ദൈവവിധി

ഒരു കര്‍ഷകന്‍ ദൈവത്തോട് ഒരിക്കല്‍ വഴക്കിട്ട്, “അങ്ങേക്ക്‌ കൃഷിയെപ്പറ്റി എന്തറിയാം, തോന്നുമ്പോള്‍ മഴ പെയ്യിക്കുന്നു, അസമയത്തു കാറ്റ് വീശിക്കുന്നു. വലിയ ശല്യമായിരിക്കുകയാണ്. അങ്ങ് ആ ജോലികളൊക്കെ കര്‍ഷകനായ എന്നെ ഏല്‍പ്പിച്ചേക്കൂ” എന്നു പറഞ്ഞു.

ദൈവം ഉടന്‍ തന്നെ ”അങ്ങനെയാണോ, എന്നാല്‍ ശരി ഇന്നു മുതല്‍ കാറ്റ്, മഴ എന്നിവയെല്ലാം നിന്‍റെ നിയന്ത്രണത്തില്‍ത്തന്നെ ഇരിക്കട്ടെ.” എന്നനുഗ്രഹിച്ചിട്ട് അപ്രത്യക്ഷനായി.

കര്‍ഷകന് വളരെ സന്തോഷമായി.

അടുത്ത കൃഷിയിറക്കേണ്ട സമയമെത്തിയപ്പോള്‍ കര്‍ഷകന്‍ ‘മഴയേ പെയ്യുക’ എന്നു പറഞ്ഞു. മഴ പെയ്തു. ‘പെയ്തതു മതി’ എന്നു പറഞ്ഞപ്പോള്‍ മഴ തോര്‍ന്നു. ഈര്‍പ്പമുള്ള നിലത്തില്‍ ഉഴുതു മറിച്ച്, ആവശ്യമുള്ളത്ര വേഗതയില്‍ കാറ്റു വീശിപ്പിച്ചു വിത്തുകള്‍ പാകി.

മഴയും വെയിലും കാറ്റും ആ കര്‍ഷകന്‍റെ വരുതിയില്‍ നിന്നു. ചെടികള്‍ വളര്‍ന്നു. കൃഷിസ്ഥലം കാണാന്‍ മനോഹരമായിത്തീര്‍ന്നു. കൊയ്ത്തുകാലം വന്നണഞ്ഞു.

കര്‍ഷകന്‍ ഒരു നെല്‍ക്കതിര്‍ കൊയ്തെടുത്തു നോക്കി. അതിനകത്ത് ധാന്യം ഉണ്ടായിരുന്നില്ല.

മറ്റൊരു കതിരെടുത്തു നോക്കി അതിലും ധാന്യമുണ്ടായിരുന്നില്ല. ഓരോന്നെടുത്തു നോക്കിയപ്പോള്‍ ഒന്നിലും ധാന്യമുണ്ടായിരുന്നില്ല.

അയാള്‍ ക്രുദ്ധനായി.

“ഹേ ദൈവമേ! മഴ, വെയില്‍, കാറ്റ് എല്ലാം ശരിയായ അനുപാതത്തിലായിരുന്നല്ലോ ഞാന്‍ ഉപയോഗിച്ചിരുന്നത്, എന്നിട്ടും എന്തുകൊണ്ടാണ് എന്‍റെ കൃഷി നശിച്ചത്?” എന്നു ചോദിച്ചു.

ദൈവം പറഞ്ഞു “എന്‍റെ നിയന്ത്രണത്തില്‍ ഇരുന്നപ്പോള്‍ കാറ്റു വേഗതയോടുകൂടി വീശുമ്പോള്‍ അമ്മയെ ഇറുകെപ്പിടിക്കുന്ന കുഞ്ഞിനെപ്പോലെ സസ്യങ്ങള്‍ ഭൂമിയുടെ ഉള്ളിലേക്ക് വേരുകളെ ആഴത്തില്‍ ഇറക്കും. മഴ കുറയുമ്പോള്‍ ജലം അന്വേഷിച്ച് വേരുകള്‍ നാനാവശങ്ങളിലേക്കും പടരും. പോരാട്ടം ഉണ്ടെങ്കിലേ സസ്യങ്ങള്‍ തങ്ങളെ സംരക്ഷിച്ചു കൊണ്ടു ശക്തിയോടെ വളരുകയുള്ളൂ.

എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തപ്പോള്‍ നിന്‍റെ സസ്യങ്ങള്‍ മടിയന്‍മാരായിപ്പോയി. സമൃദ്ധിയായി വളര്‍ന്നുവെങ്കിലും ധാന്യമണികള്‍ നല്‍കുവാന്‍ അവയ്ക്കായില്ല.”

“നിന്‍റെ മഴയും കാറ്റും ഒന്നു എനിക്കു വേണ്ട. നീ തന്നെ നിയന്ത്രിച്ചു വച്ചുകൊള്ളുക” എന്നു പറഞ്ഞ് കര്‍ഷകന്‍ അവയെ ദൈവത്തിനു തന്നെ തിരിച്ചുകൊടുത്തു.

മുല്ല

നീണ്ട കാലമായി കൂടെയുണ്ടായിരുന്ന, മുല്ല നസ്രുദീന്റെ കഴുതയെ ഒരു സുപ്രഭാതത്തിൽ തൊഴുത്തിൽ നിന്ന് കാണാതായി,
അതറിഞ്ഞ അയൽവാസികളും നാട്ടുകാരും തിരച്ചിലോടു തിരച്ചിൽ പക്ഷെ മുല്ല മാത്രം ഒരു ബേജാറുമില്ലാതെ വീട്ടിലിരുന്നു.
ഇത് കണ്ട് നാട്ടുകാർ ചോദിച്ചു, 'താങ്കൾക്കെന്താ കഴുത പോയിട്ട് ഒരു നഷ്ടബോധമില്ലേ?
മുല്ലയുടെ മറുപടി 'എനിക്ക് മാത്രം എന്തിനാ നഷ്ടബോധം എന്നോടൊപ്പം ഇത്ര കാലം ജീവിച്ച കഴുതയ്ക്ക് വേണമല്ലോ എന്നെ നഷ്ടപ്പെട്ട ദുഃഖം'

ഖലീഫ ഉമർ


ഉമര്‍ ഭരണം തുടങ്ങി കുറേ കാലം കഴിഞ്ഞു. രാത്രി സമയങ്ങളില്‍ എല്ലാവരും  ഉറങ്ങിക്കിടക്കുമ്പോള്‍ ഉറങ്ങാതെ മദീനയുടെ തെരുവോരങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടക്കാറുണ്ടായിരുന്നു ഉമര്‍. ഏതെങ്കിലും ഒരു മനുഷ്യന്‌ എന്തെങ്കിലും ഒരാവിശ്യമുണ്ടെങ്കിലോ എന്നോര്‍ത്ത്‌. അത്തരം ഒരു യാത്രയില്‍, ഒരു തണുത്ത രാത്രിയില്‍, മദീനയുടെ പ്രാന്തപ്പ്രദേശത്തെ ഒരു താഴ്‌വരയില്‍ ഖലീഫാ ഉമര്‍ ഒരു തീവെട്ടം കണ്ടു. ആകാംഷയോടെ അദ്ദേഹം അങ്ങോട്ടു ചെന്നു.

അവിടെ ഒരു സ്‌ത്രീ ആ വിജനമായ സ്ഥലത്ത്‌ ഒരു മരച്ചുവട്ടില്‍ അടുപ്പു കൂട്ടി തീ കത്തിച്ചു കൊണ്ടിരിക്കുകയാണ്‌. അവളുടെ അരികില്‍ തളര്‍ന്നുറങ്ങുന്ന രണ്ട്  കുഞ്ഞുങ്ങളുണ്ടായിരുന്നു. അടുപ്പില്‍ വെച്ച കലത്തില്‍ തിളച്ചു കൊണ്ടിരിക്കുന്ന വെറും വെള്ളം മാത്രം.

തന്റെ അടുത്തൊരു നിഴലാട്ടം കണ്ടപ്പോള്‍ സ്‌ത്രീ ഞെട്ടിത്തിരിഞ്ഞു നോക്കി. അപരിചിതനായ ഒരു പുരുഷനെ കണ്ടപ്പോള്‍ വര്‍ദ്ധിച്ച കോപത്തോടെ ആ സ്‌ത്രീ ഖലീഫാ ഉമറിനോടു ചോദിച്ചു.

