ഒരിക്കല്‍, കിസ്റാ രാജാവായിരുന്ന അനോഷിര്‍വാന്‍ തന്റെ മന്ത്രി
ബുസര്‍ജംഹിര്‍ ബിന്‍ ബുഖ്തഖാനെ തടവിലാക്കി. യുക്തിചിന്തയില്‍ പ്രസിദ്ധനായ
മന്ത്രിയെ ഖബറിന് സമാനമായ ഇരുട്ടു നിറഞ്ഞ കുടുസ്സുമുറിയില്‍ ഇരുമ്പു ചങ്ങല
കൊണ്ടായിരുന്നു ബന്ധിച്ചിരുന്നത്. ധരിക്കാന്‍ പരുക്കനായ പരുത്തി
വസത്രങ്ങള്‍ മാത്രം നല്കി. ദിനേന രണ്ട് കഷ്ണത്തിലധികം ബാര്‍ലി
റൊട്ടിയല്ലാതെ മറ്റൊന്നും നല്‍കരുത്, ഒരു കൈവെള്ളയിലൊതുങ്ങും വിധം
കല്ലുപ്പ് നല്‍കുക, പൊടിക്കാത്ത ധാന്യം മാത്രം കൊടുക്കുക, ഒരുകപ്പ് വെള്ളം
മാത്രം ലഭ്യമാക്കുക, അയാള്‍ പറയുന്ന സംസാരങ്ങള്‍ എണ്ണിക്കണക്കാക്കി
രാജാവിലേക്ക് എത്തിക്കുക തുടങ്ങിയവയായിരുന്നു രാജാവിന്റെ കല്പനകള്.
അങ്ങനെ യാതൊരു വിധ സംസാരവും കേള്‍ക്കാന്‍ സാധിക്കാതെ മാസങ്ങളോളം
ബുസര്‍ജംഹിര്‍ ജയിലില്‍ കഴിഞ്ഞു. അതിനിടെ രാജാവ് പറഞ്ഞു : 'അദ്ദേഹത്തിന്റെ
കൂട്ടുകാരെ അയാളുടെ അടുത്തേക്ക് അയക്കുക. അദ്ദേഹത്തോട് സ്വതന്ത്രമായി
കാര്യങ്ങള്‍ ആരായാനുള്ള അവസരം അനുയായികള്‍ക്ക് ഒരുക്കിക്കൊടുക്കുക. ആ
സംസാരം മുഴുവന്‍ ശ്രവിച്ച് തനിക്ക് പറഞ്ഞു തരിക. എന്നെക്കുറിച്ച് അയാളോട്
പറയുക.' അപ്രകാരം മന്ത്രിയുടെ അനുയായികള്‍ ജയിലിനകത്ത് കയറി അദ്ദേഹത്തോട്
പറഞ്ഞു : അല്ലയോ നമ്മുടെ പ്രിയ തത്വചിന്തകനായ നേതാവേ.... അങ്ങ് ഈ ജയിലില്‍
അനുഭവിക്കുന്ന ഇടുക്കവും ബന്ധനവും ധരിക്കുന്ന വസ്ത്രത്തിന്റെ പരുക്കന്‍
രൂപവും ജയില്‍ വാസത്തിന്റെ കാഠിന്യവുമെല്ലാം നമ്മള് കാണുന്നു. അതോടൊപ്പം
തന്നെ താങ്ങളുടെ മുഖത്തെ തിളക്കവും ശരീരത്തിന്റെ ആരോഗ്യവും പഴയപടി
മാറ്റമില്ലാതെയും കാണുന്നു. അതിനുള്ള കാരണം ഒന്ന് വിവരിക്കാമോ ? അപ്പോള്‍
അദ്ദേഹം പറഞ്ഞു : എനിക്ക് കിട്ടിയ പൊടിക്കാത്ത ഗോതമ്പ് മാവിനെ ഞാന്‍ ആറ്
മിശ്രിതങ്ങളാക്കി മാറ്റി. അതില്‍ നിന്നും ദിനേന അല്പാല്പം ഞാന്‍ എടുത്തു
സേവിക്കുന്നതിനാലാണ് നിങ്ങള്‍ കാണുന്ന രൂപത്തില്‍ എന്റെ ആരോഗ്യം
നിലനില്‍ക്കുന്നത്. അപ്പോള്‍ അനുയായികള്‍ പറഞ്ഞു : ആ രീതി നമുക്ക് വേണ്ടി
വിവരിച്ചു തരിക. അഥവാ നമ്മളിലാരെങ്കിലും താങ്കളെപ്പോലെ ഇത്തരം അവസ്ഥ തരണം
ചെയ്യേണ്ടതായി വന്നാല്‍ ആ രീതി പ്രയോഗിക്കാമല്ലോ. അപ്പോള്‍ അദ്ദേഹം മറുപടി
നല്കി : ആദ്യത്തെ മിശ്രിതം 'ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം'
ചേര്‍ത്തതാണ്. 'എല്ലാ വിധിയും നേരത്തെ കുറിക്കപ്പെട്ടതാണ് ' എന്ന എന്റെ
അറിവാണ് രണ്ടാമത്തെ മിശ്രിതം. പരീക്ഷിക്കപ്പെടുന്നവനു മുന്നിലുള്ള മികച്ച
വഴിയായ 'ക്ഷമ' യാണ് മൂന്നാമത്തേത്. 'ക്ഷമ കൈക്കൊണ്ടില്ലെങ്കില്‍ ഞാനെന്തു
ചെയ്യും' എന്ന ചിന്തയാണ് നാലാമത്തേത്. 'എനിക്ക് ബാധിച്ചത് മറ്റുള്ളവരെ
അപേക്ഷിച്ച് വളരെ ചെറുതാണ് ' എന്ന വിചാരമാണ് അഞ്ചാമതായി ഞാന്‍ ചേര്‍ത്തത്.
'എല്ലാ ദുഖത്തിനും ഒരു സന്തോഷകരമായ അന്ത്യമുണ്ടാവുമെന്ന' ഉറപ്പാണ് ആറാമത്തെ
മിശ്രിതം. ഭക്ഷണത്തോടൊപ്പം ഈ മിശ്രിതങ്ങളും അകത്ത് ചെല്ലുന്നതിനാല്‍ ഞാന്‍
ആരോഗ്യവാനായിരിക്കുന്നു. നിങ്ങളെന്നെ സുസ്മേരവദനനായി കാണുന്നതിന്റെ
കാരണവും അതുതന്നെ.