയെയും ശമത്തെയും ഓർമിപ്പിക്കുന്ന ശ്വേതം". മൂത്തവൻ പറഞ്ഞു.

"അല്ല, ജീവിതത്തിന്റെ സജീവതയെ കുറിക്കുന്ന ഹരിതസാന്ത്വനം". എന്ന് രണ്ടാമൻ

"അങ്ങനെയല്ല, ആവേശത്തിന്റെ തീവ്രസൌന്ദര്യം വമിക്കുന്ന പോരാട്ടച്ചുവപ്പ്" എന്നായി മൂന്നാമൻ

"ഞാനല്ലേ അവസാനം കണ്ടത്, ഉദാത്ത പ്രണയത്തിന്റെ സാഫല്യത്തെ എഴുതുന്ന സ്വർണമഞ്ഞയാണ് പ്ലാശ്"

രാജാവ് ചിരിച്ചു:
"എല്ലാം ഒന്നുതന്നെ എന്നതാണ് സത്യം.

()

പുതുമൊഴി: ജമീൽ അഹ്മദ്