സ്‌മൃതികള്‍

സ്‌മൃതികള്‍

വാക്കുകള്‍ക്ക് നീളമേറുമ്പോള്‍
എഴുത്താണിക്ക് ചടക്കും,
വരകള്‍ക്കഴകേറുമ്പോള്‍
കടലാസഹങ്കരിക്കും.

ഗതകാല സ്‌മൃതികള്‍ തന്‍
തപ്ത കുടീരങ്ങളില്‍ നിന്നും
ഓര്‍മകള്‍ പേനത്തുമ്പിലേക്ക്
അശ്വ വേഗത്തില്‍ കുളമ്പടിച്ചെത്തുന്നു.

അറിയാതെയെന്‍ പേനയും
വരയുന്നു വാക്കുകള്‍
വരകള്‍ക്ക് മേലെ
വരികളും തേടി.

ഭരിതമാണെന്നന്തരംഗം
ബാല്യകാലത്തിന്‍ സ്‌മൃതികളാല്‍
വരയുന്നയോരോ വാക്കുകളും
അവയില്‍ നിന്നുണരും
തെളിനീരുറവകളുമാണ്‌.

ഒഴുകുമീയരുവിതന്‍
ഇരു പാര്‍ശ്വങ്ങളിലും
മാലിന്യങ്ങളനവധി,
എങ്കിലുമോരോ ജലത്തുള്ളിയിലും
ആത്മര്‍ഥതയുടെ കണികകള്‍ മാത്രം.

ഒരുമിച്ച് കിളിര്‍ക്കുന്ന ഇലകളെല്ലാം
ഓരോന്നായി കൊഴിഞ്ഞുപോകുന്നത്
ദു:ഖം തന്നെ അല്ലെ?


സൗഹൃദത്തിന്റെ തീരങ്ങളില്‍
തിരമാലകള്‍ വന്നടിക്കുമ്പോള്‍
മണല്‍ തരികള്‍ക്ക് സ്ഥാനം തെറ്റും,


ജീവിതത്തിന്റെ പുസ്തകത്താളുകളില്‍
കോറിയിടപ്പെട്ട വരികളില്‍ ചിലര്‍ മാത്രം .
വാക്കുകളും വര്‍ണ്ണങ്ങളുമായി
താളുകള്‍ മറിയുമ്പോള്‍
അവരില്‍ ചിലര്‍ എന്നെ നോക്കുന്നുണ്ടാവും,
ഒരു വായാടിയെപ്പോലെ,
അല്ലെങ്കില്‍ ഒരു പേനയുന്തിയെപ്പോലെ.
അതുമല്ലെങ്കില്‍ ഒരു...


അര്‍ഥമേതുമില്ലെന്നു തോന്നിലും
അര്‍ഥങ്ങളോരോന്നിനുമനവധിയാണെടോ
എന്നുളിലുളവാകും സ്‌മൃതികളോ
അതോ വികാരങ്ങളോ, അറിവില്ലയൊന്നും..

സ്‌മൃതിപഥങ്ങളുടെ രാജവീഥിയിലൂടെ
തങ്കരഥങ്ങള്‍ എത്രയെണ്ണമെന്നോ?
അഴകേറുമവതന്‍ കൊത്തുവേലകളില്‍
കണ്ണ് നട്ടിരിക്കുമ്പോഴോ
പുതുവിജ്ഞാനങ്ങള്‍ തേടിപ്പോകുന്നത് !?
അതു കൊണ്ട് തന്നെയെനിക്ക്
അറിവില്ലയൊന്നും ഇന്നും
യാതൊന്നും.

വായന

                                           ഓരോ പുലരിയും...