"ഹെ.. മനുഷ്യ. നിങ്ങള്‍ക്കിത്ര ധൈര്യമോ? വിജനമായ ഒരു സ്ഥലത്ത്‌ ഒരു സ്‌ത്രീ മാത്രമുള്ളപ്പോള്‍ അവളുടെ അടുത്തേക്ക്‌ പാത്തും പതുങ്ങിയും വരാന്‍ നിങ്ങളെങ്ങിനെ ധൈര്യപ്പെടുന്നു. അറേബ്യ ഭരിക്കുന്നത്‌ ഉമറാണെന്ന്‌ നിങ്ങള്‍ക്കറിയില്ലെ. നാളെ ഈ കാര്യമെങ്ങാനും ഉമററിഞ്ഞാല്‍ നിങ്ങളുടെ കാര്യമെന്താവുമെന്ന്‌ നിങ്ങളോര്‍ക്കുന്നുണ്ടോ?"

"ഉമര്‍ ശാന്തനായി പറഞ്ഞു. പ്രിയപ്പെട്ട സഹോദരീ. അപരിചിതവും വിജനവുമായ ഒരു സ്ഥലത്ത്‌ തീ വെളിച്ചം കണ്ടു വന്നതാണ്‌. നിങ്ങള്‍ ബുദ്ധിമുട്ടിലാണെന്ന്‌ തോണുന്നു. നിങ്ങള്‍ക്ക്‌ വല്ല സഹായവും ആവിശ്യമുണ്ടോ? നിങ്ങള്‍ ആരാണ്‌? എന്തിനാണ്‌ ഇങ്ങോട്ട്‌ വന്നിരിക്കുന്നത്‌?"

"ഞങ്ങള്‍ ദൂരെ നിന്ന്‌ വരികയാണ്‌. പട്ടിണി സഹിക്കാന്‍ വയ്യാതായ കാരണം ഖലീഫാ ഉമറിനെ കണ്ട്‌ സഹായമെന്തെങ്കിലും കിട്ടുമോ എന്ന്‌ നോക്കാന്‍ വന്നതാണ്‌. ഇവിടെ എത്തിയപ്പോള്‍ രാത്രിയായി. നാളെ രവിലെ ഖലീഫയെ കാണാമെന്നു കരുതി. വിശന്ന മക്കള്‍ വെറുതെ വെള്ളം ചൂടാക്കുന്നത്‌ കാണുമ്പോള്‍ ഭക്ഷണമായിരിക്കും എന്നാശ്വസിച്ച്‌ കിടക്കുമല്ലോ. അവര്‍ അങ്ങിനെ ഉറങ്ങട്ടെ.
ഖലീഫക്കിതൊന്നും അറിയണ്ടല്ലോ. നാളെ അല്ലാഹുവിന്റെ കോടതിയില്‍ വിശന്നുറങ്ങുന്ന എന്റെ കുട്ടികളുടെ കാര്യത്തില്‍ ഖലീഫക്കെങ്ങിനെ ഒഴിഞ്ഞു മാറാനാവും."

ആ സ്‌ത്രീയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഖലീഫാ ഉമര്‍ ഞെട്ടി വിറച്ചു. അദ്ദേഹത്തിന്റെ കണ്ണുകളിലൂടെ ധാര ധാരയായി കണ്ണുനീര്‍ ഒലിച്ചിറങ്ങാന്‍ തുടങ്ങി. പിന്നെ അദ്ദേഹം അവിടെ നിന്നില്ല. തിരിച്ചോടുകയായിരുന്നു. തന്റെ മന്ത്രിയുടെ വീടിന്‍റെ വതിലില്‍ മുട്ടി വിളിച്ചു.

അദ്ദേഹം പുറത്തേക്ക്‌ വന്നപ്പോള്‍ ഖലീഫ ഉമര്‍ ഒരൊറ്റ ചോദ്യമേ ചോദിച്ചുള്ളു.

