ജാതക കഥകളിൽനിന്ന്

കാശിരാജാവായ ബ്രഹ്മദത്തന്റെ നാലു പുത്രന്മാർക്കും പ്ലാശുമരം കാണാൻ പൂതിയായി. ദൂരെ ഹിമാലയ പ്രാന്തങ്ങളിലാണ് അതുള്ളത്.

എല്ലാവർക്കും ഒരേ സമയം കൊട്ടാരത്തിൽനിന്ന് വിട്ടുനിൽക്കാനുമാകില്ല. ഓരോരുത്തരായി പോകാം എന്നായി.

ആദ്യ ഊഴക്കാരനായ മൂത്ത രാജകുമാരൻ പ്ലാശുമരം കാണുമ്പോൾ മഞ്ഞുകാലമായിരുന്നു. ഇലകളത്രയും കൊഴിഞ്ഞ് ഹിമത്താൽ മൂടി വെളുത്ത മിന്നൽചില്ലകൾ വാനിലേക്കെറിഞ്ഞ് നിൽക്കുന്ന പ്ലാശ് വൃക്ഷത്തിന്റെ ധവളസൌന്ദര്യത്തിൽ മധ്യവയസ്കനായ അയാൾ മുഴുകിപ്പോയി.

രണ്ടാമൂഴക്കാരനായ രാജകുമാരൻ ഹിമാലയത്തിനു താഴെയെത്തിയപ്പോൾ പ്ലാശ് തളിർത്ത് ഇലകളാൽ സമൃദ്ധമായിരുന്നു. തെളിഞ്ഞ ആകാശത്തിനു താഴെ തിളങ്ങുന്ന പച്ചയുടെ സമൃദ്ധികണ്ട് അയാൾക്ക് തലച്ചോറിൽ ലഹരി കയറി.

യുവാവായ മൂന്നാമൻ എത്തിയപ്പോഴേക്കും രക്തവർണമുള്ള പൂക്കൾ ചൂടി മരം ജ്വലിച്ചുനിൽക്കുന്നു. ഹിമാലയത്തിൻ്റെ മെയ്യിൽ ചുവപ്പിന്റെ ആഘോഷം. അയാളുടെ യുവരക്തം തുടുത്തു.

ഇളയവൻ വരുമ്പോൾ പ്ലാശിലാകെ കനികൾ പഴുത്തുനിൽക്കുന്നു. സ്വർണവർണം വെള്ളിവെയിലിനോട് മത്സരിക്കുന്ന വിസ്മയക്കാഴ്ചയിൽ അവൻ പ്രണയാതുരനായി.

എല്ലാരും കണ്ടുകഴിഞ്ഞപ്പോൾ രാജാവ് ചോദിച്ചു, "എങ്ങനെയുണ്ട് പ്ലാശ്?"

"അച്ഛാ, അത് നിത്യമായ ശാന്തതയെയും ശമത്തെയും ഓർമിപ്പിക്കുന്ന ശ്വേതം". മൂത്തവൻ പറഞ്ഞു.

"അല്ല, ജീവിതത്തിന്റെ സജീവതയെ കുറിക്കുന്ന ഹരിതസാന്ത്വനം". എന്ന് രണ്ടാമൻ

"അങ്ങനെയല്ല, ആവേശത്തിന്റെ തീവ്രസൌന്ദര്യം വമിക്കുന്ന പോരാട്ടച്ചുവപ്പ്" എന്നായി മൂന്നാമൻ

"ഞാനല്ലേ അവസാനം കണ്ടത്, ഉദാത്ത പ്രണയത്തിന്റെ സാഫല്യത്തെ എഴുതുന്ന സ്വർണമഞ്ഞയാണ് പ്ലാശ്"

രാജാവ് ചിരിച്ചു:
"എല്ലാം ഒന്നുതന്നെ എന്നതാണ് സത്യം.

