വഴുതനങ്ങയെ പറ്റി ഒരു കഥയുണ്ട്.
ഒരിക്കൽ ഒരു രാജാവ് ഒരുപാട് നാളത്തെ യുദ്ധം കഴിഞ്ഞു കൊട്ടാരത്തിൽ വന്നപ്പോൾ ഊണിന് വഴുതനങ്ങ ഉപ്പേരിയും ഉണ്ടായിരുന്നു. രാജാവിന് അത് വലിയ ഇഷ്ടമായി.
"ഈ വഴുതനങ്ങ എന്ത് സ്വാദാണ്" എന്ന് രാജാവ് അത്ഭുതപ്പെട്ടു.
"അതെ, വഴുതനങ്ങ വിശിഷ്ടമായ ഒരു വിഭവം തന്നെയാണ്" എന്ന് തൊട്ടടുത്തിരുന്ന മന്ത്രി സമ്മതിച്ചു.
"വഴുതനങ്ങ ആരോഗ്യത്തിനു വളരെ നല്ലതല്ലേ" എന്നാരാഞ്ഞു രാജാവ്
"തീർച്ചയായും, വഴുതനങ്ങയിൽ ഒരുപാട് പോഷകങ്ങൾ ഉണ്ട് " എന്ന് മന്ത്രി ഉത്തരമേകി
"എനിക്ക് ഊണിന് എന്നും വഴുതനങ്ങ വേണം" എന്ന് രാജാവ് കല്പ്പിച്ചു.
"എനിക്കും.. " എന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അങ്ങനെ ദിവസവും വഴുതനങ്ങ കൂട്ടി രാജാവിന് മടുത്തു.
ഒരു ദിവസം,
"ഇതെന്താണ്, ഇന്നും ഈ വൃത്തികെട്ട വഴുതനങ്ങയോ?" എന്ന് രാജാവ് കോപിച്ചു.
"ഇതിലും ഭേദം പട്ടിണിയാണ്" എന്ന് മന്ത്രി സമ്മതിച്ചു
"ഇത് വായിൽ വെക്കാൻ കൊള്ളില്ലല്ലോ" എന്നായി രാജാവ്
"അല്ലെങ്കിലും വഴുതനങ്ങ ഒരു സ്വാദില്ലാത്ത കറിയാണ്" എന്ന് കൂടെ മന്ത്രിയും
"എനിക്ക് ഇനി ഒരിക്കലും വഴുതനങ്ങ വേണ്ട" എന്ന് രാജാവ് കല്പ്പിച്ചു
"വഴുതനങ്ങ ഈ കൊട്ടാരത്തിൽ കയറ്റിപ്പോകരുത്" എന്ന് മന്ത്രിയും.
...
ഒരു നിമിഷം കഴിഞ്ഞ് ഒന്ന് ദേഷ്യം കുറഞ്ഞപ്പോൾ രാജാവ് മന്ത്രിയോട് ചോദിച്ചു.
"അന്ന് ഞാൻ വഴുതനങ്ങ നല്ലതാണെന്നു പറഞ്ഞപ്പോൾ നിങ്ങൾ അതിനെ പുകഴ്ത്തിയതാണല്ലോ, എന്നിട്ടെന്താണ് ഇപ്പോൾ അഭിപ്രായം മാറ്റിയത്'"
മന്ത്രി പറഞ്ഞു,
"ഞാൻ അങ്ങയുടെ മന്ത്രിയാണ്; വഴുതനങ്ങയുടെയല്ല...!"
(കടപ്പാട് ഉണ്ട് )