മെന്‍ഷ്യസ്

ബി.സി നാലാം നൂറ്റാണ്ടില്‍ ചൈനയില്‍ ജീവിച്ചിരുന്ന അസാധാരണ പണ്ഡിതനും തത്ത്വജ്ഞാനിയുമാണ് മെന്‍ഷ്യസ് പ്രസിദ്ധ ചൈനീസ് ചിന്തകനായ കണ്‍ഫ്യൂഷ്യസിന്റെ പഠനങ്ങള്‍ പിന്‍തലമുറകള്‍ക്കു പകര്‍ന്നുകൊടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ളയാളാണ് അദ്ദേഹം.
മെന്‍ഷ്യസിന് എപ്പോഴും ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു. ശിഷ്യരില്‍ പ്രധാനിയായിരുന്ന കുങ്്-ടു ഒരിക്കല്‍ അദ്ദേഹത്തോടു ചോദിച്ചു: "എല്ലാവരും തുല്യമായ രീതിയില്‍ മനുഷ്യരാണല്ലോ. എന്നാല്‍ ചിലര്‍ വലിയവരായിത്തീരുന്നു. മറ്റു ചിലരാകട്ടെ ചെറിയവരായി കഴിയുന്നു. ഇതിന്റെ കാരണമെന്താണ്?''
തെല്ലുനേരം ആലോചനയില്‍ മുഴുകിയിരുന്നശേഷം മെന്‍ഷ്യസ് പറഞ്ഞു:
“ആര് തങ്ങളിലെ ഉദാത്തമായ സ്വഭാവരീതികളും കഴിവുകളും വളര്‍ത്തിയെടുക്കുന്നുവോ അവര്‍ വലിയ മനുഷ്യരായി മാറുന്നു. എന്നാല്‍, ആര് തങ്ങളുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കുന്നുവോ അവര്‍ ചെറിയ മനുഷ്യരായി തുടരുന്നു.''
തന്റെ മറുപടിയുടെ തുടര്‍ച്ച എന്നവണ്ണം മെന്‍ഷ്യസ് വീണ്ടും പറഞ്ഞു:
"ഓരോരുത്തരും തങ്ങളുടെ ജീവിതത്തിലെ ശ്രേഷ്ഠവും മാന്യവുമായ ഘടകങ്ങള്‍ ഏവയാണെന്നു മനസിലാക്കി അവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു ജീവിക്കട്ടെ. അങ്ങനെ ചെയ്താല്‍ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ ജീവിതത്തിന്റ ശോഭ കെടുത്തിക്കളയില്ല."