കാശിരാജാവായ ബ്രഹ്മദത്തന്റെ നാലു പുത്രന്മാർക്കും പ്ലാശുമരം കാണാൻ പൂതിയായി. ദൂരെ ഹിമാലയ പ്രാന്തങ്ങളിലാണ് അതുള്ളത്.
എല്ലാവർക്കും ഒരേ സമയം കൊട്ടാരത്തിൽനിന്ന് വിട്ടുനിൽക്കാനുമാകില്ല. ഓരോരുത്തരായി പോകാം എന്നായി.
ആദ്യ ഊഴക്കാരനായ മൂത്ത രാജകുമാരൻ പ്ലാശുമരം കാണുമ്പോൾ മഞ്ഞുകാലമായിരുന്നു. ഇലകളത്രയും കൊഴിഞ്ഞ് ഹിമത്താൽ മൂടി വെളുത്ത മിന്നൽചില്ലകൾ വാനിലേക്കെറിഞ്ഞ് നിൽക്കുന്ന പ്ലാശ് വൃക്ഷത്തിന്റെ ധവളസൌന്ദര്യത്തിൽ മധ്യവയസ്കനായ അയാൾ മുഴുകിപ്പോയി.
രണ്ടാമൂഴക്കാരനായ രാജകുമാരൻ ഹിമാലയത്തിനു താഴെയെത്തിയപ്പോൾ പ്ലാശ് തളിർത്ത് ഇലകളാൽ സമൃദ്ധമായിരുന്നു. തെളിഞ്ഞ ആകാശത്തിനു താഴെ തിളങ്ങുന്ന പച്ചയുടെ സമൃദ്ധികണ്ട് അയാൾക്ക് തലച്ചോറിൽ ലഹരി കയറി.
യുവാവായ മൂന്നാമൻ എത്തിയപ്പോഴേക്കും രക്തവർണമുള്ള പൂക്കൾ ചൂടി മരം ജ്വലിച്ചുനിൽക്കുന്നു. ഹിമാലയത്തിൻ്റെ മെയ്യിൽ ചുവപ്പിന്റെ ആഘോഷം. അയാളുടെ യുവരക്തം തുടുത്തു.
ഇളയവൻ വരുമ്പോൾ പ്ലാശിലാകെ കനികൾ പഴുത്തുനിൽക്കുന്നു. സ്വർണവർണം വെള്ളിവെയിലിനോട് മത്സരിക്കുന്ന വിസ്മയക്കാഴ്ചയിൽ അവൻ പ്രണയാതുരനായി.
എല്ലാരും കണ്ടുകഴിഞ്ഞപ്പോൾ രാജാവ് ചോദിച്ചു, "എങ്ങനെയുണ്ട് പ്ലാശ്?"
"അച്ഛാ, അത് നിത്യമായ ശാന്തതയെയും ശമത്തെയും ഓർമിപ്പിക്കുന്ന ശ്വേതം". മൂത്തവൻ പറഞ്ഞു.
"അല്ല, ജീവിതത്തിന്റെ സജീവതയെ കുറിക്കുന്ന ഹരിതസാന്ത്വനം". എന്ന് രണ്ടാമൻ
"അങ്ങനെയല്ല, ആവേശത്തിന്റെ തീവ്രസൌന്ദര്യം വമിക്കുന്ന പോരാട്ടച്ചുവപ്പ്" എന്നായി മൂന്നാമൻ
"ഞാനല്ലേ അവസാനം കണ്ടത്, ഉദാത്ത പ്രണയത്തിന്റെ സാഫല്യത്തെ എഴുതുന്ന സ്വർണമഞ്ഞയാണ് പ്ലാശ്"
രാജാവ് ചിരിച്ചു:
"എല്ലാം ഒന്നുതന്നെ എന്നതാണ് സത്യം.
()
പുതുമൊഴി: ജമീൽ അഹ്മദ്