Job


ഒരു യുവാവ് പബ്ലിക് ടെലിഫോണ്‍ ബൂത്തില്‍ നിന്നും ഏതോ പ്രഗല്‍ഭയായ ഡോക്ടറെ ഫോണ്‍ ചെയ്ത് ഒരു ജോലി അന്വേഷിച്ചു. അവിടെ ജോലിയൊന്നും ഇപ്പോഴില്ലെന്ന് ആ ഡോക്ടര്‍ മറുപടി പറഞ്ഞു.

"അവിടെയൊരു ഗാര്‍ഡനുണ്ടല്ലോ ഡോക്ടര്‍.... ഞാന്‍ ഗാര്‍ഡനര്‍ ആയി ജോലി ചെയ്തോട്ടെ?"

"ഇവിടെ നല്ലൊരു പൂന്തോട്ടക്കാരനുണ്ട്. അയാള്‍ മിടുക്കനാണ്. തല്‍ക്കാലം വേറെ ഒരാളെ വെക്കാന്‍ നിര്‍വ്വാഹമില്ല" ഡോക്ടറും മറുപടി നല്‍കി.

"അയാള്‍ക്ക് നല്‍കുന്ന ശമ്പളത്തിന്‍റെ പകുതി എനിക്ക് നല്‍കിയാല്‍ മതി ഡോക്ടര്‍. ഞാന്‍ ജോലി ചെയ്തോളാം..."

"നോക്കൂ... അയാള്‍ കൃത്യമായി ജോലി ചെയ്യുന്നു; ഞാന്‍ അതിന്‍റെ പ്രതിഫലം അയാള്‍ക്ക് നല്‍കുന്നു. പിന്നെ എന്തിനാണ് മറ്റൊരാളെ ഞാന്‍ അന്വേഷിക്കുന്നത്? ഇനി, താങ്കള്‍ വന്നാലും ഞാന്‍ ഇപ്പോള്‍ നല്‍കുന്ന ശമ്പളത്തിന്‍റെ പകുതിയാക്കുകയുമില്ല" ഡോക്ടര്‍ മറുപടി നല്‍കി.

യുവാവ് വിടുന്ന ലക്ഷണമില്ല.

"ഞാന്‍ പൂന്തോട്ടം നോക്കുന്നതുപോലെ മറ്റ് ജോലികൂടി ചെയ്തുകൊള്ളാം. മാത്രവുമല്ല മൂന്ന്‍ മാസം എനിക്ക് ശമ്പളവും നല്‍കേണ്ട. ജോലി നല്ലതെങ്കില്‍ മാത്രം എന്നെ സ്ഥിരപ്പെടുത്തിയാല്‍ മതി"

"അത് പറ്റില്ല. ഞങ്ങള്‍ക്ക് നല്ലൊരു പൂന്തോട്ടക്കാരനുണ്ട്. അയാള്‍ കഴിവിന്‍റെ പരമാവധി നന്നായി ജോലി ചെയ്യുന്നുവെന്നാണ് ഞങ്ങളുടെ വിശ്വാസം. തല്‍ക്കാലം മറ്റൊരാളെ എടുക്കാന്‍ നിര്‍വ്വാഹമില്ല" ഡോക്ടര്‍ പറഞ്ഞുനിര്‍ത്തി.

യുവാവ് ഫോണ്‍ താഴെവെച്ച് ബില്‍ നല്‍കാന്‍ വന്നു. ആ ചെറുപ്പക്കാരന്‍റെ അവസ്ഥയോര്‍ത്ത് ടെലിഫോണ്‍ ബൂത്തിന്‍റെ ഉടമസ്ഥന്‍ തന്‍റെ വീട്ടിലൊരു പൂന്തോട്ടമുണ്ടെന്നും അവിടെ ജോലി ചെയ്യാമോ എന്നും ചോദിച്ചു.

എന്നാല്‍ അയാളെ ഞെട്ടിച്ചുകൊണ്ട് ആ യുവാവ് പറഞ്ഞു: "വേണ്ട ചേട്ടാ. എനിക്ക് നല്ലൊരു ജോലിയുണ്ട്"

"എന്നിട്ടിപ്പോള്‍ ജോലിക്കുവേണ്ടി ഫോണിലൂടെ അന്വേഷിച്ചതോ?"