()

പുതുമൊഴി: ജമീൽ അഹ്മദ്

സത്യവും നുണയും തമ്മിൽ

 (അറബിക്കഥ )

   ഒരിക്കൽ സത്യം പ്രഭാത സവാരിക്കിറങ്ങവേ  നുണ ഓടിച്ചെന്നു ചങ്ങാത്തം നടിച്ചു സംസാരം തുടങ്ങി:

കള്ളം : ഞാൻ നിന്നേക്കാൾ ഉയരമുള്ളവനാണ്.
സത്യം : ആയിക്കോട്ടെ , പക്ഷേ കാലുറപ്പ് എനിക്കാണ്
കള്ളം : ഞാൻ ഏതായാലും  നിന്നേക്കാൾ
ശക്തനാണ്.
സത്യം: ആയിക്കോട്ടെ , പക്ഷേ ആയുസ്സെനിക്കാണ് കൂടുതൽ.
കള്ളം : എന്റെ കൂടെയാണ് ഈ നാട്ടിലെ എല്ലാ ശക്തരും സുഖിയന്മാരും
സത്യം : "എല്ലാ നാട്ടിലും അവിടുത്തെ കുറ്റവാളികളില്‍ വലിയവന്‍മാരെ  അവരതില്‍ കുതന്ത്രം പ്രയോഗിക്കുവാനായിട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നു,അവര്‍ അവരോടു തന്നെയല്ലാതെ കുതന്ത്രം പ്രയോഗിക്കുന്നുമില്ല. അവര്‍ക്കു ബോധം വരുന്നില്ലെന്ന്മാത്രം. "
ഇതെല്ലാം കേട്ട കള്ളം പൊട്ടിത്തെറിച്ച് കൊണ്ട് പറഞ്ഞു:
എനിക്കിപ്പോൾ നിന്നെ ആരുമറിയാതെ കൊല്ലാൻ കഴിയും.
അപ്പോൾ സത്യം പറഞ്ഞതാണ് മാസ് :
ആയിക്കോട്ടെ , പക്ഷേ എന്റെ മക്കൾ വലിയ താമസമില്ലാതെ നിന്റെ കഥ കഴിക്കും , കട്ടായം.

(മുസ്ത്വഫ സ്സിബാഈ വളരെ ചെറുപ്പത്തിലെഴുതിയത് )

സമ്പാ & വിവ : ഹഫീദ് നദ്‌വി കൊച്ചി

അറിവ്

ജർമ്മനിയിൽ ഒരിക്കൽ പ്രശസ്തനായൊരു കവിയെ അറസ്റ്റ് ചെയ്തു.

അത് കണ്ട് 3 വയസ്സുകാരിയായ മകൾ ചോദിച്ചു

'ഇതെന്തിനാ അച്ഛനെ പിടിച്ചു കൊണ്ടു പോകുന്നത്?'

അമ്മ പറഞ്ഞു -
 ' നിൻ്റെ അച്ഛൻ ഹിറ്റ്ലറിനെതിരായി കവിത എഴുതിയതിനാണ് '

'ഹിറ്റ്ലർക്കും  തിരിച്ച് കവിത എഴുതാമല്ലോ  ' കുട്ടിയുടെ മറുപടി വന്നു.

അമ്മ പറഞ്ഞു: ' എഴുതാനറിയാമായിരുന്നെങ്കിൽ ഇത്രയും രക്തച്ചൊരിച്ചിൽ ഉണ്ടാകുമായിരുന്നോ?'

(മെരാജ് ഹൈദറുടെ രചന )

പെണ്ണാലോചന (അറബിക്കഥ)

വിവാഹിതരായ നൂറു പേരുമായി ആലോചിക്കുന്നതുവരെ  വിവാഹം കഴിക്കില്ല എന്നുറപ്പിച്ച് നടന്ന ഒരു അറബിപ്പയന്റെ കഥയാണിത് . കുറച്ചു ദിവസം കൊണ്ട് തൊണ്ണൂറ്റി ഒൻപത് വിവാഹിതരെ കണ്ട് നൂറാമനെ അന്വേഷിച്ച് നടപ്പായി. നൂറാമനെയും കൂടി കണ്ട് കാര്യം തീരുമാനിക്കണം. നേരം ഒരുപാടിരുട്ടി,
അടുത്ത ദിവസം കണ്ടുമുട്ടുന്ന ആദ്യ വിവാഹിതൻ എന്താണോ പറയുന്നത് അത് പോലെ തന്നെ ചെയ്യാം. അയാൾ മനസ്സിലുറപ്പിച്ചു.
 
