വായന

                                           ഓരോ പുലരിയും...


ഓരോ ദിവസവും ഉദിക്കുന്നത്, ഓരോ വെയിലും ചൂടുന്നത്, ഓരോ പുഴയും ഒഴുകുന്നത്...
അങ്ങനെ ഓരോ മണല്‍ത്തരിയും ഈ ഭൂമിയിലെ കോടനുകോടി ജന്തുജാലങ്ങള്‍ക്കു കൂടി ഉള്ളതാണ്. അതിനപ്പുറം കൈക്കലാക്കുന്നത് അതിക്രമമാണ്. മനുഷ്യന്‍ അതിക്രമം ചെയ്തത് കൊണ്ടാണ് കരയിലും കടലിലും നാശങ്ങള്‍ ഉണ്ടായിട്ടുള്ളത്.

വായന

              ജീവിതത്തിലൊരിക്കലെങ്കിലും....


 ജീവിതത്തിലൊരിക്കലെങ്കിലും കാരാഗൃഹം കാണുക, എങ്കില്‍ ദൈവം താങ്കള്‍ക്കേകിയ സ്വാതന്ത്ര്യത്തിന്റെ മൂല്യമറിയാം.

ആയുസ്സിലൊരിക്കല്‍ കോടതിയില്‍ ചെല്ലുക,അപ്പോള്‍ അല്ലാഹു താങ്കള്‍ക്ക് നല്‍കിയ നീതിയുടെ മഹത്വം മനസ്സിലാകും.

മാസത്തിലൊരിക്കല്‍ ആതുരാലയം സന്ദര്‍ശിക്കുക, സൃഷ്ടാവ് താങ്കള്‍ക്ക് കനിഞ്ഞരുളിയ ആരോഗ്യത്തിന്റെ അനുഗ്രഹം ദര്‍ശിക്കാം.

ആഴ്ചയിലൊരിക്കല്‍ പൂങ്കാവനത്തില്‍ പോവുക, പ്രപഞ്ചനാഥന്‍ താങ്കള്‍ക്കൊരുക്കിയ
പ്രകൃതിസൗന്ദര്യം ദര്‍ശിക്കാം.

ദിവസത്തിലൊരിക്കല്‍ ഗ്രന്ഥാലയം സന്ദര്‍ശിക്കുക, ഈശ്വരന്‍ താങ്കള്‍ക്കേകിയ ചിന്താശക്തിയുടെ
ചൈതന്യമറിയാം.

അനുനിമിഷം അല്ലാഹുവുമായി ബന്ധപ്പെടുക, അവന്‍ താങ്കള്‍ക്ക് നല്‍കിയ ജീവിതാനുഗ്രഹങ്ങള്‍
ബോധ്യമാവും.

-മുസ്തഫസ്സ്വിബാഈ

എവിടെയോ വായിച്ചത്

                                                            വെളിച്ചം


വെളിച്ചം ഔഷധഗുണമുള്ള ഒരു വാക്കാണ്‌. വിവരണാതീതമായ അനുഭവം. സാരത്തിന്റെ
സാരവും ചൈതന്യത്തിന്റെ ചൈതന്യവുമാണത്.
വെളിച്ചത്തിനെന്തൊരു വെളിച്ചമെന്ന് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞില്ലേ?
വെളിച്ചത്തിന് മേല്‍ വെളിച്ചമെന്ന് ദൈവം തന്നെ പറഞ്ഞിട്ടുണ്ടല്ലോ!

വെളിച്ചം കാണുമ്പോള്‍ മനം കുളിര്‍ക്കുന്നു.
വെളിച്ചത്തിന്റെ വഴിത്താരയിലാണ് വിവേകവും വികാസവും.
അതിന്റെ പൂമരത്തിലാണ്‌ സ്നേഹവും കാരുണ്യവും.
അതിന്റെ നിറവിലാണ്‌ യുക്തിയും ഭക്തിയും.

ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും
നിഗൂഢതകള്‍ അനാവരണം ചെയ്യുന്ന
കണ്ണും കണ്ണാടിയുമാണത്.
വെളിച്ചമില്ലെങ്കില്‍ പിന്നെ
ഇരുട്ടാണ്‌.
ഇരുട്ടില്‍ ഒന്നുമില്ല;
ഭീകരത മാത്രം.!

ആദിയില്‍ ദൈവം ആദമിനെ സൃഷ്ടിച്ചു.
മണ്ണും വിണ്ണും ഒന്നിച്ച
സങ്കര സൃഷ്ടിയാണ്‌ മനുഷ്യന്‍.

രണ്ടിന്റെയും ലക്ഷണം അവന്‍ കാണിക്കും.
മൃഗത്തേക്കാള്‍ താഴാനും
മാലാഖയേക്കാള്‍ ഉയരാനും
അവന് സാധിക്കും.
ആത്മീയതയും ഭൗതികതയും
കൂടിച്ചേര്‍ന്നപ്പോഴുണ്ടായ
മനോജ്ഞസംഗീതമാണ് മനുഷ്യന്‍.