"ഞാന്‍ ആ ഡോക്ടറുടെ വീട്ടിലാണ് ജോലി ചെയ്യുന്നത്. എന്‍റെ ജോലിയില്‍ അവര്‍ സംതൃപ്തരാണോ എന്നറിയാനാണ് ശബ്ദം മാറ്റി ഞാന്‍ ഫോണ്‍ ചെയ്തത്. നമ്മുടെ ജോലിയില്‍ നമുക്കും ആത്മാര്‍ത്ഥതയും പുരോഗതിയും ഉണ്ടായിരിക്കണമല്ലോ...."

സ്വയംപരിശോധന നടത്തി കുറവുകള്‍ പരിഹരിക്കാത്ത ഒരാളും കര്‍മ്മരംഗത്ത് ഉയരുകയില്ല. അഥവാ അങ്ങനെയുള്ളവരുണ്ടെങ്കില്‍ അവരെ കൈപിടിച്ചുയര്‍ത്താനായി ഒരാള്‍ വേണ്ടിവരും; സംശയവുമില്ല

മുന്തിരിങ്ങ

ഒരാൾ കടയില് മുന്തിരിങ്ങ വാങ്ങാന് പോയി.
അയാള് കടക്കാരനോട് ചോദിച്ചു മുന്തിരിയെന്താ വില.?
കടക്കാരന് പറഞ്ഞു 80 രൂപ .
അടുത്തുതന്നെ കുലയില് നിന്നും വേര്പെട്ട കുറച്ച് ചില്ലറ മുന്തിരിങ്ങയും കൂട്ടിവച്ചിട്ടു
ണ്ടായിരുന്നു .അയാള് ചോദിച്ചു, ഇതിനെന്താ വില.?
കടക്കാരന് പറഞ്ഞു 30 രൂപ .അയാള് ചോദിച്ചു അതെന്താ 30 രൂപ ,
രണ്ടും ഒന്നുതന്നെയല്ലെ.?
കടക്കാരന് പറഞ്ഞു,ഇത് വളരെനല്ല മുന്തിരിയാണ്, പക്ഷെ കുലയില്നിന്നും വേര്പെട്ടു പോയതുകൊണ്ടാണ് ഇതിന് വിലകുറവ്..

ഗുണപാഠം.
സംഘടന, സമാചം, സമൂഹം, കുടുംബം എന്നിവയില് നിന്ന് നാം അടര്ന്നു പോയാല് നമ്മുടെ വിലയും ഇതുപോലെയാണ്

ഖലീൽ ജിബ്രാൻറെ പ്രവാചകനിൽ നിന്ന്‌ ഒരു ഭാഗം



കുഞ്ഞിനെ ഒക്കത്തേറ്റി നിൽക്കുന്ന ഒരു അമ്മ പ്രവാചകനോട്‌ പറഞ്ഞു: "ഞങ്ങളോട്‌ കുഞ്ഞുങ്ങളെക്കുറിച്ച്‌ പറയുക".

പ്രവാചകൻ പറഞ്ഞു:

"നിങ്ങളുടെ കുട്ടികൾ നിങ്ങളുടേതല്ല, ജീവിതത്തിന്‌, സ്വന്തം നിൽനിൽപ്പിനോടുള്ള പ്രണയത്തിൽ നിന്ന്‌ ജനിച്ച കുട്ടികളാണവർ.

നിങ്ങളിലൂടെയെങ്കിലും അവർ വരുന്നത്‌ നിങ്ങളിൽ നിന്നല്ല. നിങ്ങളോടൊപ്പമെങ്കിലും അവർ നിങ്ങൾക്ക്‌ സ്വന്തമേയല്ല. അവർക്ക്‌ നിങ്ങളുടെ സ്നേഹം നൽകാം; പക്ഷെ നിങ്ങളുടെ ചിന്തകൾ അരുത്‌, എന്തെന്നാൽ അവർക്ക്‌ അവരുടേതായ ചിന്തകളുണ്ട്‌.

അവരുടെ ശരീരങ്ങൾ സൂക്ഷിക്കാൻ നിങ്ങൾക്ക്‌ വീടുകളൊരുക്കാം. പക്ഷെ അവരുടെ ആത്മാക്കളെ നിങ്ങൾക്ക്‌ കൂട്ടിലൊതുക്കാനാവില്ല, എന്തെന്നാൽ നിങ്ങൾക്ക്‌ സ്വപ്നത്തിൽ പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ്‌ അവരുടെ ആത്മാക്കൾ വസിക്കുന്നത്‌.