പിറ്റേന്ന് അതിരാവിലെ  വീട്ടിൽ നിന്നും പുറപ്പെട്ടപ്പോൾ, ഒരു കോലിൽ കുതിര കണക്കെ കയറിയിരിക്കുന്ന ഭ്രാന്തനെയാണ് കണി കണ്ടത്.
ആ കാഴ്ച കാണാൻ വ്യസനമുണ്ടാക്കുന്നതായിരുന്നു ; ഏതായാലും അന്ന് കണ്ടുമുട്ടുന്ന ആദ്യവിവാഹിതനാണങ്കിലോ അയാൾ  എന്നറിയാൻ യുവാവ് പിന്നാലെ കൂടി . അടുത്തെത്തിയപ്പോൾ
ഭ്രാന്തൻ അവനോടു: "എന്റെ കുതിരയെ സൂക്ഷിക്കണേ, അവൻ ചവിട്ടും "
യുവാവ് :" ഒരു കാര്യം നിങ്ങളോട് ചോദിക്കുന്നതു വരെ നിങ്ങളുടെ കുതിരയെ ഒന്നു കെട്ടിയിടാമോ? പ്ലീസ് ."
അയാൾ സഡൻ ബ്രേക്കിട്ടപോലെ നിന്നു .
യുവാവ് തന്റെ കാര്യം അറിയിച്ചു : 
 "ഞാൻ കുറച്ചുനാളായി നൂറ് വിവാഹിതരോട് കൂടിയാലോചിച്ചിട്ടേ പെണ്ണുകെട്ടു എന്ന പ്രതിജ്ഞയെടുത്തു നടക്കുകയാണ്. ഇന്നലെ വരെ 99 പേരെ കണ്ടു ,
താങ്കൾ വിവാഹിതനാണെങ്കിൽ താങ്കളാണ് എന്റെ നൂറ് തികക്കുന്ന ഭാഗ്യവാൻ; അതിനാൽ 
താങ്കൾക്കു പറയാനുള്ളത് മുഴുവൻ പറയൂ .
ഞാൻ കേൾക്കട്ടെ "
ഭ്രാന്തൻ പറഞ്ഞു: ഞാൻ ഒരു പെണ്ണുകെട്ടിയതാണ്,
പിന്നെയാണ് ഇങ്ങനെയായത്, ഞാൻ പറയണത് ശ്രദ്ധിച്ചു കേൾക്കണം :
 “സ്ത്രീകൾ മൂന്നുതരമാണ് .
ഒരുത്തി നിങ്ങൾക്ക് അനുകൂലം,
മറ്റൊരുത്തി നിങ്ങൾക്കെതിര് ,
മൂന്നാമത്തവൾ നിങ്ങൾക്ക് അനുകൂലമോ പ്രതികൂലമോ അല്ലാത്തവൾ "
 തുടർന്ന് "എന്റെ കുതിരയെ സൂക്ഷിക്കണേ, അവൻ ചവിട്ടും " എന്ന് പറഞ്ഞുകൊണ്ട് അയാൾ ഓടിച്ചു പോയി. ചെറുപ്പക്കാരന് ഒന്നും തിരിഞ്ഞില്ല; അയാൾ തൊട്ടു പിന്നാലെ പച്ചാസ് മൈലിൽ അയാളെ പിന്തുടർന്നു. തൊട്ടടുത്തെത്തിയിപ്പോൾ 
ഒന്നുകൂടി നിർത്താൻ കെഞ്ചി. അയാൾ വണ്ടി രണ്ടാമതും നിർത്തി . എന്നിട്ട് ചോദിച്ചു: " ഊം , ഇനിയെന്താ ചോദിക്കാനുള്ളത് ?
യുവാവ് ഭ്രാന്തനെ സമീപിച്ച് മൃദുവായ ശബ്ദത്തിൽ പറഞ്ഞു: “ നേരത്തെ പറഞ്ഞത് ഒന്നു വിശദീകരിക്കുക, കാരണം  നിങ്ങളുടെ ദാർശനിക വർത്തമാനം പെട്ടെന്ന് മനസ്സിലാകുന്നില്ല. ”