"അറേബ്യയില്‍ എത്ര മനുഷ്യര്‍ പട്ടിണി കിടക്കുന്നുണ്ട്‌?"
"അമീറുല്‍ മുഅ്മിനീന്‍.. എന്റെ അറിവില്‍ ആരുമില്ല തന്നെ."
"കഷ്ടം.. നിനക്കും ഉമറിനും നാശം. ആ മലഞ്ചെരുവിലതാ ഉമറിനുള്ള ശിക്ഷ വിശന്നുറങ്ങുന്നു. നീയിവിടെ ഉറങ്ങുകയാണോ? എന്റെ കൂടെ വരിക!"
ഉമര്‍ അയാളെയും കൂട്ടി പൊതു ഖജനാവിന്റെ അടുത്തു ചെന്നു. അതിന്റെ കാവല്‍കാരനോട്‌ അത്‌ തുറക്കാന്‍ പറഞ്ഞു. വലിയ ഒരു ചാക്ക്‌ ധാന്യം തന്റെ തലയിലേക്ക്‌ വച്ചു തരാന്‍ ഉമര്‍ തന്റെ മന്ത്രിയോട്‌ പറഞ്ഞു. അയാള്‍ മടിച്ചു നിന്നു. പിന്നെ ഉമറിനോടു പറഞ്ഞു.
"അമീറുല്‍ മുഅ്മിനീന്‍.. താങ്കളത്‌ എന്റെ ചുമലിലേക്ക്‌ പിടിച്ചു തരിക. ഞാനിവിടെ നില്‍ക്കുമ്പോള്‍ ഈ ഭാരം അങ്ങ്‌ ചുമക്കുകയോ?"
കോപത്തോടെ ഖലീഫാ ഉമര്‍ ചോദിച്ചു.
"നാളെ വിചാരണ ദിവസം അല്ലാഹുവിന്റെ മുമ്പില്‍ എന്റെ പാപ ഭാരങ്ങളും നീ ചുമക്കുമോ? നീ ഇതെന്റെ ചുമലിലേക്ക്‌ വച്ചു തരിക. ഇത്‌ ഖലീഫയുടെ ഉത്തരവാണ്‌."
ആ രാജ കല്‍പ്പനക്കു മുമ്പില്‍ മന്ത്രിക്ക്‌ മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. തന്റെ തലയില്‍ ചുമന്ന ചാക്കും, ഒരു കയ്യില്‍ ഈത്തപ്പഴ വട്ടിയുമായി ഖലീഫാ ഉമര്‍ ആ മലഞ്ചെരുവ്‌ ലക്ഷ്യമാക്കി നടന്നു. പിന്നാലെ വഴി വെളിച്ചം കാണിച്ചു കൊണ്ട്‌ മന്ത്രിയും. അവരെത്തിയപ്പോള്‍ ആ സ്‌ത്രീ അമ്പരന്നു പോയി. ഉമര്‍ ആ സ്‌ത്രീക്ക്‌ ധാന്യവും ഈത്തപ്പഴവും കൊടുത്തു. അതെല്ലാം കിട്ടിയ സന്തോഷത്തോടെ ആ സ്‌ത്രീ പറഞ്ഞു.
"നിങ്ങളെത്ര നല്ല മനുഷ്യനാണ്‌. തീര്‍ച്ചയായും ഉമറിനെക്കാളും അറേബ്യയുടെ ഖലീഫയാകാന്‍ നിങ്ങളാണ്‌ യോഗ്യന്‍. അതു കേള്‍ക്കെ ഇതാണ്‌ ഖലീഫ ഉമര്‍ എന്നു പറയാനാഞ്ഞ മന്ത്രിയു മുഖത്തേക്ക്‌ ഖലീഫാ ഉമറൊന്നു നോക്കിയപ്പോള്‍ പിന്നെ അങ്ങിനെ പറയാന്‍ മന്ത്രിക്കായില്ല.
ഖലീഫാ ഉമര്‍ ആ സ്‌ത്രീയോടായി ഇങ്ങിനെ പറഞ്ഞു.
"പ്രിയപ്പെട്ട സഹോദരീ. ഖലീഫാ ഉമറിന്‌ ഒരു പക്ഷെ നിങ്ങളുടെ വിവരമൊന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ടാവുല്ല. അദ്ദേഹം തീര്‍ച്ചയായും അല്ലാഹുവിനെ ഭയക്കുന്നവനാണ്‌. നിങ്ങള്‍ നാളെ അദ്ദേഹത്തെ ചെന്നു കാണുക. അദ്ദേഹം നിങ്ങളെ വേണ്ട രീതിയില്‍ സഹായിക്കുക തന്നെ ചെയ്യും. "

ഇത്രയും പറഞ്ഞു കൊണ്ട്‌ ഖലീഫാ ഉമര്‍ കുറച്ചകലേക്കു മാറി ആ സ്‌ത്രീക്കും കുഞ്ഞുങ്ങള്‍ക്കും കാവലെന്നവണം പുലര്‍ച്ചെ വെള്ള കീറുന്നതു വരെ ആ മലഞ്ചെരുവിന്റെ ഒരു ഭഗത്തിരുന്നു...
#fb