ഓരോ ദിവസവും ഉദിക്കുന്നത്, ഓരോ വെയിലും ചൂടുന്നത്, ഓരോ പുഴയും ഒഴുകുന്നത്...
അങ്ങനെ ഓരോ മണല്‍ത്തരിയും ഈ ഭൂമിയിലെ കോടനുകോടി ജന്തുജാലങ്ങള്‍ക്കു കൂടി ഉള്ളതാണ്. അതിനപ്പുറം കൈക്കലാക്കുന്നത് അതിക്രമമാണ്. മനുഷ്യന്‍ അതിക്രമം ചെയ്തത് കൊണ്ടാണ് കരയിലും കടലിലും നാശങ്ങള്‍ ഉണ്ടായിട്ടുള്ളത്.

വായന

              ജീവിതത്തിലൊരിക്കലെങ്കിലും....


 ജീവിതത്തിലൊരിക്കലെങ്കിലും കാരാഗൃഹം കാണുക, എങ്കില്‍ ദൈവം താങ്കള്‍ക്കേകിയ സ്വാതന്ത്ര്യത്തിന്റെ മൂല്യമറിയാം.

ആയുസ്സിലൊരിക്കല്‍ കോടതിയില്‍ ചെല്ലുക,അപ്പോള്‍ അല്ലാഹു താങ്കള്‍ക്ക് നല്‍കിയ നീതിയുടെ മഹത്വം മനസ്സിലാകും.

മാസത്തിലൊരിക്കല്‍ ആതുരാലയം സന്ദര്‍ശിക്കുക, സൃഷ്ടാവ് താങ്കള്‍ക്ക് കനിഞ്ഞരുളിയ ആരോഗ്യത്തിന്റെ അനുഗ്രഹം ദര്‍ശിക്കാം.

ആഴ്ചയിലൊരിക്കല്‍ പൂങ്കാവനത്തില്‍ പോവുക, പ്രപഞ്ചനാഥന്‍ താങ്കള്‍ക്കൊരുക്കിയ
പ്രകൃതിസൗന്ദര്യം ദര്‍ശിക്കാം.

ദിവസത്തിലൊരിക്കല്‍ ഗ്രന്ഥാലയം സന്ദര്‍ശിക്കുക, ഈശ്വരന്‍ താങ്കള്‍ക്കേകിയ ചിന്താശക്തിയുടെ
ചൈതന്യമറിയാം.

അനുനിമിഷം അല്ലാഹുവുമായി ബന്ധപ്പെടുക, അവന്‍ താങ്കള്‍ക്ക് നല്‍കിയ ജീവിതാനുഗ്രഹങ്ങള്‍
ബോധ്യമാവും.

-മുസ്തഫസ്സ്വിബാഈ

എവിടെയോ വായിച്ചത്

                                                            വെളിച്ചം


വെളിച്ചം ഔഷധഗുണമുള്ള ഒരു വാക്കാണ്‌. വിവരണാതീതമായ അനുഭവം. സാരത്തിന്റെ
സാരവും ചൈതന്യത്തിന്റെ ചൈതന്യവുമാണത്.
വെളിച്ചത്തിനെന്തൊരു വെളിച്ചമെന്ന് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞില്ലേ?
വെളിച്ചത്തിന് മേല്‍ വെളിച്ചമെന്ന് ദൈവം തന്നെ പറഞ്ഞിട്ടുണ്ടല്ലോ!

വെളിച്ചം കാണുമ്പോള്‍ മനം കുളിര്‍ക്കുന്നു.
വെളിച്ചത്തിന്റെ വഴിത്താരയിലാണ് വിവേകവും വികാസവും.
അതിന്റെ പൂമരത്തിലാണ്‌ സ്നേഹവും കാരുണ്യവും.
അതിന്റെ നിറവിലാണ്‌ യുക്തിയും ഭക്തിയും.

ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും
നിഗൂഢതകള്‍ അനാവരണം ചെയ്യുന്ന
കണ്ണും കണ്ണാടിയുമാണത്.
വെളിച്ചമില്ലെങ്കില്‍ പിന്നെ
ഇരുട്ടാണ്‌.
ഇരുട്ടില്‍ ഒന്നുമില്ല;
ഭീകരത മാത്രം.!

ആദിയില്‍ ദൈവം ആദമിനെ സൃഷ്ടിച്ചു.
മണ്ണും വിണ്ണും ഒന്നിച്ച
സങ്കര സൃഷ്ടിയാണ്‌ മനുഷ്യന്‍.

