ഒരു അക്രമിയായ രാജാവിൻറെ കഥയാണ്. സ്വതന്ത്രരായ ജനങ്ങളെ ബലാൽക്കാരമായി പിടിച്ച് അടിമകളാക്കി.മരിക്കുംവരെ പണിയെടുപ്പിക്കുന്ന ദുഷ്ടനായ രാജാവ്. രാജാവ് അക്രമിയായതിനു പുറമെ മഹാ കുതന്ത്രശാലിയുമാണ്. അടിമകളെ പിടിച്ചാൽ അവരെ വിവിധ കക്ഷികൾ ആക്കി ഭിന്നിപ്പിക്കാൻ രാജാവ് ചില സൂത്രങ്ങൾ ചെയ്യും.
കാരണം അടിമകളുടെ ഐക്യത്തെ രാജാവ് വല്ലാതെ ഭയന്നിരുന്നു. അടിമത്തത്തിന് ചിഹ്നമായി അവരുടെ കഴുത്തിൽ അണിയുന്ന കയറുകൾക്ക് വിവിധ നിറങ്ങൾ നൽകും. പിന്നെ അടിമകൾ അറിയപ്പെടുന്നത് നിറങ്ങളുടെ പേരിലാണ്. പച്ച നിറക്കാരായ.. ചുവപ്പു നിറക്കാരായ... നീല നിറക്കാരായ അടിമകൾ. തങ്ങൾ സ്വതന്ത്രർ ആയിരുന്നു എന്നും.... തങ്ങൾക്ക് വേണ്ടത് സ്വാതന്ത്ര്യം ആണെന്നും മനസ്സിലാക്കി ഐക്യത്തോടെ നില കൊണ്ടാൽ തന്നെ കഴുത്തിലെ അടിമത്വം അവർക്ക് പൊട്ടിച്ചെറിയാൻ സാധിക്കും. എന്നാൽ വിവിധ നിറത്തിലുള്ള അടിമകൾ ഐക്യത്തെക്കുറിച്ച് ചിന്തിക്കുന്നേയില്ല. തനിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാതിരിക്കാൻ രാജാവ് അവരെ തമ്മിൽ തല്ലിച്ചുകൊണ്ടേയിരുന്നു.
എല്ലാ അടിമകളും സാധുക്കൾ ആയിരുന്നു. വിശാലതയുടെയും സംയമനത്തിൻറെയും ആളുകൾ. സൗഹൃദത്തെക്കുറിച്ചും ഏകതയെ കുറിച്ചും നിരന്തരം പറയുന്നവർ. പക്ഷെ ഈ വിശാലതയും സംയമനവും ഒന്നും തന്റെ എതിർ നിറക്കാരായ അടിമകളോട് തമ്മിലടിക്കുമ്പോൾ ഉണ്ടായിരുന്നില്ല. അപ്പോൾ അവർ അസഭ്യം പറയും.. എതിർ ഗ്രൂപ്പിൽപെട്ട അടിമകളെ രാജാവിന് ഒറ്റു കൊടുക്കും.. രാജാവിൻറെ അടുക്കൽ നിന്നും എന്തെങ്കിലും ഉച്ചിഷ്ടങ്ങൾ വാങ്ങി അഭിമാനം കൊള്ളും. ഇങ്ങനെ കലഹിച്ച ഊർജ്ജം എല്ലാം വറ്റി ഇവർ ജീവച്ഛവങ്ങളായി മാറി.
രാജാവ് ഇവരെയെല്ലാം കൊന്നുകളയാൻ തീരുമാനിച്ചു. അതിനു രാജാവ് കണ്ടെത്തിയ സൂത്രം ഭയങ്കരമാണ്. രാജാവ് പറഞ്ഞു :" നിങ്ങളെ ഞാൻ തൂക്കിക്കൊല്ലാൻ പോവുകയാണ്. നിങ്ങൾ വ്യത്യസ്ത നിറത്തിലുള്ള കക്ഷികളാണ് എന്ന് എനിക്കറിയാം. പക്ഷേ ഏതെങ്കിലുമൊരു കക്ഷിയുടെ നിറത്തിലെ ഞാൻ നിങ്ങളെ എല്ലാവരെയും തൂക്കുകയുള്ളൂ. ഏതു നിറം വേണമെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം.
കഴുത്തിലെ അനൈക്യത്തിന്റേ അടിമ കയർ ഇതിനോടകം തന്നെ അഭിമാനമായി മാറിയ അവർ തൂക്കിലേറ്റാൻ വേണ്ടി തങ്ങളുടെ നിറം തന്നെ വേണ്ടത് എന്ന് പറഞ്ഞ് കലഹിച്ചു തമ്മിലടിച്ചു. അവർ തന്നെ പരസ്പരം കൊന്നു തീർത്തു.