നാലുപേർ കുറ്റം സമ്മതിച്ചു. നാലുപേരെയും തൂക്കിക്കൊന്നു.

കമ്മ്യൂണിസ്റ്റ് ഭരണാധികാരികളുടെ യഥാർഥ സ്വഭാവം അനാവരണം ചെയ്യുന്ന സ്റ്റാലിന്റെ കാലത്തെ ഒരനുഭവം കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗവും പ്രമുഖ നിയമജ്ഞനുമായ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ വിശദീകരിക്കുന്നു.
  "ഒരിക്കൽ സ്റ്റാലിൻ താൻ പുക വലിക്കാൻ ഉപയോഗിക്കുന്ന പൈപ്പ് മേശപ്പുറത്ത് കണ്ടില്ല. മുറിയിലാകെ തെരഞ്ഞു നോക്കി. ഫലമുണ്ടായില്ല. ഉടൻ പോലീസ് ഇൻസ്പെക്ടർക്ക് ഫോൺ ചെയ്ത് വിവരമറിയിച്ചു.ചാരന്മാർ തന്റെ മുറിയിൽ വരെ വന്നിട്ടുണ്ടോ എന്ന് സംശയം പ്രകടിപ്പിക്കുകയും ഊർജിതമായി അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അല്പ സമയം കഴിഞ്ഞ് ട്രൗസറിന്റെ
 പോക്കറ്റിൽ കയ്യിട്ടപ്പോൾ പൈപ്പ് അവിടെ ഉണ്ടായിരുന്നു. ഉടൻതന്നെ പോലീസ് ഇൻസ്പെക്ടറെ വിളിച്ച് വിവരമറിയിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:" സർ, ക്ഷമിക്കണം. ഞാൻ ഊർജിതമായി അന്വേഷണം നടത്തി. നാലുപേർ കുറ്റം സമ്മതിച്ചു. അവരെ നാലുപേരെയും തൂക്കിക്കൊല്ലുകയും ചെയ്തിട്ടുണ്ട്."(വി. ആർ. കൃഷ്ണയ്യരുടെ 'കമ്മ്യൂണിസ്റ്റ് നാടുകളിലൂടെ' എന്ന പുസ്തകത്തിൽ നിന്ന് )

വഴുതനങ്ങ മന്ത്രി

 

വഴുതനങ്ങയെ പറ്റി ഒരു കഥയുണ്ട്.
ഒരിക്കൽ ഒരു രാജാവ് ഒരുപാട് നാളത്തെ യുദ്ധം കഴിഞ്ഞു കൊട്ടാരത്തിൽ വന്നപ്പോൾ ഊണിന് വഴുതനങ്ങ ഉപ്പേരിയും ഉണ്ടായിരുന്നു. രാജാവിന് അത് വലിയ ഇഷ്ടമായി.
"ഈ വഴുതനങ്ങ എന്ത് സ്വാദാണ്" എന്ന് രാജാവ് അത്ഭുതപ്പെട്ടു.
"അതെ, വഴുതനങ്ങ വിശിഷ്ടമായ ഒരു വിഭവം തന്നെയാണ്" എന്ന് തൊട്ടടുത്തിരുന്ന മന്ത്രി സമ്മതിച്ചു.
"വഴുതനങ്ങ ആരോഗ്യത്തിനു വളരെ നല്ലതല്ലേ" എന്നാരാഞ്ഞു രാജാവ്
"തീർച്ചയായും, വഴുതനങ്ങയിൽ ഒരുപാട് പോഷകങ്ങൾ ഉണ്ട് " എന്ന് മന്ത്രി ഉത്തരമേകി
"എനിക്ക് ഊണിന് എന്നും വഴുതനങ്ങ വേണം" എന്ന് രാജാവ് കല്പ്പിച്ചു.
"എനിക്കും.. " എന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അങ്ങനെ ദിവസവും വഴുതനങ്ങ കൂട്ടി രാജാവിന് മടുത്തു.
ഒരു ദിവസം,
"ഇതെന്താണ്, ഇന്നും ഈ വൃത്തികെട്ട വഴുതനങ്ങയോ?" എന്ന് രാജാവ് കോപിച്ചു.
"ഇതിലും ഭേദം പട്ടിണിയാണ്" എന്ന് മന്ത്രി സമ്മതിച്ചു
"ഇത് വായിൽ വെക്കാൻ കൊള്ളില്ലല്ലോ" എന്നായി രാജാവ്
"അല്ലെങ്കിലും വഴുതനങ്ങ ഒരു സ്വാദില്ലാത്ത കറിയാണ്" എന്ന് കൂടെ മന്ത്രിയും
"എനിക്ക് ഇനി ഒരിക്കലും വഴുതനങ്ങ വേണ്ട" എന്ന് രാജാവ് കല്പ്പിച്ചു
"വഴുതനങ്ങ ഈ കൊട്ടാരത്തിൽ കയറ്റിപ്പോകരുത്" എന്ന് മന്ത്രിയും.
...
ഒരു നിമിഷം കഴിഞ്ഞ് ഒന്ന് ദേഷ്യം കുറഞ്ഞപ്പോൾ രാജാവ് മന്ത്രിയോട് ചോദിച്ചു.
"അന്ന് ഞാൻ വഴുതനങ്ങ നല്ലതാണെന്നു പറഞ്ഞപ്പോൾ നിങ്ങൾ അതിനെ പുകഴ്ത്തിയതാണല്ലോ, എന്നിട്ടെന്താണ് ഇപ്പോൾ അഭിപ്രായം മാറ്റിയത്'"
മന്ത്രി പറഞ്ഞു,
"ഞാൻ അങ്ങയുടെ മന്ത്രിയാണ്; വഴുതനങ്ങയുടെയല്ല...!"
(കടപ്പാട് ഉണ്ട് )