രണ്ടിന്റെയും ലക്ഷണം അവന്‍ കാണിക്കും.
മൃഗത്തേക്കാള്‍ താഴാനും
മാലാഖയേക്കാള്‍ ഉയരാനും
അവന് സാധിക്കും.
ആത്മീയതയും ഭൗതികതയും
കൂടിച്ചേര്‍ന്നപ്പോഴുണ്ടായ
മനോജ്ഞസംഗീതമാണ് മനുഷ്യന്‍.


'മനുഷ്യന്‍' എത്ര സുന്ദരമായ
പദമെന്ന് ഗോര്‍ക്കി പറഞ്ഞിട്ടുണ്ട്.
ബുദ്ധിയും ഭാവനയും
ഇതര ജീവികളില്‍ നിന്ന്
മനുഷ്യനെ വേര്‍തിരിക്കുന്നു.
അവന്‍ യന്ത്രം കണ്ടുപിടിച്ചു.
കവിത രചിച്ചു.
ശാസ്ത്രവും കലയും അതിന്റെ സംഭാവനകള്‍.
ഒറ്റക്കള്ളിയില്‍ ഒതുങ്ങുന്നതല്ല അവന്റെ വ്യക്തിത്വം.

മണ്ണില്‍ വിരിഞ്ഞ ഈ കലാസൃഷ്ടിയെ
ദൈവം ആത്മാവ് കൊണ്ട് അനുഗ്രഹിച്ചിരിക്കുന്നു.
ഖുര്‍ആനില്‍ ഇങ്ങനെ ഒരു വചനമുണ്ട്;
'ആത്മാവെന്താണെന്ന് അവര്‍ ചോദിക്കുന്നു,
പറയുക: അത് ദൈവത്തിന്റെ വിഷയമാണ്‌.'
ദൈവത്തിന്റെ സഹായമില്ലാതെ മനുഷ്യനെ
വായിക്കാനാവില്ല. " വായിക്കുക,
സൃഷ്ടാവായ നിന്റെ നാഥന്റെ നാമത്തില്‍."

ഈ പ്രപഞ്ചം-
അറിയും തോറും നമ്മുടെ
അറിവിനെ കൊച്ചാക്കുന്ന ഈ
അണ്ഢകടാഹം.!
നിഗൂഢതയില്‍ പൊതിഞ്ഞ
ഈ ജീവിതം!

ദൈവത്തിന്റെ വെളിച്ചമില്ലെങ്കില്‍
ഇവയെല്ലാം ദുര്‍ഗ്രാഹ്യമാകും.

സീനായ് മലക്കു മുകളില്‍
മോസസ് വെളിച്ചം കണ്ടു.
ഹിറാഗുഹയില്‍ മുഹമ്മദ് നബിയും,
ബോധി വൃക്ഷച്ചുവട്ടിലും വെളിച്ചമുണ്ടായിരുന്നു
വെളിച്ചം തേടിയുള്ള യാത്ര മനുഷ്യനെ പ്രവാചകസന്നിധികളിലെത്തിക്കുന്നു.
അവിടെ തണലുണ്ട്,
തെളിനീരുണ്ട്, ജീവിതത്തിന്റെ
അര്‍ഥവും വിശദീകരണവുമുണ്ട്.
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ട്.
എല്ലാ ഭാരങ്ങളും
ഇറക്കി വെക്കാനുള്ള അത്താണിയും.

പ്രവാചകന്‍-
ദൈവത്തിന്റെ വെളിച്ച വാഹകന്‍.
ദൈവം പ്രവാചകന്മാരോട് സംവദിച്ചു.
പ്രവാചകന്മാര്‍ ജനങ്ങളോടും.
അറിവിന്റെ പുതിയൊരു വഴി
അവരിലൂടെ നമുക്ക് തുറന്ന് കിട്ടി.
ഈ അറിവ് ശാസ്ത്രത്തിനും
യുക്തിക്കുമെതിരല്ല, അവക്കതീതമാണ്‌.
പഞ്ചേന്ദ്രിയങ്ങളുടെ
പരിമിതികള്‍ ഭേതിക്കുന്ന
കാലങ്ങളെ അതിജീവിക്കുന്ന
ശാശ്വതജ്ഞാനം.

