ജനങ്ങൾ നാല് തരക്കാരാണെന്ന് ശൈഖ് അബ്ദുൽ ഖാദിറുൽ ജീലാനി.
ഒന്നാമത്തെ കൂട്ടർ നാക്കും ബോധവുമില്ലാത്തവർ.
പരിമിതമായ സ്വന്തം ഇഷ്ടങ്ങൾ, അതിനൊത്തുള്ള ജീവിതം. അധികം ചിന്തിക്കാനൊന്നും മെനക്കെടില്ല, വലിയ വർത്തമാനങ്ങൾക്കും പോകില്ല.
അതേസമയം ഇക്കൂട്ടരിൽ പ്രതീക്ഷക്ക് വകയുണ്ട്. ഇവരെ ഉൽബോധിപ്പിക്കുന്നത് പ്രയോജനം ചെയ്തേക്കാം.
രണ്ടാമത്തെ കൂട്ടർ നാക്കുള്ളവരും ബോധമില്ലാത്തവരുമാണ്.
ജനങ്ങൾക്ക് വലിയ ഉപദേശങ്ങളും ഉൽബോധനങ്ങളും മതവിദ്യാഭ്യാസവുമൊക്കെ നൽകുന്ന മതപണ്ഡിതന്മാരും വാഗ്മികളും ഇക്കൂട്ടത്തിൽപ്പെടുന്നു. വലിയ വർത്തമാനങ്ങൾ പറയും, ജീവിതത്തിൽ അതിന്റെ പ്രയോഗത്തെ അവഗണിക്കുകയും ചെയ്യും.
പൊതുവെ സുഖജീവിതം നയിക്കുന്നവരാണിവർ.
മൂന്നാമത്തെ കൂട്ടർക്ക് ബോധമുണ്ട്, എന്നാൽ നാക്കില്ല.
ഇവർ ശരിയായ വിശ്വാസത്തിൽ ദൃഢതയുള്ളവരാണെന്ന് ശൈഖ് ജീലാനി വിലയിരുത്തുന്നു. സൂക്ഷ്മവും വിശുദ്ധവുമായ ജീവിതം. സ്വന്തം വീഴ്ചകൾ മനസ്സിലാക്കി സ്വയം ശുദ്ധീകരിക്കും, ശരിയായി ഇടപെടുകയും ചെയ്യും. എന്നാൽ തങ്ങളുടെ പരിമിതികളെപ്പറ്റി ബോധമുള്ളതിനാൽവലിയ വർത്തമാനങ്ങൾക്കൊന്നും പോകില്ല.
നാക്കും ബോധവും പ്രവർത്തനക്ഷമമായിരിക്കുന്ന നാലാമത്തെ കൂട്ടർ.
പ്രവാചകന്മാരുടെ അനന്തരഗാമികൾ അവരാണ്. ശരിയായ ജ്ഞാനമുള്ളതോടൊപ്പം സത്യത്തിലും വിശുദ്ധിയിലും ചരിക്കുകയും ചെയ്യുന്നു.
വർത്തമാനങ്ങൾ പറയുകയും ഉൽബോധനങ്ങൾ നടത്തുകയും ചെയ്യും. എന്നാൽ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം തീരെ കുറഞ്ഞിരിക്കും. ഉപദേശികളായ പണ്ഡിതന്മാരെപ്പോലെ ശല്യക്കാരല്ല.
മഹത്വത്തിൽ പ്രവാചകന്മാരുടെ തൊട്ടടുത്ത് നിൽക്കുന്നത് ഇവരാണെന്നും ശൈഖ് ജീലാനി.