അപ്പോളയാൾ പറഞ്ഞു: “നിന്റേത് കന്യകയായ ഭാര്യയാണെങ്കിൽ,  അവളുടെ ഹൃദയവും  സ്നേഹവും ഒരുമിച്ച് നേടാം, അവൾ നിന്റെ സ്നേഹമല്ലാതെ മറ്റൊരു പുരുഷനേയും അറിയുന്നില്ലല്ലോ?!. നീയവളെ സ്നേഹിച്ചാൽ അവൾ മനസിൽ കരുതും " എല്ലാ ആണുങ്ങളും ഇങ്ങനെയാവും, ഇനി നീയെങ്ങാൻ അവളെ ദ്രോഹിച്ചാലും അവൾ പറയുക ഇങ്ങനെയാവും എല്ലാ ആണുങ്ങളും എന്നാവും, ഇനി
നീയെങ്ങാനും  കുട്ടിയുള്ള വിധവയേയാണ് കെട്ടുന്നതെങ്കിൽ അവൾ നിന്റെ ചെലവിൽ അവളുടെ കുട്ടിയെ വളർത്തും, ആദ്യ കെട്ടിയോനെ ഓർത്താവും അവളുടെ കരച്ചിൽ മുഴുവൻ ,അവൾക്കിനി നിന്റെ സംരക്ഷണവും ചെലവും മാത്രമേ വേണ്ടൂ.
മൂന്നാമത്തെവൾ മക്കളില്ലാത്ത വിധവയാണ്. അവൾ കാലാവസ്ഥക്കനുസരിച്ച് മാറും .
അവൾക്ക് നിങ്ങളെ പിടിച്ചാൽ ആദ്യ ഭർത്താവിനേക്കാൾ മികച്ചതാണെന്ന് തുറന്നു പറയും, നിങ്ങളവളെ വിഷമിപ്പിച്ചാൽ ആദ്യ ഭർത്താവുമായി നിങ്ങളെ താരതമ്യം ചെയ്ത് കളയും" അതും പറഞ്ഞയാൾ വീണ്ടും ഓടിപ്പോയി
 
അയാളുടെ പിന്നാലെ യുവാവും വെച്ചുപിടിച്ചു , എന്നിട്ട് ചോദിച്ചു: “ ശരിക്കും നിങ്ങളാരാണ്, നല്ല ജ്ഞാനിയുടെ വാക്കുകൾ സംസാരിക്കുകയും ഭ്രാന്തൻ കളി കളിക്കുകയും ചെയ്യുന്നു ??!

അപ്പോഴളയാൾ അയാളുടെ കഥ പറഞ്ഞു: “ ചങ്ങായീ , എന്റെ നാട്ടുകാർ എന്നെ ജഡ്ജിയാക്കാൻ ആഗ്രഹിച്ചു നടക്കുകയായിരുന്നു,  ഞാനത് വിസമ്മതിച്ചു,  അവർ എന്നെ വീണ്ടും നിർബന്ധിച്ചു,  ഞാൻ അവരിൽ നിന്ന് രക്ഷപ്പെടാൻ തല്ക്കാലം ഭ്രാന്തനായി.”

( ഈ ഭ്രാന്തൻ ഹാറൂൻ റശീദിന്റെ വിദൂഷകനായിരുന്ന ബഹലൂൽ ആണെന്ന് ഒരു ഖൗലുണ്ട് )

അവലംബം : ബുസ്താനുൽ ആരിഫീൻ

സമ്പാ & വിവ : ഹഫീദ് നദ്‌വി, കൊച്ചി

നാണക്കേട്

ധനികനായ ഒരറബി യുവാവ് ഉന്നത വിദ്യാഭ്യാസം നേടാനായി ജർമ്മനിയിലെത്തി..
താമസിയാതെ അദ്ദേഹം പിതാവിന് ഒരു കത്തെഴുതി; അതിന്റെ ഉള്ളടക്കം ഏതാണ്ടിങ്ങനെയാണ് 👇👇👇

ഉപ്പാ,ഇവിടുത്തെ ആളുകൾ വളരെ നല്ലവരാണ്,
എനിക്കിവിടം നന്നായി ബോധിച്ചു.എന്റെ ചങ്ങാതിമാർ‌  എന്റെ കാര്യം നന്നായി കെയർ ചെയ്യുന്നുണ്ടെങ്കിലും എന്നെ ലജ്ജിപ്പിക്കുന്ന ഒരു പ്രശ്നമുണ്ട്.എന്റെ  കാറായ റേഞ്ച് റോവറിൽ ഞാൻ സർവകലാശാലയിൽ എത്തുമ്പോൾ എന്റെ ബഹുമാനപ്പെട്ട അധ്യാപകർ സ്ഥിരമായി ട്രെയിനിലും മെട്രോയിലും വന്നാണ് ക്ലാസ്സെടുക്കുന്നത്.

ധനാഡ്യനായ വാപ്പ മകന്റെ കത്ത് കിട്ടിയ ഉടനെ ഒരു ട്രെയിൻ വാങ്ങാൻ  പത്ത് ദശലക്ഷം ഡോളറിന്റെ  ചെക്ക് അയച്ചു കൊടുത്തു. കൂടെ ഈ മെസേജും :
സായിപ്പന്മാരുടെ മുന്നിൽ ഉപ്പാന്റെ കുട്ടി നമ്മളെ നാണം കെടുത്തരുത് .

സമ്പാ & വിവ : ഹഫീദ് നദ്‌വി കൊച്ചി