അവരെപ്പോലെയാകാൻ നിങ്ങൾക്ക്‌ ശ്രമിക്കാം; എന്നാലൊരിക്കലും അവരെ നിങ്ങളെപ്പോലെയാക്കാൻ ആഗ്രഹിക്കരുത്‌. എന്തെന്നാൽ ജീവിതം ഒരിക്കലും പുറകിലേക്ക്‌ പറക്കുന്നില്ല.

നിങ്ങൾ വില്ലാണെങ്കിൽ ലകഷ്യ സ്ഥാനത്തേക്ക്‌ കുതിക്കുന്ന അമ്പുകളാണ്‌ കുട്ടികൾ. വില്ലിനു ഉറപ്പുണ്ടെങ്കിലേ അമ്പുകൾ ലക്‌ഷ്യം കാണൂ. അതിനായി ഉള്ളിൽ തട്ടിയ സന്തോഷത്തോടെ നിന്നു കൊടുക്കുക.

"ചാണക്യസൂത്രം"

1. വിഡ്ഢികളെ ഉപദേശിക്കുന്നയാൾ കുഴപ്പത്തിലാകും.

2. നിങ്ങൾക്കു പ്രതിസന്ധി വരുമ്പോൾ ബന്ധുക്കളെ തിരിച്ചറിയാം.

3. കൈയിലുള്ള ഉറപ്പുള്ളതിനെ ഉപേക്ഷിച്ച്, വലുതാണെന്നു തീർച്ചയില്ലാത്തതിനെ തേടിപ്പോകുന്നവർക്കു രണ്ടും നഷ്ടപ്പെടാം.

4. സൗന്ദര്യം കണ്ടു മയങ്ങി, സ്വഭാവഗുണമില്ലാത്തവളെ വേൾക്കരുത്.

5. അധികാരികളെയും നദികളെയും അതിരു കവിഞ്ഞ് വിശ്വസിക്കരുത്; എപ്പോഴാണ് തിരിയുകയെന്നു നിശ്ചയമില്ല.

6. പഠിപ്പിക്കാത്ത രക്ഷിതാക്കൾ കുട്ടികളുടെ ശത്രുക്കൾ.

7. സ്നേഹിക്കുന്ന കുടൂംബവും, ഉള്ള പണത്തിൽ തൃപ്തിയുള്ള മനസ്സുമുണ്ടെങ്ക
ിൽ ഈ ഭൂമി സ്വർഗമാകും.

8. മുഖത്തു നോക്കി പുകഴ്ത്തുകയും ചതിക്കാൻ അകത്ത് ആലോചിക്കുകയും ചെയ്യുന്നയാളെ ഒഴിവാക്കുക; അടിയിൽ വിഷം നിറച്ച്, മുകളിൽ പാലൊഴിച്ച കുടമാണയാൾ.

9. സുഹൃത്തെന്നു കരുതി രഹസ്യങ്ങളെല്ലാം അറിയിക്കരുത്; പിണങ്ങിയാൽ പ്രയാസമാകും.

10. എല്ലാ കാട്ടിലും ചന്ദനമരം പ്രതീക്ഷിക്കരുത്.

11. എല്ലാ ദിവസവും എന്തെങ്കിലും പഠിക്കണം.

12. ഉണങ്ങിയ മരത്തെ പക്ഷികൾ ഉപേക്ഷിക്കും.

13. സമന്മാരുമായുള്ള സൗഹൃദം നന്ന്.

14. എല്ലാം തികഞ്ഞവരായി ആരുമില്ല.

15. ദുഷ്ടൻ, പാമ്പ് ഇവയിലൊന്നിനെ സ്വീകരിക്കേണ്ടി വന്നാൽ പാമ്പിനെ സ്വീകരിക്കുക; സ്വരക്ഷയ്ക്കല്ലാതെ പാമ്പ് ആക്രമിക്കില്ല.

16. പ്രളയസമയത്തു കടൽപോലും കരകവിയും; സജ്ജനങ്ങൾ ഒരിക്കലും പരിധി വിടില്ല.