'മനുഷ്യന്‍' എത്ര സുന്ദരമായ
പദമെന്ന് ഗോര്‍ക്കി പറഞ്ഞിട്ടുണ്ട്.
ബുദ്ധിയും ഭാവനയും
ഇതര ജീവികളില്‍ നിന്ന്
മനുഷ്യനെ വേര്‍തിരിക്കുന്നു.
അവന്‍ യന്ത്രം കണ്ടുപിടിച്ചു.
കവിത രചിച്ചു.
ശാസ്ത്രവും കലയും അതിന്റെ സംഭാവനകള്‍.
ഒറ്റക്കള്ളിയില്‍ ഒതുങ്ങുന്നതല്ല അവന്റെ വ്യക്തിത്വം.

മണ്ണില്‍ വിരിഞ്ഞ ഈ കലാസൃഷ്ടിയെ
ദൈവം ആത്മാവ് കൊണ്ട് അനുഗ്രഹിച്ചിരിക്കുന്നു.
ഖുര്‍ആനില്‍ ഇങ്ങനെ ഒരു വചനമുണ്ട്;
'ആത്മാവെന്താണെന്ന് അവര്‍ ചോദിക്കുന്നു,
പറയുക: അത് ദൈവത്തിന്റെ വിഷയമാണ്‌.'
ദൈവത്തിന്റെ സഹായമില്ലാതെ മനുഷ്യനെ
വായിക്കാനാവില്ല. " വായിക്കുക,
സൃഷ്ടാവായ നിന്റെ നാഥന്റെ നാമത്തില്‍."

ഈ പ്രപഞ്ചം-
അറിയും തോറും നമ്മുടെ
അറിവിനെ കൊച്ചാക്കുന്ന ഈ
അണ്ഢകടാഹം.!
നിഗൂഢതയില്‍ പൊതിഞ്ഞ
ഈ ജീവിതം!

ദൈവത്തിന്റെ വെളിച്ചമില്ലെങ്കില്‍
ഇവയെല്ലാം ദുര്‍ഗ്രാഹ്യമാകും.

സീനായ് മലക്കു മുകളില്‍
മോസസ് വെളിച്ചം കണ്ടു.
ഹിറാഗുഹയില്‍ മുഹമ്മദ് നബിയും,
ബോധി വൃക്ഷച്ചുവട്ടിലും വെളിച്ചമുണ്ടായിരുന്നു
വെളിച്ചം തേടിയുള്ള യാത്ര മനുഷ്യനെ പ്രവാചകസന്നിധികളിലെത്തിക്കുന്നു.
അവിടെ തണലുണ്ട്,
തെളിനീരുണ്ട്, ജീവിതത്തിന്റെ
അര്‍ഥവും വിശദീകരണവുമുണ്ട്.
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ട്.
എല്ലാ ഭാരങ്ങളും
ഇറക്കി വെക്കാനുള്ള അത്താണിയും.

പ്രവാചകന്‍-
ദൈവത്തിന്റെ വെളിച്ച വാഹകന്‍.
ദൈവം പ്രവാചകന്മാരോട് സംവദിച്ചു.
പ്രവാചകന്മാര്‍ ജനങ്ങളോടും.
അറിവിന്റെ പുതിയൊരു വഴി
അവരിലൂടെ നമുക്ക് തുറന്ന് കിട്ടി.
ഈ അറിവ് ശാസ്ത്രത്തിനും
യുക്തിക്കുമെതിരല്ല, അവക്കതീതമാണ്‌.
പഞ്ചേന്ദ്രിയങ്ങളുടെ
പരിമിതികള്‍ ഭേതിക്കുന്ന
കാലങ്ങളെ അതിജീവിക്കുന്ന
ശാശ്വതജ്ഞാനം.

പ്രവാചകന്മാര്‍ പിറക്കുമ്പോള്‍
മരുഭൂമികള്‍ പൂക്കുന്നു.
അവിടെ മൂല്യങ്ങളുടെ റോസാദളങ്ങള്‍
വിടരുന്നു.

ആകാശം ഭൂമിയെ ചുംബിക്കുന്ന
അനര്‍ഘനിമിഷം.
ഹൃദയങ്ങള്‍ കരുണാര്‍ദ്രമാവുകയും
മസ്തിഷ്കം കൂര്‍മമാവുകയും
ചെയ്യുന്ന കാലം.
സംസ്കാരവും നാഗരികതയും
ഒപ്പത്തിനൊപ്പം അവിടെ ചുവട് വെക്കുന്നു.
വികസനത്തിന്റെ സന്തുലിതാവസ്ഥ.
ഒരു സംഗീതം പോലെ അപ്പോള്‍ ലോകം.
പ്രവാചകയുഗങ്ങളിലല്ലാതെ
വികസനത്തിന്റെ ഈ ലയം
സംഭവിച്ചിട്ടില്ല.