പ്രവാചകന്മാര്‍ പിറക്കുമ്പോള്‍
മരുഭൂമികള്‍ പൂക്കുന്നു.
അവിടെ മൂല്യങ്ങളുടെ റോസാദളങ്ങള്‍
വിടരുന്നു.

ആകാശം ഭൂമിയെ ചുംബിക്കുന്ന
അനര്‍ഘനിമിഷം.
ഹൃദയങ്ങള്‍ കരുണാര്‍ദ്രമാവുകയും
മസ്തിഷ്കം കൂര്‍മമാവുകയും
ചെയ്യുന്ന കാലം.
സംസ്കാരവും നാഗരികതയും
ഒപ്പത്തിനൊപ്പം അവിടെ ചുവട് വെക്കുന്നു.
വികസനത്തിന്റെ സന്തുലിതാവസ്ഥ.
ഒരു സംഗീതം പോലെ അപ്പോള്‍ ലോകം.
പ്രവാചകയുഗങ്ങളിലല്ലാതെ
വികസനത്തിന്റെ ഈ ലയം
സംഭവിച്ചിട്ടില്ല.

കലീല വ ദിംന


കലീല വ ദിംന

എനിക്കേറ്റവും ഇഷ്ടപ്പെട്ട ക്ലാസിക് പുസ്തകങ്ങളിലൊന്നാണ്‌ കലീല വ ദിം ന. അതില്‍ നിന്നുമുള്ള അല്‍പം വാക്യങ്ങളാണ്‌  താഴെ. ഐ. പി. എച്ച്  പ്രസിദ്ധീകരിച്ചതാണ്‌  പുസ്തകം
ഈ ലോകത്തെയും അതിന്റെ അവസ്ഥകളെയും അതിലെ ഏറ്റവും ശ്രേഷ്ഠസൃഷ് ടിയായിരുന്നിട്ടും ദൌഷ് ട്യത്തിലും ആധിയിലും കെട്ടിമറിയുന്ന മനുഷ്യനെയും കുറിച്ച് ചിന്തിച്ച് നോക്കിയപ്പോള്‍ എനിക്ക് മനസ്സിലായി, ഈ യാഥാര്‍ഥ്യങ്ങള്‍ അറിഞ്ഞിട്ടും മോചനത്തിന്‍ വേണ്ടി പരിശ്രമിക്കാത്തവന്‍ ബുദ്ധിയുള്ള മനുഷ്യനല്ല. ഞാനതില്‍ അത്യന്തം അദ്ഭുതപ്പെട്ടു. പിന്നെ എന്തുകൊണ്ടാണ്‌ മനുഷ്യന്‍ സ്വന്തം മോചനവും വിജയവും മറന്ന് പ്രവര്‍ ത്തിക്കുന്നതെന്നും നിരീക്ഷിച്ചു. അപ്പോള്‍ മനസ്സിലായി; കേള്‍വി , കാഴ്ച, രുചി, സ്പര്‍ശം , ഘ്രാണം എന്നീ ഇന്ദ്രിയത്തിലൂടെ ലഭിക്കുന്ന ക്ഷുദ്രവും ക്ഷണികവും നിസ്സാരവുമായ രസങ്ങള്‍ ക്ക് വേണ്ടിയാണ്‌ അവനെ സ്ഥായിയും സാരവത്തുമായ വിജയത്തിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ വര്‍ജ്ജിക്കുന്നത്. തുച്ചമായ രസങ്ങള്‍ നേടുന്നതില്‍ നിരതനായി തന്നെയും തന്റെ യഥാര്‍ഥ വിജയത്തെയും വിസ്മരിച്ചിരിക്കുകയാണവന്‍.