17. കുയിലിന്റെ സൗന്ദര്യം നാദത്തിലാണ്; വിരൂപന്റെ സൗന്ദര്യം വിദ്യയിലും.

18. നാവു നിയന്ത്രിച്ചാൽ കലഹം കുറയ്ക്കാം.

19. കൂടുതൽ ദാനം ചെയ്ത് മഹാബലി കുഴപ്പത്തിലായി; ഒന്നും അതിരുകടക്കരുത്.

20. ഒരൊറ്റ മരത്തിലെ പൂമണം മതി കാടു മുഴുവൻ സുഗന്ധപൂരിതമാക്കാൻ.

21. ദമ്പതികൾ കലഹിക്കാത്തിടത്ത് ഐശ്വര്യമുണ്ടാകും
.
22. ധ്യാനത്തിന് ഒരാൾ മതി; സേനയ്ക്കു പലർ വേണം.

23. കാലമേത്, മിത്രങ്ങളാര്, നാടേത്, വരവുചെലവുകളെങ്ങനെ, ശത്രുക്കളാര്, ഞാനാര്, എന്റെ ശത്രുക്കളാര് എന്നിവ വീണ്ടും വീണ്ടും ചിന്തിക്കുക.

24. ജ്ഞാനത്തിൽക്കവിഞ്ഞ സുഖമില്ല.

25. ജനിക്കുന്നതും മരിക്കുന്നതും ഒറ്റയ്ക്ക്; നിങ്ങളുടെ ചെയ്തികളുടെയെല്ലാം ഉത്തരവാദിത്വവും നിങ്ങൾക്ക്.

26. ആനയെ തോട്ടികൊണ്ടു നിയന്ത്രിക്കാം; പക്ഷേ ദുഷ്ടനെ നേരിടാൻ വാൾ വേണം.

27. ശത്രുവിന്റെ ശക്തി നോക്കി അനുസരിക്കുകയോ അനുസരിപ്പിക്കുക
യോ പ്രീണിപ്പിക്കുകയോ തരംപോലെ വേണ്ടിവരും.

28. വിഷമില്ലാത്ത പാമ്പും തലപൊക്കി പേടിപ്പിക്കാൻ നോക്കും.

29. അത്യാഗ്രഹിക്കു സത്യം മാത്രം പറയാനാവില്ല.

30. പാലും നെയ്യും ഇട്ടു വളർത്തിയാലും വേപ്പിന്റെ ഇല മധുരിക്കില്ല.

31. ദേവാലയത്തിൽ പോയതുകൊണ്ട് ദുഷ്ടന്റെ മനസ്സു മാറില്ല.

32. ലോകത്തിന്റെ മുഴുവൻ സ്നേഹം കൈവരാൻ ഒന്നു മാത്രം മതി : ആരെപ്പറ്റിയും മോശമായി പറയാതിരിക്കുക....!!!☺

