ഒരു സ്ഫടിക ഭരണി നാരങ്ങയിട്ട് നിറച്ചതിനു ശേഷം ഗുരു ചോദിച്ചു; ‘ഇനി ഇതിൽ വല്ലതും നിറയ്ക്കാമോ?’ ‘ഇല്ല,ഇനിയതിൽ ഒന്നിനുമുള്ള സ്ഥലമില്ല’-ശിഷ്യർ പറഞ്ഞു. ഗുരു കുറച്ച് നെല്ലിക്കകൾ കൂടി അതിലേക്കിട്ടു, പിന്നെയും ചോദിച്ചു; ‘ഇനി വല്ലതും നിറയ്ക്കാനാകുമോ?’ ‘ഒരിക്കലുമില്ല’ ഗുരു കുറേ കടുക് മണികൾ കൂടി ഭരണിയിലേക്കിട്ടു. അവസാനം ഒരു കപ്പ് വെള്ളവുമൊഴിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞുകൊടുത്തു; ‘മക്കളേ,ഈ വസ്തുക്കളെല്ലാം ഒന്നിച്ച് ഒരേ സമയം ഭരണിയിലേക്കിട്ടിരുന്നുവെങ്കിൽ പലതും പുറത്തേക്ക് വീണിരിക്കും. എന്നാൽ കൂട്ടത്തിൽ വലുപ്പമേറിയ നാരങ്ങ ആദ്യമിട്ടു, പിന്നെയുള്ള സ്ഥലത്ത് നെല്ലിക്കയും ബാക്കിയിടത്ത് കടുകുമണികളും ഒടുക്കമുള്ള വിടവുകളിൽ വെള്ളവും നിറച്ചപ്പോൾ എല്ലാം ഭരണിയിൽ നിറയ്ക്കാൻ കഴിഞ്ഞു. സമയത്തെക്കുറിച്ചുള്ള ചിന്തയാണ് നിങ്ങളുടെ മനസ്സിലുണ്ടാകേണ്ടത്. കുറേ കാര്യങ്ങൾ ചെയ്യാനുണ്ടെങ്കിൽ എല്ലാം വാരിവലിച്ച് ചെയ്യുന്നതിനു പകരം ഓരോന്നിന്റെയും പ്രാധാന്യത്തിനനുസരിച്ച് ചെയ്യാൻ ശ്രമിച്ചാൽ എല്ലാം ചെയ്തുതീർക്കാൻ കഴിയും. അല്ലെങ്കിൽ ചിലത് അപൂർണമാകും; മറ്റുചിലത് തീരെ ചെയ്യാനാകാതെയും വരും..’