അല്ലാഹുവിന്റെ റസൂലും പുളിക്കുന്ന മുന്തിരിയും

ഒരു ദരിദ്രനായ സ്വഹാബി ഏറെ കാലമായി ആഗ്രഹിക്കുകയായിരുന്നു നബി തിരുമേനിക്ക് ഒരു സമ്മാനം കൊടുക്കണമെന്ന്. പലരും വലിയ സമ്മാനങ്ങള്‍ കൊടുക്കുന്നുണ്ട്. തനിക്ക് പക്ഷെ അതിനൊന്നും കഴിയില്ല. കഠിനമായി ശ്രമിച്ചും മിച്ചംവെച്ചും അവസാനം അദ്ദേഹം ഒരു സമ്മാനം തരപ്പെടുത്തി. ഒരു പൊതി മുന്തിരി. അതുമായി അത്യാഹ്ലാദപൂര്‍വ്വം നബിതിരുമേനിയുടെ മുമ്പിലെത്തി. നബിയുടെ നേരെ തന്റെ ഹദ്‌യ നീട്ടി. സസന്തോഷം നബി(സ) അതു സ്വീകരിച്ചു. ദാതാവിനോട് നന്ദിയോടെ പുഞ്ചിരിച്ചു. തന്റെ ജീവിതത്തില്‍ ഒരു മഹാനേട്ടം കൈവരിച്ച പ്രതീതിയായിരുന്നു അപ്പോള്‍ ആ ദരിദ്ര സ്വഹാബിക്ക്.
നബിതിരുമേനി പൊതി തുറന്ന് ഒരു മുന്തിരിയെടുത്തു കഴിച്ചു. പിന്നെയും മറ്റൊന്നെടുത്തുകഴിച്ചു. പിന്നെയും പിന്നെയും ഓരോന്നെടുക്കുകയും സന്തോഷത്തോടെ നബി കഴിച്ചുകൊണ്ടേയിരുന്നു. ദരിദ്രനായ ആ സ്വഹാബിയുടെ ഉള്ളം നിറഞ്ഞു. സന്തോഷത്തോടെയും സ്തുതിയോടെയും അദ്ദേഹം തിരിച്ചുപോയി. ഈ രംഗം പക്ഷെ, നബിതിരുമേനിയുടെ സദസ്സിലുണ്ടായിരുന്ന സ്വഹാബിമാരെ തെല്ലുഞെട്ടിക്കുക തന്നെ ചെയ്തു. കാരണം ആരെങ്കിലും ഹദ്‌യ കൊടുത്താല്‍ അതില്‍ നിന്ന് അല്‍പ്പം കഴിച്ച് ബാക്കി സദസ്യര്‍ക്ക് വിതരണം ചെയ്യാറാണ് പതിവ്. ഇവിടെ അതുണ്ടായില്ല, അതാണ് അവരുടെ ഞെട്ടല്‍. അവരില്‍ പലരുടെയും ക്ഷുത്തടങ്ങിയിരുന്നതുതന്നെ നബി (സ)കൊടുക്കുന്ന 'വല്ലതും' കൊണ്ടായിരുന്നു. അതല്ലെങ്കില്‍ തന്നെ നബിയുടെ കരങ്ങളില്‍ നിന്ന് ലഭിക്കുന്നത് എന്തും അവര്‍ക്ക് വിലപ്പെട്ടതായിരുന്നു. അതിനാല്‍ നബി (സ) പതിവു തെറ്റിച്ചത് അവര്‍ക്ക് അസ്വസ്ഥതയായി.
അവരില്‍ ചിലര്‍ അത് നബിയോട് ആരായുകയും ചെയ്തു. അപ്പോള്‍ നബിതിരുമേനി പറഞ്ഞു: 'ആ ദരിദ്രന്‍ തന്നത് സത്യത്തില്‍ പുളിയുള്ള മുന്തിരിയായിരുന്നു. ആദ്യം കഴിച്ചപ്പോള്‍ തന്നെ എനിക്കതു മനസ്സിലായിരുന്നു. അതെങ്ങാനും ഞാന്‍ നിങ്ങളില്‍ ഒരാള്‍ക്കു നല്‍കുകയും നിങ്ങളത് വായില്‍ വെക്കുകയും ചെയ്തിരുന്നു എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പ്രതികരിക്കുമായിരുന്നു. ഒന്നുകില്‍ ആ ദരിദ്രനോട് തട്ടിക്കയറും. അല്ലെങ്കില്‍ അയാളുടെ മുഖത്തുനോക്കി തുപ്പിക്കളഞ്ഞ് അനിഷ്ടം രേഖപ്പെടുത്തും. ഒന്നുമില്ലെങ്കിലും മുഖം ചുളിക്കുകയെങ്കിലും ചെയ്യും. അപ്പോഴുണ്ടാകുന്ന നിരാശയും വേദനയും ആ പാവപ്പെട്ടവന്റെ മനസ്സിലുണ്ടാക്കുന്ന ആഘാതങ്ങള്‍ ചെറുതായിരിക്കില്ല. അയാളാണെങ്കിലോ നിങ്ങള്‍ കണ്ടില്ലേ, വലിയ സന്തോഷത്തിലുമാണ്. അതിനാല്‍ ആ മനസ്സിനെ വേദനിപ്പിക്കേണ്ട എന്നു കരുതിയാണ് നിങ്ങള്‍ക്കു തരാതിരുന്നതും കഴിക്കാന്‍ കൊള്ളാത്തതായിട്ടുപോലും ഞാന്‍ അതു മുഴുവനും കഴിച്ചതും'.

Virtue

ഒരിക്കൽ ഒരരുവിയിൽ നിന്നും അംഗസ്നാനം ചെയ്യുകയാണ് ഋഷി. വെള്ളത്തിൽ കിടന്ന് മരണ വെപ്രാളത്തിൽ പിടയുന്ന ഒരു തേളിനെ നബികണ്ടു.

അവിടുന്ന് ഇരു കരങ്ങളില് അതിനെ കോരിയെടുത്ത് കരയിലേക്കെറിഞ്ഞ് രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ തേൾ ഋഷിയുടെ  കൈ വെള്ളയിൽ കുത്തി.

അസഹ്യമായ വേദനയനുഭവപ്പെട്ടപ്പോൾ.  
കൈ കുടഞ്ഞു.

ആ ക്ഷുദ്ര ജീവി വെള്ളത്തിൾ താഴ്ന്നു പോകുമ്പോൾ ഋഷി വീണ്ടും അതിനെ കോരിയെടുത്തു.

രണ്ടാം 2⃣തവണയും അത്  കുത്തി വേദനിപ്പിച്ചു.

ഋഷി  കൈ കുടഞ്ഞു. വീണ്ടും അത് വെള്ളത്തിൽ വീണു.

മൂന്നാം 3⃣തവണയും  അതിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ അനുചരന്മാർ സംശയത്തിന്റെ ചോദ്യമെറിഞ്ഞു

"ഋഷിയെ.....അങ്ങ് അതിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പാഴൊക്കെ അത് അങ്ങയെ ഉപദ്രവിക്കുകയാണ്. ഉപേക്ഷിച്ചു കളയൂ അതിനെ....."

ഋഷി മൂന്നാമത്തെ പരിശ്രമത്തിൽ അതിനെ കോരിയെടുത്ത് കരയിലേക്കെറിഞ്ഞ് രക്ഷപ്പെടുത്തി.

വേദന കൊണ്ട്
പുളഞ്ഞ ഋഷി അനുചരരോട് ചോദിച്ച ഒരു ചോദ്യമുണ്ട്

" ആ ജീവി അതിന്റെ തിന്മ
ഉപേക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എന്തിന് എന്റെ
നന്മ ഉപേക്ഷിക്കണം??"

നിമിഷങ്ങളെ വിട്ടുകൊടുക്കരുത്

ഒരു സ്ഫടിക ഭരണി നാരങ്ങയിട്ട് നിറച്ചതിനു ശേഷം ഗുരു ചോദിച്ചു; ‘ഇനി ഇതിൽ വല്ലതും നിറയ്ക്കാമോ?’ ‘ഇല്ല,ഇനിയതിൽ ഒന്നിനുമുള്ള സ്ഥലമില്ല’-ശിഷ്യർ പറഞ്ഞു. ഗുരു കുറച്ച് നെല്ലിക്കകൾ കൂടി അതിലേക്കിട്ടു, പിന്നെയും ചോദിച്ചു; ‘ഇനി വല്ലതും നിറയ്ക്കാനാകുമോ?’ ‘ഒരിക്കലുമില്ല’ ഗുരു കുറേ കടുക് മണികൾ കൂടി ഭരണിയിലേക്കിട്ടു. അവസാനം ഒരു കപ്പ് വെള്ളവുമൊഴിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞുകൊടുത്തു; ‘മക്കളേ,ഈ വസ്തുക്കളെല്ലാം ഒന്നിച്ച് ഒരേ സമയം ഭരണിയിലേക്കിട്ടിരുന്നുവെങ്കിൽ പലതും പുറത്തേക്ക് വീണിരിക്കും. എന്നാൽ കൂട്ടത്തിൽ വലുപ്പമേറിയ നാരങ്ങ ആദ്യമിട്ടു, പിന്നെയുള്ള സ്ഥലത്ത് നെല്ലിക്കയും ബാക്കിയിടത്ത് കടുകുമണികളും ഒടുക്കമുള്ള വിടവുകളിൽ വെള്ളവും നിറച്ചപ്പോൾ എല്ലാം ഭരണിയിൽ നിറയ്ക്കാൻ കഴിഞ്ഞു. സമയത്തെക്കുറിച്ചുള്ള ചിന്തയാണ് നിങ്ങളുടെ മനസ്സിലുണ്ടാകേണ്ടത്. കുറേ കാര്യങ്ങൾ ചെയ്യാനുണ്ടെങ്കിൽ എല്ലാം വാരിവലിച്ച് ചെയ്യുന്നതിനു പകരം ഓരോന്നിന്റെയും പ്രാധാന്യത്തിനനുസരിച്ച് ചെയ്യാൻ ശ്രമിച്ചാൽ എല്ലാം ചെയ്തുതീർക്കാൻ കഴിയും. അല്ലെങ്കിൽ ചിലത് അപൂർണമാകും; മറ്റുചിലത് തീരെ ചെയ്യാനാകാതെയും വരും..’

ദാനം

ഒരു പാവപ്പെട്ടവൻ  ദൈവത്തോട് ചോദിച്ചു, "ഞാൻ എന്തുകൊണ്ടാണ്‌ ഇത്ര പാവപ്പെട്ടവൻ ആയത്‌?"  ദൈവത്തിൻറെ മറുപടി, "കാരണം, ദാനം ചെയ്യാൻ നീ പഠിച്ചില്ല."

അത്‌ കേട്ട്‌ അതിശയം പ്രകടിപ്പിച്ച്‌ ആ ദരിദ്രൻ ചോദിച്ചു, "പക്ഷെ, എന്റെ കയ്യിൽ ദാനം ചെയ്യാൻ ഒന്നുമില്ലല്ലൊ!"

അതിന്‌   ദൈവo മറുപടി പറഞ്ഞത്‌ ഇങ്ങനെ:

"നിന്റെ മുഖത്തിന്‌ മറ്റുള്ളവർക്ക്‌ വേണ്ടി ഒരു പുഞ്ചിരി നൽകാൻ കഴിയും. നിന്റെ ചുണ്ടുകൾക്ക്‌ മറ്റുള്ളവർക്ക്‌ നല്ല വാക്കുകൾ കൊടുക്കാൻ കഴിയും, ദുഃഖങ്ങളിൽ അവരെ ആശ്വസിപ്പിക്കുന്ന മധുരമായ വാക്കുകൾ പറയാൻ കഴിയും. നിന്റെ കൈകൾക്ക്‌ ആശ്രയമില്ലാത്തവരുടെ കൈകൾ പിടിച്ച്‌ സഹായിക്കുവാൻ കഴിയും. എന്നിട്ടും നീ പറയുന്നു, മറ്റുള്ളവർക്ക്‌ കൊടുക്കുവാൻ നിന്റെ കയ്യിൽ ഒന്നുമില്ല എന്ന്!"

മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കുമ്പോൾ നിങ്ങൾ ദാനം ചെയ്യുകയാണ്‌. മോശം വാക്കുകൾ പറയാൻ കഴിയുമ്പോഴും നല്ല വാക്കുകൾ നിങ്ങൾ പറയുന്നുവെങ്കിൽ, നിങ്ങൾ ദാനം ചെയ്യുകയാണ്‌. മറ്റൊരാൾ നിങ്ങളോട്‌ ഒരബദ്ധമോ തെറ്റോ ചെയ്താൽ പ്രതികാരം ചെയ്യാൻ കഴിയുമ്പോഴും അയാളോട്‌ ക്ഷമിച്ചാൽ നിങ്ങൾ ദാനം ചെയ്യുകയാണ്‌. ഒറ്റയ്ക്ക്‌ വിഷമിച്ചിരിക്കുന്നു എന്ന് തോന്നുന്നവരോട്‌ നല്ല വാക്കുകൾ പറഞ്ഞ്‌ നിങ്ങൾ കൂട്ടിരുന്ന് അവർക്ക്‌ ആശ്വാസമാകുമെങ്കിൽ നിങ്ങൾ ദാനം ചെയ്യുകയാണ്‌. ദാനം പണത്തെ കുറിച്ച്‌ മാത്രമെന്നത്‌ വെറും തെറ്റായ ധാരണയാണ്‌. അതിനാൽ, ദാനം ചെയ്യുക.  നിങ്ങൾ ദരിദ്രരല്ലെന്ന് തിരിച്ചറിയുക.

ചില "ധനികർ" സത്യത്തിൽ കൊടും ദാരിദ്ര്യത്തിലാണ്‌. അവരുടെ കയ്യിൽ ആകെയുള്ളത്‌ പണം മാത്രമാണ്,‌ എന്ന പ്രശസ്തവരികൾ കൂടി ചേർക്കുന്നു.